Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathankot

Sunday Feature

പ​ത്താ​ന്‍​കോ​ട്ടി​ലെ ഭീ​ക​ര​രാ​ത്രി

സാ​ലി ലൂ​ക്കോ​സ് ഓ​ര്‍​മി​ക്കു​ന്നു

2016 ജ​നു​വ​രി ര​ണ്ട് രാ​ത്രി. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ വ്യോ​മ ക​മാ​ന്‍​ഡി​നു കീ​ഴി​ലു​ള്ള പ​ഞ്ചാ​ബി​ലെ പ​ത്താ​ന്‍​കോ​ട്ട് വ്യോ​മ​താ​വ​ളം. ജ​മ്മു കാ​ഷ്മീ​ര്‍, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ സം​ഗ​മി​ക്കു​ന്ന പ്ര​ദേ​ശം. കു​ളി​ര​ണി​ഞ്ഞ ആ ​രാ​ത്രി പ​ത്താ​ന്‍​കോ​ട്ട് സൈ​നി​ക ആ​ശു​പ​ത്രി പു​തു​വ​ത്സ​ര​പ്പി​റ​വി​യു​ടെ സ​ന്തോ​ഷാ​ര​വ​ങ്ങ​ളി​ലാ​യി​രു​ന്നു.

ബ​ലൂ​ണു​ക​ളും തോ​ര​ണ​ങ്ങ​ളും വി​ള​ക്കു​ക​ളും കൊ​ണ്ടു വ​ർ‌​ണാ​ഭ​മാ​യി അ​ല​ങ്ക​രി​ച്ച ആ​ശു​പ​ത്രി വ​രാ​ന്ത​യി​ല്‍ ഡെ​പ്യൂ​ട്ടി പ്രി​ന്‍​സി​പ്പ​ൽ മേ​ട്ര​ണ്‍ കോ​ട്ട​യം തെ​ള്ള​കം കാ​റ്റാ​ടി​യി​ല്‍ സാ​ലി ലൂ​ക്കോ​സും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് പു​തു​വ​ര്‍​ഷം പി​റ​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​പു​ഞ്ചി​രി. ഏ​വ​രും പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​രു​ന്ന​തി​ന്‍റെ തി​ര​ക്ക്. എ​ന്നാ​ല്‍, നി​മി​ഷ​ങ്ങ​ള്‍​ക്ക​കം സ​ന്തോ​ഷം ഭ​യാ​ന​ക​മാ​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​മെ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല.

പു​ല​ര്‍​ച്ചെ ര​ണ്ടി​ന് പ​ത്താ​ന്‍​കോ​ട്ട് വ്യോ​മ​സേ​ന താ​വ​ള​ത്തി​ലേ​ക്ക് പാ​ക്കി​സ്ഥാ​നി​ലെ ‘ജെ​യ്ഷെ ഇ ​മൊ​ഹ​മ്മ​ദ്’ തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ലെ നാ​ലു ഭീ​ക​ര​ര്‍ ഇ​ന്ത്യ​ന്‍​സേ​ന​യു​ടെ യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണം പു​തു​വ​ത്സ​ര​പ്പി​റ​വി​യു​ടെ ആ​ര​വ​ത്തെ പൂ​ര്‍​ണ​മാ​യി ത​കി​ടം മ​റി​ച്ചു. ഗ്ര​നേ​ഡു​ക​ളും മോ​ർ​ട്ടാ​റു​ക​ളും എ​കെ 47 തോ​ക്കു​ക​ളു​മാ​യാ​ണ് ഭീ​ക​ര​ർ അ​തീ​വ​സു​ര​ക്ഷാ മ​തി​ൽ മ​റി​ക​ട​ന്നെ​ത്തി​യ​ത്. നൊ​ടി​യി​ടെ ആ​ശു​പ​ത്രി അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​യി. വെ​ടി​യൊ​ച്ച​ക​ളും നി​ല​വി​ളി​ക​ളും​കൊ​ണ്ട് പ്ര​ദേ​ശം യു​ദ്ധ​ക്ക​ള​മാ​യി.

