കൊച്ചി: ഒന്നല്ല, രണ്ടല്ല, ദിവസങ്ങളേറെയായി ഈ ട്രെയിനിങ്ങനെ വൈകിയോടുന്നത്...! കേരളത്തിന് പുറത്തുനിന്നു വൈകിയോടിയെത്തുന്ന ദീർഘദൂര ട്രെയിനുകൾക്കായി സ്ഥിരയാത്രക്കാർ അധികമായി യാത്ര ചെയ്യുന്ന പാസഞ്ചറും മെമുവുമൊക്കെ ഇങ്ങനെ പിടിച്ചിടുന്നത് ക്രൂരതയാണ്...! ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസം കേട്ട വനിതാ യാത്രക്കാരിയുടെ പരിഭവമാണിത്. ഇവിടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർക്ക് ട്രെയിൻ വൈകിയോടുന്നതു മൂലം കൃത്യസമയത്തു പഞ്ചിംഗ് നടത്താനാകാത്ത സ്ഥിതിയുമുണ്ട്.
രാവിലെ 8.50ന് ഇടപ്പള്ളി സ്റ്റേഷനിലെത്തേണ്ട ഗുരുവായൂർ -എറണാകുളം പാസഞ്ചർ ട്രെയിൻ 1.20 മണിക്കൂറിലധികം വൈകിയെത്തിയപ്പോഴാണ് യുവതി ആവലാതി പങ്കുവച്ചത്. ട്രെയിൻ വൈകിയോടുന്നതിന്റെ പണി കിട്ടുന്നവരിൽ ഇതൊരാളല്ല; ഇങ്ങനെ നിരവധി പേർ ട്രെയിനുകളുടെ വൈകിയോട്ടം തങ്ങളുടെ ജോലിയെയും ശന്പളത്തെയും ബാധിക്കുന്ന തരത്തിലേക്കു വരെയെത്തിച്ചെന്ന് സങ്കടപ്പെടുന്നവരുമുണ്ട്.
നൂറുകണക്കിനു യാത്രക്കാർ
തൃശൂർ-എറണാകുളം പാതയിൽ രാവിലെയുള്ള മെമു, പാസഞ്ചർ ട്രെയിനുകളിൽ യാത്ര ചെയ്ത് ആലുവ, ഇടപ്പള്ളി, എറണാകുളം എന്നിവിടങ്ങളിൽ ജോലിക്കും പഠനത്തിനുമായി എത്തുന്നവർ നൂറുകണക്കിനാളുകളാണ്. ചെറിയ ശന്പളത്തിനു ജോലി ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പടെയുള്ളവർ സീസൺ ടിക്കറ്റിൽ ട്രെയിൻ യാത്രയെയാണ് ആശ്രയിക്കുന്നത്. ലഭിക്കുന്ന ശന്പളം, എല്ലാ ദിവസവും ബസിലോ മെട്രോയിലോ യാത്ര ചെയ്യാൻ പര്യപ്തമല്ലെന്നാണ് അവർ പറയുന്നത്.
ട്രെയിനല്ലാതെ മറ്റു മാർഗമില്ല
രാവിലെയുള്ള ട്രെയിനുകളിൽ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ജോലിക്കെത്തുന്നവർക്ക്, ഇവിടേക്കെത്താൻ ബസുകളെ ആശ്രയിക്കാനാവാത്ത സ്ഥിതിയുണ്ട്. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു രാവിലെ ട്രെയിൻ വൈകിയാൽ, പകരം ബസ് മാർഗം കൃതയമയത്ത് അമൃതയിലേക്കെത്തുന്നതു പ്രായോഗികമല്ലെന്നു യാത്രക്കാർ പറയുന്നു.
പണിയായി അറ്റകുറ്റപ്പണി!
തൃശൂർ-എറണാകുളം പാതയിലെ അറ്റകുറ്റപ്പണികളുടെ പേരിലാണ് ട്രെയിനുകൾ വൈകിയോടുന്നതെന്നാണ് റെയിൽവേ അധികൃതർ വിശദീകരിക്കുന്നത്. അറ്റകുറ്റപ്പണികളുടെ പേരിൽ ചില ദിവസങ്ങളിൽ ഏതാനും ട്രെയിനുകൾ വൈകിയോടുമെന്നു റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ അന്നും അതിനു ശേഷവും തുടർച്ചയായി ട്രെയിനുകൾ വൈകിയോടുന്നതാണു സ്ഥിതി.
വൈകിയോട്ടക്കാർ !
