പാമ്പാടി: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മണര്‍കാട് ഇല്ലിവളവ് വെള്ളാപ്പള്ളിക്കുന്ന് മാടമനയില്‍ സുധാകരനാണ്(64) ഭാര്യ ബിന്ദുവിനെ (52) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകന് രാവിലെ 11.30നു വീട്ടിലെത്തിയപ്പോഴാണു കൊലപാതക വിവരം പുറത്തുവന്നത്.
മുന്‍ വാതില്‍ അടഞ്ഞ് കിടന്നതിനാല്‍ അടുക്കള ഭാഗത്തേക്ക് എത്തിനോക്കിയപ്പോള്‍ അമ്മ ബിന്ദുവിനെ നിലത്ത് രക്തം വാര്‍ന്ന് കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് കമ്പിനെറ്റ് തകര്‍ത്ത് അകത്തു കയറിയപ്പോഴാണു പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. കമ്പിവടികൊണ്ട് തലയ്ക്കേറ്റ പരിക്കാണു മരണകാരണം.
വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഉടന്‍തന്നെ മണര്‍കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൃത്യം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുടുംബകലഹമാണു കൊലപാതക കാരണമെന്നാണു പ്രാഥമിക വിവരം.
മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പാമ്പാടി പോലീസ് മേല്‍നടപടി സ്വീകരിച്ചു. സുധാകരന് പാറമട തൊഴിലാളിയാണ്. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ബിന്ദു. മക്കള്‍: സുദീപ്, സുമിത്, സുബിത.