കോട്ടയം: ബിജെപി തെരഞ്ഞെടുപ്പു ഫണ്ടുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ മലക്കം മറിഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി കേന്ദ്ര നേതൃത്വം നല്കിയ നാലരക്കോടി രൂപ പ്രാദേശിക നേതാക്കള്‍ തട്ടിയെടുത്തതായാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. എന്നാല്‍ ഇതു വിവാദമായതോടെ ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ചു തിരുത്തി.
കഴിഞ്ഞ മാസം എരുമേലിയില്‍ നടന്ന പ്രസംഗത്തിലാണ് പി.സി. ജോര്‍ജ് ഫണ്ട് തട്ടിപ്പിനെക്കു റിച്ചു പരാമര്‍ശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കോടി രൂപ ബിജെപി നേതൃത്വം നല്‍കിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും ജോര്‍ജ് വെളിപ്പെടുത്തി.
ബിജെപി നേതാവ് സജി കൂരിയാടാണ് പണം കൈകാര്യം ചെയ്തത്. നാലു കോടി 45 ലക്ഷം രൂപ ചെലവായെന്നു കാണിച്ച് തെഞ്ഞെടുപ്പിനുശേഷം കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാല്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നാണക്കേട് ഉണ്ടാകുമെന്നും ജോര്‍ജ് പരിഹസിച്ചു. ഒരു ബൂത്തില്‍ 31,000 രൂപ കൊടുക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെപ്പോയെന്ന് അറിയില്ല.
ബിജെപി പണം ഉപയോഗിച്ച് എല്ലാവരും പുതിയ കാര്‍ വാങ്ങിക്കുകയാണ്. ഇത്തരത്തില്‍ മേടിച്ചാല്‍ കാര്‍ ഇടിച്ചു പോകുമെന്നും ജോര്‍ജ് പറഞ്ഞു.
ഈ പരാമര്‍ശം വിവാദമായതോടെ ആരും ഒരു പൈസ പോലും തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് മോഷ്ടിച്ചിട്ടില്ലെന്ന് ജോര്‍ജ് മാറ്റിപ്പറഞ്ഞു. എരുമേലിയില്‍ താന്‍ പറഞ്ഞത് തെറ്റായ കണക്കുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ജോര്‍ജ് പറഞ്ഞു.
ഒരു നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപയാണ്. എന്നാല്‍ തനിക്ക് അത്ര ചെലവായിട്ടില്ല. സജി കുരിയാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് വിരമിച്ച അധ്യാപകനാണ്. അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല. ഇതാണ് സത്യം.
എരുമേലിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും പി.സി.ജോര്‍ജ് പറഞ്ഞു. ബിജെപി വിടുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ക്രൈസ്തവ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതാണ് തന്റെ തോല്‍വിക്കു കാരണമായതെന്നും ജോര്‍ജ് പറഞ്ഞു.
താന്‍ യുഡിഎഫിലെ ഒരു ഘടകക്ഷി നേതാവുമായി ബന്ധപ്പെട്ടെന്ന ആരോപണം ഉന്നയിച്ച മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും പി.സി. ജോര്‍ജ് വിമര് ശിച്ചു.