ട്രെയിനുകളിൽ തിരക്കേറെയുള്ള കഴിഞ്ഞ തിങ്കളാഴ്ച ഗുരുവായൂർ -എറണാകുളം പാസഞ്ചർ എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനിലെത്തിയത് 10.25ന്. എത്തേണ്ട സമയം 9.02 ആണ്. വൈകിയത് ഒന്നര മണിക്കൂറോളം. ചെന്നൈ-ആലപ്പി എക്സ്പ്രസും ഒരു മണിക്കൂറിലധികം വൈകിയാണ് എറണാകുളത്തെത്തിയത്. തൃശൂർ ഭാഗത്തുനിന്നു രാവിലെ എറണാകുളത്തേക്കുള്ള ഷൊർണൂർ-എറണാകുളം മെമു, മധുര എക്സ്പ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്,പാലക്കാട്-എറണാകുളം മെമു എന്നീ ട്രെയിനുകൾ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വൈകിയാണ് ഈ റൂട്ടിൽ ഓടിയത്.
വല്ലാത്തൊരു പിടിച്ചിടൽ
പാസഞ്ചർ, മെമു ട്രെയിനുകൾ, ദീർഘദൂര, സ്പെഷ്യൽ ട്രെയിനുകൾക്കായി ചെറിയ സ്റ്റേഷനുകളിൽ നിർത്തിയിടുനത് പതിവായിട്ടുണ്ടെന്നു യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറോളം വൈകി എറണാകുളത്തെത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂരിനും ഇടപ്പള്ളിക്കുമിടയിൽ നാലിടത്ത് പിടിച്ചിട്ടു. ദൂരസ്ഥലങ്ങളിൽ നിന്നു വൈകിയോടിയെത്തുന്ന ട്രെയിനുകൾക്കു വേണ്ടിയാണു സ്ഥിര യാത്രക്കാർ ഏറെയുള്ള പാസഞ്ചർ, മെമു ട്രെയിനുകൾ നിർത്തിയിടുന്നത്. ഇന്നലെയും ഗുരുവായൂർ പാസഞ്ചർ അരമണിക്കൂറോളം വൈകിയാണ് എറണാകുളത്തെത്തിയത്.
സമയം കുറിച്ചവരെ സമ്മതിക്കണം
ഗുരുവായൂർ-എറണാകുളം പാസഞ്ചർ രാവിലെ എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനിലെത്തേണ്ട സമയം 9 ആണ്. എന്നാൽ ഇവിടുന്നു നോക്കിയാൽ കാണാവുന്നത്ര ദൂരത്തുള്ള എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റേഷനിലേക്ക് ഈ ട്രെയിൻ എത്തേണ്ട സമയം 9.25. പരമാവധി അഞ്ചു മിനിട്ടുകൊണ്ട് ഓടിയെത്താവുന്ന ട്രെയിനിനു റണ്ണിംഗ് ടൈം റെയിൽവേ തന്നെ നിശ്ചയിച്ചത് 25 മിനിട്ട്.
അവസാന സ്റ്റേഷനിലെത്തുന്പോൾ അന്നു വൈകിയോടിയ സമയത്തിന്റെ ദൈർഘ്യം കുറച്ചുകാട്ടാനുള്ള റെയിൽവേയുടെ കുറുക്കുവഴിയാണിതെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സൗത്ത് ഭാഗത്തേക്കു പോകേണ്ട പതിവുയാത്രക്കാരേറെയും റെയിൽവേയുടെ സമയക്കുരുക്ക് മൂലം നോർത്തിൽ ഇറങ്ങി മെട്രോയോ ബസോ പിടിചു യാത്ര ചെയ്യുന്നതു പതിവാണ്.
വൈകില്ലെന്നു പറഞ്ഞിട്ട്?
ഒരു വർഷം മുന്പ് തുടർച്ചയായ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഗുരുവായൂർ-എറണാകുളം പാസഞ്ചറിന്റെ കാര്യത്തിൽ റെയിൽവേ യാത്രക്കാർക്ക് അനുകൂല തീരുമാനമെടുത്തിരുന്നു. തൃശൃരിനും എറണാകുളത്തിനുമിടയിൽ പാസഞ്ചർ മറ്റു ട്രെയിനുകൾക്കായി പിടിച്ചിടില്ലെന്നായിരുന്നു തീരുമാനം. മാസങ്ങളോളം ഇതു വിജയകരമായി നടപ്പിലാവുകയും ചെയ്തു.
എന്നാൽ പിന്നീട്, അറ്റകുറ്റപ്പണികളുടെയും മറ്റും പേരിൽ മറ്റു ട്രെയിനുകൾ വൈകിയോടുന്പോൾ പിടിച്ചിടാനുള്ള നിയോഗം ഇപ്പോൾ പാസഞ്ചറുകൾക്കു തന്നെ.