ഇരിങ്ങാലക്കുട: ഒരു കാലത്ത് വിദേശനാണ്യം കേരളത്തിന്റെ സമ്പത്തായിരുന്നുവെന്നും ഇന്നു കേരളത്തിൽനിന്നുള്ള പണം മറ്റു സംസ്ഥാനങ്ങളിലേക്കു പോകുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പി.വി. പൗലോസ് മാസ്റ്റര്‍ സ്മൃതി സമിതിയും ഇക്കണോമിക്സ് -കോമേഴ്സ് മാനേജ്മെന്റ് നെറ്റ്വര്ക്കും ചേര്‍ന്നുനടത്തിയ അനുസ്മരണസമ്മേളനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നേരത്തെ നമ്മുടെ ആളുകള്‍ യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് നാടുകളിലും പോയി ജോലിചെയ്തു പണമുണ്ടാക്കി അവിടുത്തെ പണം ഇങ്ങോട്ട് അയച്ചിരുന്നപ്പോഴാണ് കേരളം പുരോഗമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകള്‍ ഇവിടെവന്നു ജോലിചെയ്ത് പണം അങ്ങോട്ട് അയയ്ക്കുകയാണ്.
ഈ തൊഴിലാളികളില്ലാതെ കേരളം ചലിക്കില്ലെന്ന അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു. അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.
പി.വി. പൗലോസ് മാസ്റ്റര്‍ സ്മൃതി സമിതിയും ഇക്കണോമിക്സ്- കോമേഴ്സ് മാനേജ്മെന്റ് നെറ്റ്വര്ക്കും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സാമൂഹ്യശ്രീ പുരസ്കാരം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമര്‍പ്പിച്ചു.
അവാർഡ് തുകയായ 40,001 രൂപ സ്വന്തം മണ്ഡലമായ ഹരിപ്പാട്ട് മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി താൻ നടത്തുന്ന സബര്‍മതി സ്കൂളിനു നല്‍കുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമശ്രീ പുരസ്കാരം ദീപിക സീനിയര്‍ സബ് എഡിറ്റര്‍ സെബി മാളിയേക്കൽ, മലയാള മനോരമ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എ. ജീവന്‍കുമാര്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു.
നഗരസഭ ചെയര്മാന് എം.പി. ജാക്സൺ, സ്മൃതി സമിതി പ്രസിഡന്റ് ഡോ. ജസ്റ്റിന് പോള്‍ അവിട്ടപ്പിള്ളി, ജനറല്‍ സെക്രട്ടറി പ്രഫ. സന്തോഷ് പോൾ, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.