ആറന്മുള: പള്ളിയോട സേവാസംഘവും കെഎസ്ആര്‍ടിസിയും സംയുക്തമായി നടത്തുന്ന ബജറ്റ് ടൂറിസം സെല്ലിലെ ആദ്യ യാത്രാ സംഘം ഇന്നലെ ആറന്മുളയിലെത്തി. ഈ വര്‍ഷം 500 ട്രിപ്പുകളാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ഇന്നലെ ഒമ്പത് ബസുകളിലായി 450 പേര് ആറന്മുള സദ്യയില്‍ പങ്കെടുത്തു.
രാവിലെ 11 ഓടെ ആറന്മുളയില് ബസുകള്‍ എത്തിത്തുടങ്ങി. ആദ്യം എത്തിയ ബസിന് പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുമ്പില്‍ സ്വീകരണം നല്കി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ബസില്‍ മാല അണിയിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കു സ്വീകരണം നല്കി. അതിനുശേഷം ബസില്‍ എത്തിയവര്‍ ക്ഷേത്രദര്‍ശനവും വള്ളസദ്യ വഴിപാട് ചടങ്ങുകളും കണ്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സദ്യകഴിച്ചു മടങ്ങി. ഇന്ന് കിളിമാനൂര്‍ തിരുവനന്തപുരം സിറ്റി, കൊല്ലം, ഹരിപ്പാട്, കൂത്താട്ടുകുളം, മൂലമറ്റം, ഗുരുവായൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിൽനിന്നായി ഒമ്പത് ബസുകള്‍ എത്തും. 55 ദിവസം തുടര്‍ച്ചയായി ബസുകള്‍ ആറന്മുളയില് എത്തുന്നുണ്ട്.
പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഭദ്രദീപം കൊളുത്തി സദ്യ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി. സെക്രട്ടറി പ്രസാദ് ആനന്ദഭവന്, ട്രഷറാര്‍ രമേഷ് മാലിമേല്‍, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ്, കെഎസ്ആര്‍ടിസി ട്രിപ്പ് കണ്‍വീനര്‍ അനൂപ് ഉണ്ണികൃഷ്ണന്, ചീഫ് ട്രാഫിക് മാനേജര്‍ ബിടിസി ഉദയകുമാര്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജീഷ് കുമാര്‍, ജില്ലാ കോ-ഓർഡിനേറ്റര്‍ സന്തോഷ് കുമാര്‍, റഫീഖ്, മനോജ് ആറന്മുള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.