പാരിപ്പള്ളി: ദേശീയപാത-66 വികസനത്തിന്റെ ഭാഗമായി പാരിപ്പള്ളി ജംഗ്ഷനില്‍ മതിയായ നടപ്പാത നിര്‍മിക്കാത്തത് അപകടഭീഷണിയാകുന്നു. സര്‍വീസ് റോഡിലൂടെ ജീവന് പണയം വച്ച് നടക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികളും ആശുപത്രിയിലേക്ക് പോകുന്നവരും.
കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിനു മുന്നിലടക്കം സര്‍വീസ് റോഡിനോടു ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടില്ല. റോഡരികിലൂടെയുള്ള കാല്‍നടയാത്ര അസാധ്യമായതോടെ തിരക്കേറിയ റോഡിലേക്കിറങ്ങി നടക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുകയാണ്.
ഗവ. മെഡിക്കല്‍ കോളജ്, എന്‍ജിനിയറിംഗ് കോളജ്, വിവിധ സ്കൂളുകള്‍ എന്നിവ ചുറ്റുവട്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന ജംഗ്ഷനാണ് ഇത്. വാഹനങ്ങള്‍ ചീറിപ്പായുന്ന സര്‍വീസ് റോഡിലൂടെയുള്ള സഞ്ചാരം എപ്പോള്‍ വേണമെങ്കിലും അപകടത്തിന് ഇടയാക്കാമെന്ന ഭീതിയിലാണ് നാട്ടുകാരും വ്യാപാരികളും.
പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ലീഗല്‍ സെല്‍ രംഗത്തെത്തി. പഞ്ചായത്ത് വാണിജ്യസമുച്ചയത്തിനു മുന്നിലടക്കം ശാസ്ത്രീയമായി നടപ്പാത നിര്‍മിച്ച് സുരക്ഷിത സഞ്ചാരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുധീര്‍ കല്ലുവാതുക്കല്‍ മുഖ്യമന്ത്രിക്കും ദേശീയപാതാ അധികൃതര്‍ക്കും നിവേദനം നല്കി.