പാറേൽ പള്ളിയുടെ പേരു കേൾക്കുന്പോൾത്തന്നെ പലരുടെയും മനസിൽ ഉയരുന്ന ചിന്തകളിലൊന്നാണിത്. എങ്ങനെയാണ് ഈ പേര് വന്നത്? ചങ്ങനാശേരി കവലയിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കുമാറി ചങ്ങനാശേരി - വാഴൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇന്നു പാറേൽ എന്നറിയപ്പെടുന്നത്. നിബിഢമായ കരിന്പാറക്കെട്ടുകൾ ഈ പ്രദേശത്തു ധാരാളമുണ്ടായിരുന്നു. പഴയ പള്ളിയും സമീപമുള്ള കെട്ടിടസമുച്ചയവും സ്ഥിതിചെയ്യുന്നത് ഈ പാറമേലാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടം പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ വിജനമായ പ്രദേശമായിരുന്നു. അക്കാലത്ത് ഈ സ്ഥലത്തിന് "പാറയ്ക്കൽ' എന്നും "പാറായിൽ' എന്നും പേരുകളുണ്ടായിരുന്നതായി ചില രേഖകളിൽ കാണാം. ഈ പേരുകൾ ലോപിച്ചാണ് "പാറേൽ' എന്ന സ്ഥലനാമം ഉണ്ടായത്. 1930ലെ വേദപ്രചാര മധ്യസ്ഥനിലാണ് പാറേൽ എന്ന പദം ആദ്യമായി ചരിത്രരേഖകളിൽ കാണുന്നത് .
കൂറ്റൻ പാറക്കെട്ടുകളിൽ പണിതുയർത്തിയ ആദ്യ പള്ളിക്ക് "പാറപ്പള്ളി' എന്നതായിരുന്നു വിളിപ്പേര്. പള്ളി നിർമാണത്തിനാവശ്യമായ കല്ലുകൾ വെട്ടിയെടുത്തത് ഈ പാറകളിൽനിന്നായിരുന്നു. പഴയ പള്ളിയിരുന്ന ഭൂമിയിൽനിന്നു സൂക്ഷ്മതയോടെ മുറിച്ചെടുത്ത കല്ലുകളിൽ ചരിത്രം കൊത്തി പുതിയ പള്ളി സമുച്ചയത്തിന്റെ മുറ്റത്തു സ്ഥാപിച്ചിട്ടുണ്ട്.
"പാറപ്പള്ളി' എന്ന പേരിന്റെ പിന്നിലെ ചരിത്രം മുതൽ ആദ്യ പള്ളി നിലവിൽ വന്ന കാലഘട്ടവും അവിടെ നടന്ന പ്രധാന ആത്മീയ സംഭവങ്ങളും പിൽക്കാലത്തുണ്ടായ വളർച്ചയും വരെ മുഴുവൻ ചരിത്രവഴികളും ഈ ശിലാഫലകങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
പുതിയ പള്ളിയിലെ നിത്യാരാധന കപ്പേളയുടെ പ്രധാന പ്രത്യേകത ഇതിന്റെ തറയാണ്. ഇവിടെനിന്നു ലഭ്യമായ പാറകൾ ചെത്തിമിനുക്കിയാണ് തറ നിർമിച്ചിരിക്കുന്നത്. അതുപോലെ, പാറയിൽ എമ്മേദ് മിശിഹാ ഭൂഗർഭ പള്ളി പാറേൽ പള്ളിയുടെ ചരിത്രത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്നാണ്.
ഒരു വലിയ പാറക്കെട്ടിനുള്ളിൽ (ഗുഹയുടെ മാതൃകയിൽ) നിർമിച്ചിരിക്കുന്ന ഈ ഭാഗം പള്ളിയുടെ "പാറപ്പള്ളി' എന്ന പേരിന്റെ അർഥത്തെയും പാരമ്പര്യത്തെയും പൂർണമായും അന്വർഥമാക്കുന്നു.