മേലുകാവ്: സഹപാഠികൾക്കൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ കുഴഞ്ഞുവീണു മേലുകാവ് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ് (55) അന്തരിച്ചു. മേലുകാവ് പഞ്ചായത്തിലെ കോണിപ്പാട് ആറാം വാർഡ് മെംബറും കോണിപ്പാട് കണ്ണംപള്ളിൽ ജോൺസന്റെ (സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ) ഭാര്യയുമാണ്.
ഹെൻറി ബേക്കർ കോളജിലെ 1989ലെ പ്രീഡിഗ്രി ബാച്ചിലെ സഹപാഠികൾക്കൊപ്പം കുമരകത്തേക്ക് ഇന്നലെ രാവിലെ വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലായിരുന്നു അന്നമ്മ. ഇതിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമായ അന്നമ്മ, മുട്ടം എം എം ആശുപത്രിയിൽ ദീർഘകാലം നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
പിന്നീട് പൊതുപ്രവർത്തന രംഗത്ത് സജീവമായ അന്നമ്മ ജനപ്രതിനിധിയെന്ന നിലയിൽ നാട്ടുകാർക്കിടയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്കും 10.30ന് മേലുകാവ് പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിനും ശേഷം എള്ളുമ്പുറം സെന്റ് മർത്താസ് സിഎസ്ഐ പള്ളിയിൽ.