Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palavayal

തെന്നി മറിഞ്ഞ ബൈക്ക് വഴിയോരത്തു വച്ചു, പിറ്റേന്നു ചെന്നപ്പോൾ കണ്ടത്!

പാലാവയൽ: പാലാവയൽ സ്വദേശി സോജൻ പാമ്പക്കൽ ഇന്നലെ ബൈക്കിൽ യാത്ര ചെയ്തു വരുമ്പോഴാണ് ചെറുതായൊന്നു മയങ്ങിപ്പോയത്. പാലാവയലിൽനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വരക്കാട് വച്ചായിരുന്നു സംഭവം.

ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കാനയിലേക്കു തെന്നി മറിഞ്ഞു. അപകടത്തെത്തുടർന്നു ബൈക്കുമായി മറിഞ്ഞ സോജന്‍റെ ശരീരം അവിടവിടെയായി ഉരയുകയും തൊലി പോവുകയുംചെയ്തു. ഇതോടെ ബൈക്ക് വഴിയോരത്തു വച്ചിട്ട് മറ്റൊരു വാഹനത്തിൽ സോജൻ ആശുപത്രിയിലേക്കു പോയി. ബൈക്കിനു ചില്ലറ കേടുപാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്നു രാവിലെ ബൈക്ക് കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുവരാൻ ഒരു പിക്ക്അപ് ജീപ്പുകാരനെ പറഞ്ഞയച്ചു. ജീപ്പുകാരൻ ബൈക്ക് എടുക്കാൻ എത്തിയപ്പോൾ വഴിയോരത്ത് ബൈക്ക് കാണാനില്ല. ചുറ്റുപാടും നോക്കിയപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചില്ലറ കേടുപാടുകൾ മാത്രമുണ്ടായിരുന്ന ബൈക്ക് മുഴുവനായി പൊളിച്ചിട്ടിരിക്കുന്നു. വീടിന്‍റെ പോർച്ച് നിറയെ ബൈക്കിന്‍റെ പാർട്സുകൾ ചിതറിക്കിടക്കുന്നു. ചെറിയ ചെറിയ പാർട്സുകൾ പോലും അഴിച്ചു മാറ്റിയിട്ടുണ്ട്.

ടയർ ഒരു വശത്ത്, എൻജിൻ ഒരു വശത്ത്, ഹെഡ് ലൈറ്റ് മറ്റൊരു വശത്ത്, ഹാൻഡിൽ വേറൊരു വശത്ത്... ഇതു കണ്ട് അന്ധാളിച്ചുപോയ ജീപ്പ് ഡ്രൈവർ ആ വീട്ടിലുണ്ടായിരുന്ന യുവാവിനോടു ചോദിച്ചപ്പോൾ ബൈക്കിൽ തൊട്ടുപോകരുതെന്നായിരുന്നു ഭീഷണി. ഇതോടെ ഡ്രൈവർ ബൈക്കിന്‍റെ ഉടമയെ വിളിച്ചു. പ്രശ്നമായതോടെ സോജൻ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസുമായി ബൈക്ക് ഇരുന്ന വീട്ടിലെത്തി.

പോലീസ് എത്തിയതോടെ ഭീഷണി മുഴക്കി നിന്ന യുവാവ് ഒതുങ്ങി. ചിതറിക്കിടന്ന ബൈക്കിന്‍റെ ഭാഗങ്ങൾ പെറുക്കിക്കൂട്ടി ജീപ്പിൽ കയറ്റി വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയി. ചെറിയ കേടുപാടു മാത്രമുണ്ടായിരുന്ന ബൈക്ക് വലിയ തുക മുടക്കിയാൽ മാത്രമേ ഇനി നന്നാക്കിയെടുക്കാൻ പറ്റുകയുള്ളെന്നു സോജൻ പറയുന്നു.

അതേസമയം, ബൈക്ക് വഴിയിൽനിന്ന് എടുത്തുകൊണ്ടുപോയി പൊളിച്ച യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിലുള്ളവരെയെല്ലാം വഴക്കുണ്ടാക്കി പറഞ്ഞ് വിട്ടിട്ട് ഒറ്റയ്ക്കാണ് താമസം. ഇയാൾക്കെതിരേ വീട്ടുകാർ അടക്കം നേരത്തെ നൽകിയ പരാതി സ്റ്റേഷനിലുണ്ടെന്നും പോലീസ് പറയുന്നു. 

Latest News

Corehub Up