ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക്.
സാമൂഹ്യപ്രവർത്തകനായ സോനം വാംഗ്ചുക്കും വിദ്യാർഥിസംഘടനയായ എഐഎസ്എയുടെ ആറു പ്രവർത്തകരും മറ്റ് ഒന്പത് വിദ്യാർഥികളും നടത്തുന്ന നിരാഹാരം ഒരാഴ്ചയോടടുക്കുമ്പോൾ പ്രവർത്തകരുമായി സമവായ ചർച്ചയ്ക്കുപോലും കേന്ദ്രം തയാറായിട്ടില്ല.
ജന്തർ മന്തറിലെ കനത്ത ചൂടിൽ വെള്ളം കുടിച്ചു മാത്രം നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില ഓരോ ദിവസം കഴിയുമ്പോഴും ശോഷിക്കുകയാണ്.
ദിവസത്തിൽ നാലു തവണ മെഡിക്കൽ അധികൃതരെത്തി നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. ഭാരം ഓരോ ദിവസം കഴിയുമ്പോഴും കുറയുന്നതിനോടൊപ്പം രക്തസമ്മർദത്തിലും ഗുരുതരമായ വ്യതിചലനങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
നിരാഹാരത്തിന്റെ തുടക്കത്തിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നവർ ഇന്നലെ ക്ഷീണം മൂലം കിടപ്പിലായിരുന്നു.