ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്പോർട്ട്, യാത്ര രേഖ സേവനങ്ങൾക്കുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകൾ ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരും. വിദേശ മന്ത്രാലയം വിജ്ഞാപനം ചെയ്ത പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങൾ 2026 പ്രകാരമാണ് നിരക്കുകൾ ഉയർത്തിയത്.
പുതിയ നിരക്കുകൾ പ്രകാരം, 18 വയസും അതിൽ കൂടുതലുമുള്ള അപേക്ഷകർക്ക് പുതിയ പാസ്പോർട്ടിനോ അല്ലെങ്കിൽ 36 പേജുള്ള പാസ്പോർട്ട് പുതുക്കുന്നതിനോ നോർമൽ കാറ്റഗറിയിൽ 2,500 രൂപ ചെലവ് വരും. നിലവിലിത് 1,500 രൂപയായിരുന്നു. ഇതിനായുള്ള തത്കാൽ നിരക്ക് (നോർമൽ ഫീസ് ഉൾപ്പെടെ) 5,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 60 പേജുള്ള പാസ്പോർട്ടിന്റെ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർധിപ്പിച്ചു. ഇതിന്റെ തത്കാൽ നിരക്ക് 6,000 രൂപയാണ്.
പാസ്പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് അപേക്ഷകർ ഉയർന്ന ഫീസ് നല്കേണ്ടിവരും. 36 പേജുള്ള ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന്റെ ഫീസ് നോർമൽ കാറ്റഗറിയിൽ 5,000 രൂപയായും തത്കാൽ വിഭാഗത്തിൽ 7,500 രൂപയായും പുതുക്കി. 60 പേജുള്ള ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് നോർമൽ വിഭാഗത്തിൽ 6,000 ആയും തത്കാലിൽ 8,500 രൂപയായും പുതുക്കി.
18 വയസിൽ താഴെയുള്ള അപേക്ഷകർക്ക് പുതിയതോ പുതുക്കി നൽകുന്നതോ ആയ 36 പേജുള്ള പാസ്പോർട്ടിന് 1,750 രൂപ ചെലവ് വരും. നിലവിൽ 1,000 രൂപയാണ്. തത്കാൽ ഫീസ് 4,250 ആയി നിശ്ചയിച്ചു. മൈനറുകളുടെ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത 36 പേജുള്ള പാസ്പോർട്ടിനു പകരം നല്കുന്ന ഡ്യൂപ്ലിക്കേറ്റിന് നോർമൽ വിഭാഗത്തിൽ 4250 രൂപയും തത്കാലിന് 6750 രൂപയുമാണ് നിരക്ക്.
പിസിസി, വിദേശ സേവനങ്ങളുടെ ഫീസ് ഉയർത്തി
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ അനുബന്ധ പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഫീസ് ഇന്ത്യക്കകത്ത് 750 ആയി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റിക്ക് 1,000 രൂപ ചെലവു വരും.
വിദേശത്ത് നൽകുന്ന സേവനങ്ങൾക്ക്, എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് 15 യുഎസ് ഡോളറും സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റിക്ക് 50 യുഎസ് ഡോളറും ആയിരിക്കും നിരക്ക്. ഈ സേവനങ്ങൾക്ക് തത്കാൽ സൗകര്യം ലഭ്യമാകില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പാസ്പോർട്ട് കാലാവധി
നിയമങ്ങളിൽ മാറ്റമില്ല
പുതുക്കിയ നിയമങ്ങൾ പ്രകാരം മുതിർന്ന അപേക്ഷകർക്കു നൽകുന്ന പാസ്പോർട്ടുകളുടെ കാലാവധി 10 വർഷം വരെയായി തന്നെ തുടരും. പ്രായപൂർത്തിയാകാത്തവർക്ക് നല്കുന്ന കാലാവധി അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ അത് കൈവശം വയ്ക്കുന്നയാൾക്ക് 18 വയസ് തികയുന്നത് വരെയോ ആയിരിക്കും.