ന്യൂഡൽഹി: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന്റെ ട്രെയിലറിന് അതിർത്തി കടന്നും വൻ വരവേൽപ്പ്. ഇന്ത്യൻ പ്രേക്ഷകർക്ക് പുറമേ പാകിസ്ഥാനിലെ പ്രമുഖ യൂട്യൂബർമാരും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരും ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തി. റൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവരുടെ പ്രകടനവും ചിത്രത്തിന്റെ ഗ്രാഫിക്സുമാണ് പാകിസ്ഥാൻ യൂട്യൂബർമാരെ ഏറെ ആകർഷിച്ചത്.
ചിത്രത്തിന്റെ വമ്പൻ ക്യാൻവാസും വിഷ്വൽ എഫക്റ്റുകളും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടു. "ഒരു പാകിസ്ഥാനി എന്ന നിലയിൽ പറയട്ടെ, ട്രെയിലർ കണ്ടതോടെ ഞാൻ വളരെ ആവേശത്തിലാണ്. ബോളിവുഡിന് ഇത്രയും വലിയ തുക എവിടെ നിന്നാണ് ലഭിക്കുന്നത്? വി.എഫ്.എക്സിനായി ഹോളിവുഡ് വിദഗ്ധരെയാണ് അവർ എത്തിച്ചിരിക്കുന്നത്," പാകിസ്ഥാൻ കണ്ടന്റ് ക്രിയേറ്ററായ മാവിയ ഉമർ ഫാറൂഖി പറഞ്ഞു. രാമനായി എത്തുന്ന റൺബീർ കപൂറിന്റെയും രാവണനായെത്തുന്ന യഷിന്റെയും എൻട്രി രംഗങ്ങൾ അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹസ്നാത് ഖാൻ എന്ന മറ്റൊരു യൂട്യൂബറും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെയും സിജിഐ വർക്കുകളെയും പ്രശംസിച്ചു. യഷിന്റെ രാവണൻ ലുക്ക് അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യൻ ഇതിഹാസ കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കായി ഏകദേശം 4,000 കോടിയോളം രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.