പാലക്കാട്: പി.കെ. ശശി നേതൃത്വം നൽകുന്ന സിപിഎം വിമതരുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിന്റെ (ഡിഎംഎഫ്) ജില്ലാ കൗണ്‍സിൽ യോഗം 14നു പാലക്കാട് നടക്കും.
311 അംഗങ്ങളുള്ള കൗണ്‍സിൽ യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസാഹചര്യങ്ങൾ വിലയിരുത്തുകയും ഭാവിരാഷ്ട്രീയ നിലപാടുകളും പരിപാടികളും പ്രഖ്യാപിക്കുകയും ചെയ്യുമെന്നു പി.കെ. ശശി പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലും സംസ്ഥാനത്തും സിപിഎം കനത്ത തിരിച്ചടിയാണു നേരിട്ടതെന്നു ശശി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ യഥാർഥ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് ഡിഎംഎഫിന്റെ തീരുമാനം.
സിഎംപിയിലെ സി.പി. ജോണുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയ പി.കെ. ശശി, നിലവിൽ സിപിഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ചുവിജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരുമായി ഉടൻ ചർച്ച നടത്തുമെന്നും അറിയിച്ചു.