1854 ഡിസംബർ എട്ടിനു പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇനെഫാബിലിസ് ദെയൂസ് (Ineffabilis Deus) എന്ന തിരുവെഴുത്തിലൂടെ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ഇതിന്റെ സുവർണ ജൂബിലി 1904ൽ ലോകമെമ്പാടും സാഘോഷം കൊണ്ടാടി . ഈ ഓർമയ്ക്കായി പത്താം പിയൂസ് മാർപാപ്പ അദ് ദിയം ഇല്ലും ലെത്തിസീമും (Ad Diem Illum Laetissimum )എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു. ജൂബിലിയിൽ പൂർണ ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ആഗോള ജൂബിലിയുടെ അത്യാഹ്ലാദം കൊച്ചുകേരളത്തിലും അലയയടിച്ചു. ഈ സമയത്തു തന്നെയാണ് ചെത്തിപ്പുഴ കർമലീത്ത ആശ്രമ(സിഎംഐ)ത്തിന്റെ പ്രിയോർ തയ്യിൽ എസ്തപ്പാനോസ് അച്ചൻ ഫ്രാൻസിൽനിന്നു മാതാവിന്റെ മൂന്നു തിരുസ്വരൂപങ്ങൾ വരുത്തിച്ചത്. ഇതിൽ കലാസുന്ദരവും ഒന്നരയാൾ പൊക്കമുള്ളതുമായ നരകസർപ്പത്തിന്റെ തല തകർത്തുനിൽക്കുന്ന ദിവ്യസ്വരൂപം ചെത്തിപ്പുഴ ആശ്രമത്തിൽ സൂക്ഷിച്ചിരുന്നു.
അമലോത്ഭവ ജൂബിലിയുടെ പ്രാദേശിക സ്മാരകമായി ചങ്ങനാശേരിയിൽ ഒരു കപ്പേള സ്ഥാപിക്കാൻ എസ്തപ്പനോസ് അച്ചനും ചങ്ങനാശേരി പള്ളി വികാരി കുര്യാക്കോസ് കണ്ടങ്കേരി അച്ചനും രൂപരേഖ തയാറാക്കി. ഇതിനു ചങ്ങനാശേരി വികാരിയാത്തിന്റെ അധ്യക്ഷൻ മാർ മാത്യു മാക്കീൽ മെത്രാന്റെ അനുമതിയും വാങ്ങി.
കണ്ടങ്കേരി അച്ചന്റെയും ചങ്ങനാശേരി പള്ളി കൈക്കാരൻ മാളിയേക്കൽ മാത്തൂച്ചന്റെയും നേതൃത്വത്തിൽ ചെത്തിപ്പുഴ ആശ്രമത്തിൽനിന്നു തിരുസ്വരൂപം ചങ്ങനാശേരി പള്ളിയിൽ എത്തിച്ചു.
1904 ഡിസംബർ എട്ടിനു ജൂബിലിദിനത്തിൽ മാർ മാക്കീലിന്റെ കാർമികത്വത്തിൽ ഈ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ചങ്ങനാശേരിയെ ഭക്തിപ്രഭയിലാഴ്ത്തി. ഇതുപോലൊരു സംഭവം ഈ നഗരം ഇതുവരെ കണ്ടിട്ടില്ല എന്നാണ് നസ്രാണി ദീപിക റിപ്പോർട്ട് ചെയ്തത്. നാനാജാതി മതസ്ഥർക്കു മാതാവിനോടുള്ള ഭക്ത്യാദരവുകൾക്കു പട്ടണം സാക്ഷ്യം വഹിച്ചു. മുസ്ലിം സ്ത്രീകൾ പോലും വീടുവിട്ട് നഗര വീഥികളിൽ തൊഴുകൈയോടെ നിന്നു. ഈ ജൂബിലിയാഘോഷം സ്മാരക കപ്പേളയുടെ പണി വേഗത്തിലാക്കാനുള്ള തീക്ഷ്ണതയും ആഗ്രഹവും വർധിപ്പിച്ചു.