National
ബംഗളൂരു: വാഹാനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിരമിച്ച ബിഎംടിസി കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച രണ്ട് മലയാളി യുവാക്കൾ പിടിയിൽ. ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം.
അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിഎംടിസി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു.
ടാക്സി കാറിലെത്തിയ യുവാക്കൾ വാഹനം വഴിതടസപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ചോദ്യം ചെയ്ത റിട്ടയേർഡ് ബിഎംടിസി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാർന്ന് വീണ ഇദ്ദേഹത്തെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കുപ്പികളും കല്ലുകളും ഉപയോഗിച്ച് ഇവർ നടുറോഡിൽ അക്രമിച്ചു.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഒടുവിൽ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ലഹരി മരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക സംശയം. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് കണ്ടെടുത്തു. ഇത് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ചമ്പക്കുളം: ചമ്പക്കുളം ബസിലിക്ക ബസ് സ്റ്റാൻഡിന് തെക്ക് ഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡിലെ പാർക്കിംഗ് അനന്തമായി നീളുന്നത്, ഈ ഭാഗത്തെ വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും അപകട ഭീഷണി സൃഷ്ടിക്കുന്നു.
ബസിലിക്ക ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ഓട്ടോ പാർക്കിംഗ് ബിഎസ്എൻഎൽ ജംഗ്ഷൻ കഴിഞ്ഞും നീളുന്നത് ഈ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ അസൗകര്യം സൃഷ്ടിക്കുന്നതായി പലപ്പോഴായി പരാതി ഉയർന്നിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നതാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതുമൂലം വലിയ വാഹനങ്ങളും സ്കൂൾ ബസുകളും ഇതുവഴി കടന്നുപോകാൻ വല്ലാതെ ബുദ്ധിമുട്ടുന്നു. ചമ്പക്കുളത്തും പരിസരത്തുമായുള്ള പത്തോളം സ്കൂളുകളുടെ ബസുകളും മറ്റ് വാഹനങ്ങളും സ്കൂൾ സമയങ്ങളിൽ കടന്നുപോകുന്നത് വളരെ കഷ്ടപ്പെട്ടാണ്.
ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും മോട്ടർ വാഹന വകുപ്പും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഇവിടെ അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിലുള്ള ഓട്ടോ പാർക്കിംഗ് അടിയന്തരമായി ഒഴിവാക്കാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
District News
ഇരിട്ടി: വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളുമുൾപ്പെടെ പ്രവൃത്തിച്ചുവരുന്ന നേരംപോക്ക് റോഡിലെ ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം. നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ഇരിട്ടി - നേരംപോക്ക് റോഡിലൂടെ കാൽനട യാത്രപോലും ദുരിതത്തിലാണ്. താലൂക്ക് ആശുപത്രി, ഫയർ ഫോഴ്സ്, ആർടിഒ, ട്രഷറി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവൃത്തിക്കുന്നത് നേരംപോക്ക് റോഡിലാണ്.
വീതി കുറഞ്ഞ റോഡിന്റെ ജംഗ്ഷൻ മുതൽ ഇരിട്ടി ജോയിന്റ് ആർടി ഓഫീസ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഒരേ സമയം രണ്ട് വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്ന റോഡിലാണ് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്.
ഇതോടെ ഇതുവഴി കടന്നുപോകുന്ന കാൽനട യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ അഗ്നി രക്ഷാ നിലയത്തിലെ വാഹനങ്ങൾ നേരംപോക്കിലെ വാഹന കുരുക്കിൽ പെടുന്നത് പതിവാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
National
ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിൽ കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് വെടുയേറ്റു മരിച്ചു. നോയിഡ സ്വദേശി പങ്കജ് നയ്യാർ (34) ആണ് കൊല്ലപ്പെട്ടത്. പങ്കജിന്റെ സഹോദരൻ പരസ് നയ്യാരിന്റെ അയൽക്കാരനായ ഗൗരവ് ശർമയാണ് വെടിയുതിർത്തത്.
പ്രീത് വിഹാറിൽ താമസിക്കുന്ന പരസിനെ കാണാനെത്തിയതായിരുന്നു പങ്കജ്. ഇവിടെ വച്ച് സഹോദരന്മാരും ഗൗരവും തമ്മിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ ഗൗരവ് പങ്കജിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. ഉടൻ തന്നെ പങ്കജിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഗൗരവ് ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
District News
കറുകച്ചാല്: വാഹനവുമായി ഇറങ്ങിയാല് കറുകച്ചാല് പട്ടണം കടന്നുകിട്ടണമെങ്കില് വിയര്ക്കണം. ആഘോഷ സീസണ് കൂടിയായാല് പറയുകയും വേണ്ട. ടൗണിലെ അനധികൃത പാര്ക്കിംഗും ഗതാഗതം നിയന്ത്രിക്കാന് ആവശ്യത്തിന് പോലീസ് ഇല്ലാത്തതുമാണ് കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.
സെന്ട്രല് ജംഗ്ഷനാണ് കുരുക്കിന്റെ കേന്ദ്രം. ഡിവൈഡറുകള് വാഹനങ്ങള് ഇടിച്ചുതകര്ന്നതോടെ വാഹനങ്ങള് പോകുന്നത് തോന്നുംപടിയാണ്. തലങ്ങും വിലങ്ങും വണ്ടികള് എത്തുന്നതോടെ എപ്പോഴും കുരുക്കാണ്. ജംഗ്ഷന് നവീകരണത്തിനു പദ്ധതികളിട്ടെങ്കിലും എല്ലാം കടലാസില് ഒതുങ്ങി.
