വടക്കഞ്ചേരി: അതിമനോഹരിയായിരിക്കുകയാണ് പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം. മഹാപ്രവാഹമായി പാലക്കുഴിമലയിൽനിന്നും പതിക്കുന്ന വെള്ളം പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറി ആർത്തലച്ച് മൂന്നു തട്ടുകളായി താഴെ പാലക്കുഴി ജലവൈദ്യുത പദ്ധതിയുടെ പവർഹൗസ് പ്രവർത്തിക്കുന്ന കൊന്നക്കൽകടവിലെത്തുന്നതു കാണാൻ സഞ്ചാരികളുടെ തിരക്കുകൂടിയിട്ടുണ്ട്.
തൂവെള്ളകണക്കേ തെളിഞ്ഞ വെള്ളമാണ് പാഞ്ഞൊഴുകുന്നത്. ദൂരക്കാഴ്ചയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ചന്തം. കയങ്ങളുള്ള തോടാണിത്. സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്.
ഇവിടുത്തെ സ്വകാര്യ തോട്ടങ്ങളിൽ റീപ്ലാന്റ് നടക്കുന്നതിനാൽ വലിയ റബർമരങ്ങളുടെ തടസങ്ങൾമാറി മുമ്പത്തേതിനേക്കാൾ വളരെ അടുത്തെന്നപോലെയാണ് വെള്ളച്ചാട്ടം കാണാനാകുന്നത്.
വൈദ്യുതി ഉത്പാദനത്തോടൊപ്പം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പുതിയൊരു അനുഭൂതിയുണ്ടാക്കുന്നതായി സന്ദർശകർ പറയുന്നു. വൈദ്യുതി ഉത്പാദനത്തിനായി പാലക്കുഴി മലയിൽ അഞ്ചുമുക്കില്‍ ചെക്ക്ഡാമുണ്ട്. ഇതിൽ വെള്ളം നിറഞ്ഞ് സ്പില്‍വേവഴി വരുന്ന വെള്ളമാണ് പഴയ പ്രതാപത്തോടെ വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്.
വൻമലയായ പൊന്മുടി മലയിൽനിന്നും ഉത്ഭവിക്കുന്ന കാട്ടരുവികളും ചെറുനീർചാലുകളും പാലക്കുഴിയിൽ സംഗമിച്ച് പിന്നീട് മഹാപ്രവാഹമായി ഒഴുകിയാണ് വെള്ളച്ചാട്ടത്തിന് കരുത്തുകൂട്ടുന്നത്. ജലവൈദ്യുതപദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ പാലക്കുഴിക്കും താഴെ കൊന്നക്കൽകടവിനും ടൂറിസം വികസന സാധ്യതകളും ഏറെയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.