ഷിംല: ഹിമാചൽ പ്രദേശിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ കുടുങ്ങിയ റഷ്യൻ പാരഗ്ലൈഡർ പൈലറ്റിനെ മൂന്ന് മണിക്കൂർ നീണ്ട തീവ്ര രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി. റഷ്യൻ പൈലറ്റായ അലക്സിയാണ് വൻ ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
കാംഗ്ര ജില്ലയിലെ ലോകപ്രശസ്ത പാരഗ്ലൈഡിംഗ് കേന്ദ്രമായ ബിർ ബില്ലിംഗിൽനിന്നാണ് അലക്സി ആരംഭിച്ചത്. എന്നാൽ യാത്രാമധ്യേ നിയന്ത്രണം നഷ്ടപ്പെട്ട പൈലറ്റ്, താഴെനിന്ന് ഏകദേശം 100 മീറ്റർ ഉയരത്തിലുള്ള ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൽ കുടുങ്ങിയ ഉടൻ തന്നെ അപകടത്തിലായ വിവരം പൈലറ്റ് മൊബൈൽ ഫോൺ വഴി ബിർ ബില്ലിംഗ് പാരഗ്ലൈഡിംഗ് അസോസിയേഷനെ അറിയിച്ചു. ചിത്രങ്ങളും കൃത്യമായ ലൊക്കേഷനും അദ്ദേഹം അയച്ചുനൽകിയതോടെ അസോസിയേഷൻ വിവരം ഉടൻതന്നെ മാണ്ഡി ജില്ലാ ഭരണകൂടത്തിന് കൈമാറി.
ഉടൻ തന്നെ ക്രെയിനുകളും മറ്റ് ആധുനിക രക്ഷാസംവിധാനങ്ങളും സ്ഥലത്തെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സഹായവും തേടിയിരുന്നെങ്കിലും സേന എത്തുന്നതിന് മുമ്പുതന്നെ പ്രാദേശിക രക്ഷാപ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് പൈലറ്റിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഗവാർ കൺസ്ട്രക്ഷൻ കമ്പനി, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവയുടെ സംയുക്തമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് മാണ്ഡി ഡെപ്യൂട്ടി കമിഷണർ അപൂർവ് ദേവ്ഗൺ വ്യക്തമാക്കി.