പാര്ക്കിംഗ് നടപ്പാതയിലേക്കു കയറിയതോടെ കാല്നടക്കാര്ക്കു പോകാന് വഴിയില്ലാതായി. ചങ്ങനാശേരി-വാഴൂര്, കറുകച്ചാല്-മണിമല, കറുകച്ചാല്-മല്ലപ്പള്ളി റോഡുകളിലെല്ലാം പാര്ക്കിംഗ് തോന്നുംപടിയാണ്. ലക്ഷങ്ങള് ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്മിച്ച നടപ്പാതകള് പലതും യാത്രക്കാര്ക്ക് ഉപയോഗിക്കാന് കഴിയാത്ത നിലയിലാണ്. കറുകച്ചാല് പഞ്ചായത്ത് കവല മുതല് എന്എസ്എസ് സ്കൂള് കവല വരെ റോഡിന് ഇരുവശവും ടിപ്പര് ലോറികളുടെ നീണ്ടനിരയാണ്. വിദ്യാര്ഥികള് ഉള്പ്പെടെ യാത്രക്കാര് ഏറെ ബുദ്ധിമുട്ടി വേണം ഇതുവഴി നടക്കാന്.
ബസ്സ്റ്റാന്ഡിനകത്ത് പഞ്ചായത്ത് "നോ പാര്ക്കിംഗ്' ബോര്ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോര്ഡിനു താഴെയാണ് അനധികൃത പാര്ക്കിംഗ് തുടരുന്നത്. ഇതോടൊപ്പം കെഎസ്ആര്ടിസി അടക്കമുള്ള ദീര്ഘദൂര ബസുകള് സ്റ്റാന്ഡില് കയറാതെ റോഡില് യാത്രക്കാരെ കയറ്റി-ഇറക്കി പോകുകയാണ്.
ബസുകള് സ്റ്റാന്ഡിനു മുന്പില് നിര്ത്തുമ്പോള് വാഴൂര് റോഡില് ഗതാഗതം കുരുങ്ങുന്നതും പതിവാണ്. ടൗണിലെത്തുന്നവര് വാഹനങ്ങള് റോഡരികിലാണ് പാര്ക്ക് ചെയ്യുന്നത്. ടൗണില് സ്വകാര്യ വാഹനങ്ങള്ക്കും ടാക്സി വാഹനങ്ങള്ക്കും പാര്ക്കിംഗിന് സ്ഥലമില്ല. ഇതേത്തുടർന്ന് വാഴൂര്, മല്ലപ്പള്ളി, മണിമല റോഡുകളുടെ ഇരുവശവും അനധികൃത പാര്ക്കിംഗ് മേഖലയാകുകയാണ്.ഈ വിഷയങ്ങളില് കറുകച്ചാല് പോലീസും പഞ്ചായത്തും സത്വര ഇടപെടലുകള് നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്റെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ് മരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്വാഭാവിക മരണമാണെന്ന് പോലീസ് സംശയിക്കുന്നു. നരേന്ദ്ര കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്ത് അനധികൃത വാഹന പാര്ക്കിംഗിലൂടെ കഴിഞ്ഞ ഏഴുദിവസത്തികം ഈടാക്കിയ പിഴ 61,86,650 രൂപ. റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള് കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡില് വാഹനം പാര്ക്ക് ചെയ്തവര്ക്കെതിരെ കേരള പോലീസിന്റെ ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 2026 ജനുവരി ഏഴു മുതല് 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയില് 23,771 വാഹനങ്ങളില് നിന്നായിട്ടാണ് ഈ പിഴ ഈടാക്കിയത്.
സംസ്ഥാന പാതകളില് 7,872, ദേശീയ പാതകളില് 6,852, മറ്റ് പാതകളില് 9047 എന്ന രീതിയിലാണ് നിയമലംഘനങ്ങള് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അപകടസാധ്യത കൂടിയ മേഖലകള്, വാഹന സാന്ദ്രതകൂടിയ പാതകള്, പ്രധാനപ്പെട്ട ജംഗ്ഷനുകള്, സര്വീസ് റോഡുകള് എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അനധികൃത പാര്ക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളില് നടക്കുന്ന അപകടങ്ങളില്പ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയില് എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്ന്നുള്ള ദിവസങ്ങളില് നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്ത്തിക്കുന്നവര്ക്കെതിരെ കര്ശന നടപടിയെടുക്കുന്നതിനും നിര്ദ്ദേശം നല്കിയിട്ടുണ്ട്.
ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജി എസ്. കാളിരാജ് മഹേഷ് കുമാറിന്റെ നിര്ദേശപ്രകാരം ട്രാഫിക് നോര്ത്ത് സോണ്, സൗത്ത് സോണ് എസ്പിമാരുടെ മേല്നോട്ടത്തില് ജില്ലാ ട്രാഫിക് നോഡല് ഓഫീസര്മാരുമായി സഹകരിച്ചാണ് പരിശോധനകള് നടത്തിയത്. ഇത്തരം പരിശോധനകള് തുടര്ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള് സ്വീകരിക്കുമെന്നും ഐജി അറിയിച്ചു.
പൊതുജനങ്ങള് ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്പ്പെട്ടാല് 974700 1099 എന്ന "ശുഭയാത്ര' വാട്ട്സ്ആപ്പ് നമ്പറില് ട്രാഫിക് ആന്ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കണം.
International
ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്മെന്റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്മെന്റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.