ന്യൂഡൽഹി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പിൻവലിക്കൽ, ക്ലെയിം തീർപ്പാക്കൽ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ കൂടുതൽ ലളിതമാക്കാൻ ഇപിഎഫ്ഒ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. വിരമിക്കൽ കാലത്തേക്കുള്ള സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിനൊപ്പം അടിയന്തര ആവശ്യങ്ങൾക്കു പണം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.
പ്രധാന മാറ്റങ്ങൾ
പെൻഷൻ പിൻവലിക്കൽ: ജോലി ഉപേക്ഷിച്ചശേഷം അന്തിമ പെൻഷൻ ആനുകൂല്യം പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധി രണ്ടു മാസത്തിൽനിന്ന് 36 മാസമായി (മൂന്നു വർഷം) ഉയർത്തി.
വേതനപരിധി: ജീവനക്കാരുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതം 12 ശതമാനമായി തുടരും. പഴയ 15,000 രൂപയ്ക്കു പകരം കേന്ദ്രസർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്ന തുകയായിരിക്കും ഇനി വേതനപരിധി. (വേതനപരിധി 25,000 രൂപയാക്കി ഉയർത്തിയെന്ന പ്രചാരണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമില്ല).
ഭാഗിക പിൻവലിക്കൽ: മുന്‍പുണ്ടായിരുന്ന 13 വ്യവസ്ഥകൾ ലളിതമാക്കി മൂന്നു വിഭാഗങ്ങളാക്കി (അടിയന്തരം, കുടുംബ/ഭവന ആവശ്യങ്ങൾ, പ്രത്യേക സാഹചര്യങ്ങൾ). ഭാഗികമായി തുക പിൻവലിക്കാൻ കുറഞ്ഞത് 12 മാസത്തെ അംഗത്വം മതിയാകും.
75% വരെ പിൻവലിക്കാം: അക്കൗണ്ടിലുള്ള തുകയുടെ 75% വരെ ഭാഗികമായി പിൻവലിക്കാം; ബാക്കി 25% അക്കൗണ്ടിൽ നിലനിർത്തണം. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പത്തു തവണയും വിവാഹത്തിന് അഞ്ചു തവണയും തുക പിൻവലിക്കാം.
ഒരു ജോലി നഷ്ടപ്പെട്ടശേഷം പൂർണ പിഎഫ് തുകയും പിൻവലിക്കാൻ 12 മാസം തൊഴിൽരഹിതനായി തുടരണം (മുമ്പിത് രണ്ടു മാസമായിരുന്നു).
ഡിജിറ്റൽ നോമിനേഷൻ: ഓൺലൈൻ നോമിനേഷന് കൂടുതൽ പ്രാധാന്യം നൽകി. ജീവനക്കാർക്ക് ഓഫീസുകൾ കയറിയിറങ്ങാതെതന്നെ നോമിനി വിവരങ്ങൾ മാറ്റാനും പുതുക്കാനും സാധിക്കും.