പാലാവയൽ: പുതിയ പാലവും റോഡുകളും വന്നിട്ടും പാലാവയൽ മേഖലയിൽ ആവശ്യത്തിന് ബസുകളില്ലാത്തതുമായി ബന്ധപ്പെട്ട് ഇന്നലെ ദീപിക പ്രസിദ്ധീകരിച്ച വാർത്ത നാടൊന്നാകെ ഏറ്റെടുക്കുന്നു.
സ്വന്തം പഞ്ചായത്ത് ആസ്ഥാനത്തും താലൂക്ക് ആസ്ഥാനത്തും എത്തണമെങ്കിൽ അയൽജില്ലയിലെ സ്ഥലങ്ങളിലൂടെ ചുറ്റിസഞ്ചരിക്കേണ്ടി വരുന്ന അവസ്ഥ മറ്റെങ്ങും ഇല്ലാത്തതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പാലാവയൽ മേഖലയുമായി ബന്ധപ്പെട്ട് പുതിയ ബസ് റൂട്ടുകളും ബസുകളും അനുവദിക്കാൻ ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഗതാഗത വകുപ്പിന്റെയും അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ കണ്ണിവയൽ, പാലാവയൽ, ഓടക്കൊല്ലി, മലാംകടവ്, ചാവറഗിരി തുടങ്ങിയ കുടിയേറ്റ ഗ്രാമങ്ങളിലെ ജനങ്ങൾ സ്വന്തം പഞ്ചായത്തിന്റെയും താലൂക്കിന്റെയും ആസ്ഥാനങ്ങളിൽ പോലും എത്തിപ്പെടാൻ നേരിട്ട് ബസുകളില്ലാത്ത നിലയിലാണ്. വർഷങ്ങൾക്കു മുമ്പ് ഈ മേഖലയിൽ നിന്ന് ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് നിരവധി ബസുകൾ സർവീസ് നടത്തിയിരുന്നതാണ്.
എന്നാൽ കാലക്രമത്തിൽ ബസുകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഇവിടുത്തെ യാത്രാക്ലേശവുമായി ബന്ധപ്പെട്ട പ്രശ്നം നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയിൽ കൂടുതൽ ബസ് റൂട്ടുകളും ബസുകളും അനുവദിക്കുന്നതിന് ആവശ്യമായ എല്ലാവിധ നടപടികളും ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിൽ എന്റെ ഭാഗത്തുനിന്നുണ്ടാകും.
-ബിൻസി ജെയിൻ,(ജില്ലാ പഞ്ചായത്ത് അംഗം,ചിറ്റാരിക്കാൽ ഡിവിഷൻ)
വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഓടക്കൊല്ലി-ചിറ്റാരിക്കൽ-ചീമേനി-ചെറുവത്തൂർ റോഡ് നവീകരിക്കപ്പെട്ടപ്പോൾ പാലാവയലിലേക്കോ ഓടക്കൊല്ലിയിലേക്കോ ഒരു ബസ് പോലും കാസർഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിൽനിന്ന് ഇല്ലെന്ന അവസ്ഥയാണ്. 40 വർഷം മുമ്പ് ജില്ലാ സ്കൂൾ നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കാലത്തുപോലും കാസർഗോട്ടേക്ക് ഓടക്കൊല്ലിയിൽ നിന്ന് രണ്ട് ബസും പാലാവയലിൽ നിന്ന് ഒരു ബസും ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ജില്ലാ കേരളോത്സവവുമായി ബന്ധപ്പെട്ട നീന്തൽ മത്സരങ്ങൾ പാലാവയലിലെ നീന്തൽക്കുളത്തിൽ നടക്കുമ്പോൾ കാസർഗോഡ് മുതൽ അങ്ങോട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ഒരാൾ പോലും പങ്കെടുക്കാനെത്തിയില്ല. ബസ് കിട്ടാൻ ബുദ്ധിമുട്ടാണെന്നതു തന്നെയായിരുന്നു കാരണം. കാഞ്ഞങ്ങാട്, നീലേശ്വരം, ചിറ്റാരിക്കാൽ ഭാഗങ്ങളിൽനിന്ന് പാലാവയൽ, ഓടക്കൊല്ലി, തയ്യേനി ടൗണുകളിലേക്ക് പുതിയ സ്വകാര്യ ബസ് റൂട്ടുകളും കെഎസ്ആർടിസി സർവീസുകളും അടിയന്തിരമായി അനുവദിക്കണം. 40 വർഷം മുമ്പുണ്ടായിരുന്ന ഗതാഗതസൗകര്യങ്ങളെങ്കിലും വീണ്ടും തന്നുകൂടേ എന്നാണ് ഈ നാടിന്റെ ചോദ്യം.
-ബിജു മാപ്പിളപറമ്പിൽ,(നീന്തൽ പരിശീലകൻ, ജില്ലാഅക്വാട്ടിക് അസോ. പ്രസിഡന്റ്)
പാലാവയൽ ഭാഗത്തുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കാൻ നേരത്തേ ഈ റൂട്ടിലോടിയിരുന്ന ബസുകളെങ്കിലും അടിയന്തിരമായി പുനഃസ്ഥാപിക്കാൻ അധികാരികൾ തയാറാകണം. റോഡ് പണി അനിശ്ചിതമായി നീണ്ടുപോയ കാലത്താണ് നേരത്തേ ഇതുവഴി ഓടിയിരുന്ന ദീർഘദൂര ബസുകൾ ഉൾപ്പെടെ വരാതായത്. ഇപ്പോൾ നല്ല നിലയിൽ മെക്കാഡം ടാറിംഗ് പൂർത്തീകരിച്ചിട്ട് രണ്ടു വർഷമായെങ്കിലും സാധാരണക്കാർക്ക് യാത്ര ചെയ്യാൻ ബസുകൾ ഇല്ലാത്ത സ്ഥിതിയാണ്. തോമാപുരം, പാലാവയൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ യാത്രാസമയം കൂടി കണക്കിലെടുത്ത് പുതിയ ബസുകൾ അനുവദിക്കണം.
-ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ (ജൂണിയർ)വികാരി, കണ്ണിവയൽസെന്റ് സെബാസ്റ്റ്യൻസ് പള്ളി
Tags : nattu vishesham Palavayal More buses