ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷും കേരള ഗവർണറുടെ സെക്രട്ടറി പി. ശ്രീകുമാറും ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു. ഈ മാസം നാലിന് രാത്രി 7.30നായിരുന്നു ഇരുവരുടെയും ക്ഷേത്രദർശനം.
ക്ഷേത്രം പ്രസിഡന്റ് ഡോ. രാംദാസിന്റെ നേതൃത്വത്തിൽ ക്ഷേത്ര ഭാരവാഹികളും നൂറുകണക്കിന് ഭക്തജനങ്ങളും ചേർന്ന് ഇരുവർക്കും സ്വീകരണം നൽകി. ചടങ്ങിൽ ഹരി ശിവരാമൻ അതിഥികളെ സദസിന് പരിചയപ്പെടുത്തി.
തുടർന്ന് പുഷ്പഹാരവും പൊന്നാടയും അണിയിച്ച് വിശിഷ്ടാതിഥികളെ ആദരിച്ചു. സന്ദർശനവേളയിൽ ക്ഷേത്രത്തിന്റെ ആത്മീയ, സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് ഭാരവാഹികൾ അതിഥികൾക്ക് വിശദീകരിച്ചു.
പ്രവാസി മലയാളികൾ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിദേശത്തും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ വി.വി. രാജേഷും പി. ശ്രീകുമാറും അഭിനന്ദിച്ചു. ക്ഷേത്രദർശനത്തിനും സ്വീകരണച്ചടങ്ങിനും ശേഷം ഇരുവരും ക്ഷേത്ര ഭാരവാഹികളുമായും ഭക്തജനങ്ങളുമായും സൗഹൃദസംഭാഷണം നടത്തി.
ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന വി.വി. രാജേഷ് സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും തിരുവനന്തപുരത്ത് നടന്നു വരുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
ക്ഷേത്രം വൈസ് പ്രസിഡന്റ് അജിത് നായർ നന്ദി രേഖപ്പെടുത്തിയതോടെ സ്വീകരണച്ചടങ്ങ് സമാപിച്ചു.