ആറന്മുള: പുതുക്കിപ്പണിത ഇടശേരിമല പള്ളിയോടം നീരണിഞ്ഞു. ആചാരങ്ങളും ആഘോഷങ്ങളും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ ഇന്നലെ രാവിലെ 11 നു ശേഷം പമ്പാനദിയിലെ കടയ്ക്കല്‍ ദേവീക്ഷേത്ര കടവില്‍ നീരണിഞ്ഞു.
സുരേഷ് ഗോപി എംപി നീരണിയല്‍ ചടങ്ങിന് മുഖ്യകാര്‍മികനായിരുന്നു. എണ്ണയില്‍ മഞ്ഞള്‍ ചാലിച്ച് പുരട്ടി അമരം മുതല്‍ അണിയം വരെ സ്വര്‍ണ കാന്തിയില്‍ തിളങ്ങിയ പള്ളിയോടത്തിലേക്ക് മുഖ്യ ശില്പി ചങ്ങങ്കരി വേണു ആചാരി കയറിയപ്പോള്‍ കരക്കാര് ജലകണങ്ങള്‍ വിതറി ആഹ്ലാദം അറിയിച്ചു.
60 ശതമാനം പണികളും പൂര്‍ത്തിയാക്കി നീരണിഞ്ഞ പള്ളിയോടത്തെ വരവേല്‍ക്കാന്‍ ചെറുകോല്‍ പള്ളിയോടവും എത്തിയിരുന്നു. തുടര്‍ന്ന് പള്ളിയോടത്തില്‍ ഏറിയ കരക്കാര് ആറന്മുള ക്ഷേത്ര ദര്‍ശനത്തിനായി യാത്രതിരിച്ചു. കൂട്ടുവള്ളമായി ചെറുകോല്‍ പള്ളിയോടം ഒപ്പമുണ്ടായിരുന്നു. കിഴക്ക് ക്ഷേത്രക്കടവിനു മുകളില്‍ എത്തി തിരിച്ച് ക്ഷേത്രക്കടവില്‍ അടുപ്പിച്ചു.
കരക്കാര് ക്ഷേത്ര പ്രദക്ഷിണവും ദര്‍ശനവും നടത്തി ഭഗവാന് പള്ളിയോടം സമര്‍പ്പിച്ചു.
നീരണിയല്‍ കര്‍മത്തില്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ. ശിവദാസന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗം മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. അബിന്‍ വര്‍ക്കി എംഎല്‍എ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, ആറന്മുള ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വേരുങ്കല്‍, ഉഷ ആര്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.