പിലിക്കോട്: സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പള്ളിപ്പാടം സൂക്ഷ്മ നീർത്തട വികസന പദ്ധതി സന്ദീപ് ജി. വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി അധ്യക്ഷത വഹിച്ചു.
കയ്യൂർ-ചീമേനി, പിലിക്കോട് പഞ്ചായത്തുകളിലായാണ് പള്ളിപ്പാടം നീർത്തടം സ്ഥിതിചെയ്യുന്നത്. നീർത്തടങ്ങളിലെ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര പരിപാലനത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു.
കയ്യൂർ-ചീമേനി പഞ്ചായത്തിലെ 13-ാം വാർഡും പിലിക്കോട് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകളുടെ ഭാഗങ്ങളുമാണ് നീർത്തട പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ശൂലാപ്പ് കാവിനോടു ചേർന്നുള്ള മുകൾഭാഗത്തെ 60 ഹെക്ടർ പ്രദേശത്താണ് ഒന്നാംഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തുടർവർഷങ്ങളിൽ നീർത്തടത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ശൂലാപ്പ് കാവിൽനിന്നുള്ള നീരുറവയുടെ സംരക്ഷണം, ചെറുതടയണകളുടെ നിർമാണം, ഭൂജല പരിപോഷണത്തിനായുള്ള കുഴികൾ, മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളത്തിന്റെ സംഭരണവും ഭൂജല പരിപോഷണവും, കല്ലുകയ്യാല നിർമാണം, തട്ടുതിരിക്കൽ, ഫലവൃക്ഷത്തൈ വിതരണം, കർഷക പരിശീലനം തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങിലെ മണ്ണ് പരിശധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള ക്യാമ്പും കർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. മാറുന്ന കാലാവസ്ഥ; മാറണം നമ്മൾ എന്ന വിഷയത്തിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.വി. പ്രകാശനും മണ്ണിനെയറിഞ്ഞ് കൃഷി എന്ന വിഷയത്തിൽ കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ആർ. വീണാറാണിയും മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന വിഷയത്തിൽ മണ്ണ് പര്യവേഷണ ഓഫീസർ സി.കെ. ശ്രീഷ്മയും ക്ലാസുകൾ നയിച്ചു. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് ഡോളമൈറ്റും പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർപേഴ്സൺ എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ടി. ശ്രീലത, കൃഷി ഓഫീസർമാരായ ഇ.എൻ. ശിൽപ, കെ. നാണുക്കുട്ടൻ, മണ്ണ് സംരക്ഷണ ഓഫീസർ രാജിത് ആർ. ചന്ദ്രൻ, ശൂലാപ്പ് കാവ് സംരക്ഷണ സമിതി സെക്രട്ടറി എ.എം. ബാലകൃഷ്ണൻ, പാടിക്കീൽ ഗവ. യു.പി സ്കൂൾ മുഖ്യാധ്യാപകൻ കെ. സുഗതൻ എന്നിവർ പങ്കെടുത്തു.