തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വേർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 22ന് നടക്കും.
തന്പാനൂർ ഹോട്ടൽ ചൈത്രത്തിൽ രാത്രി 730ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണ്‍ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ലക്ഷദ്വീപ് ആദ്യയാത്രയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാർക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ഉപഹാരവും സമ്മാനിക്കും.
സോഫ്റ്റ്വേർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകൾ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയിൽവേക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിംഗ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം. ചടങ്ങിൽ തന്പാനൂർ വാർഡ് കൗണ്‍സിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഹൈദരാബാദിൽ മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കുന്ന തരത്തിൽ രണ്ട് പാക്കേജുകളാണ് യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
മൂന്ന് പകലും രണ്ട് രാത്രിയുമുള്ള പാക്കേജിൽ നെഹ്റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻടിആർ ഗാർഡൻ, അംബേദ്കർ പ്രതിമ, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, രാമോജി ഫിലിം സിറ്റി, ഹൈടെക് സിറ്റി, ഗോൽകൊണ്ട കോട്ട, സലാർ ജംഗ് മ്യൂസിയം, ചൗമഹൽ പാലസ്, മെക്കാ മസ്ജിദ്, ചാർമിനാർ എന്നിവയാണ് സന്ദർശിക്കുന്നത്. രണ്ട് പകലും ഒരു രാത്രിയുമുള്ള രണ്ടാമത്തെ പാക്കേജിൽ ഗോൽകൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ചാർമിനാർ, മക്ക മസ്ജിദ്, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, ബിർള മന്ദിർ, രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് നാലാം ദിവസം രാവിലെ 10ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാ ക്രമീകരണം. ഒരു മുറിയിൽ മൂന്ന് പേർക്കാണ് താമസം നൽകുക. കൊച്ചിയിൽനിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യാത്രയ്ക്കുള്ള സീറ്റ് ഉറപ്പാക്കാൻ ബുക്കിംഗ് ദിവസം തന്നെ മുഴുവൻ തുകയും അടയ്ക്കണം. രണ്ട് വയസിനു മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ വിമാനനിരക്കും ബാധകമാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 7907273399, 9961228777.