രാ​ജ്യ​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​രാ​യ സൈ​നി​ക​രു​ടെ ചോ​ര​ച്ചൂ​ടും വെ​ടി​യു​ണ്ട​ക​ളു​ടെ മി​ന്ന​ല്‍​പ്പാ​ച്ചി​ലും ആ​ശു​പ​ത്രി​യെ വി​റ​പ്പി​ച്ചു. സൈ​ന്യ​വും ഭീ​ക​ര​രും ഏ​റ്റു​മു​ട്ടി. അ​വ​സാ​ന​ത്തെ ഭീ​ക​ര​നെ​യും വ​ധി​ക്കും​വ​രെ ര​ണ്ടു നാ​ൾ നീ​ണ്ട പോ​രാ​ട്ടം. ഭീ​ക​ര​ര്‍ ഒ​ളി​പ്പി​ച്ച ഗ്ര​നേ​ഡ്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​റ്റേ​ന്ന് പാ​ല​ക്കാ​ട് എ​ലു​മ്പു​ലാ​ശേ​രി ക​ള​രി​ക്ക​ല്‍ ലെ​ഫ്. കേ​ണ​ല്‍ നി​ര​ഞ്ജ​ന്‍ കു​മാ​റി​ന് സ്ഫോ​ട​ന​ത്തി​ല്‍ ജീ​വ​ന്‍ ഹോ​മി​ക്കേ​ണ്ടി​വ​ന്ന​ത്. നി​ര​ഞ്ജ​ന്‍ ഉ​ള്‍​പ്പ​ടെ ആ​റു ധീ​ര ജ​വാ​ന്മാ​രാ​ണ് രാ​ജ്യ​ത്തി​നാ​യി പ​ത്താ​ൻ​കോ​ട്ട് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. പ​തി​നെ​ട്ടു സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കേ​ണ​ല്‍ നി​ര​ഞ്ജ​നെ അ​വ​സാ​ന​മാ​യി ശു​ശ്രൂ​ഷി​ക്കേ​ണ്ടി​വ​ന്ന സാ​ലി ലൂ​ക്കോ​സി​ന് ഇ​ന്നും ആ ​നി​മി​ഷ​ങ്ങ​ളെ മ​റ​ക്കാ​നാ​കു​ന്നി​ല്ല. രാ​ത്രി​യു​ടെ ശാ​ന്ത​ത​യെ കീ​റി​മു​റി​ച്ച ഭീ​ക​ര​ത​യും കേ​ണ​ല്‍ നി​ര​ഞ്ജ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​ന്ന ഭാ​ര്യ​യു​ടെ അ​വ​സാ​ന കോ​ളും ഉ​ള്‍​പ്പ​ടെ വി​വ​രി​ക്കു​ക​യാ​ണ് സാ​ലി ലൂ​ക്കോ​സ് ത​ന്‍റെ ആ​ത്മ​ക​ഥാ സ​മാ​ഹാ​ര​മാ​യ ‘പേ​ള്‍​സ്’ എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ.

ബ്രൗ​ണ്‍​സ് പ​ബ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ ആ​ത്മ​ക​ഥ​യി​ല്‍ സ​ര്‍​വീ​സ് അ​നു​ഭ​വ​ങ്ങ​ളും വി​വ​രി​ക്കു​ന്നു​ണ്ട്. മി​ലി​റ്റ​റി ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, അ​വ​രു​ടെ വേ​ദ​ന​ക​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും ഒ​പ്പം നി​ന്ന​തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​ണ് ഉ​ള്ള​ട​ക്കം.

ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്ന അ​പ​രി​ചി​ത​മാ​യ ഇ​ട​ങ്ങ​ള്‍, വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ങ്ങ​ള്‍, ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലെ നി​മി​ഷ​ങ്ങ​ള്‍... ഇ​തി​നെ​ല്ലാം സാ​ക്ഷി​യാ​കേ​ണ്ടി​വ​ന്ന ഒ​രു ന​ഴ്സി​ന്‍റെ അ​റി​വ​നു​ഭ​വ​ങ്ങ​ള്‍. ദീ​ര്‍​ഘ​മാ​യ യാ​ത്ര​യി​ല്‍ ക​രു​ത്താ​യ​ത് കേ​വ​ലം ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളി​ലെ​ല്ലാം മു​റു​കെ​പ്പി​ടി​ച്ച ദൈ​വ​വി​ശ്വാ​സ​വും പ്രാ​ര്‍​ഥ​ന​യും കൂ​ടി​യാ​യി​രു​ന്നു. ഒ​രു മി​ലി​റ്റ​റി ന​ഴ്സ് എ​ന്ന നി​ല​യി​ലെ അ​നു​ഭ​വ​ങ്ങ​ള്‍​ക്കും അ​തി​ന​പ്പു​റം വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ചേ​ര്‌​ത്തു​വ​ച്ച ജീ​വി​ത​ത്തെ​ക്കു​റി​ച്ചും മ​നോ​ഹ​ര​മാ​യി വ​ര്‍​ണി​ക്കു​ന്നു.

സാ​ലി​യു​ടെ മ​ക​ന്‍ ലെ​ഫ്. കേ​ണ​ല്‍ അ​ല്‍​വീ​നും അ​മ്മ​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ ത​ന്നെ​യെ​ത്തി. ആ​ര്‍​മി​യി​ല്‍ പൈ​ല​റ്റും പൈ​ല​റ്റ് പ​രി​ശീ​ല​ക​നു​മാ​ണ് അ​ല്‍​വീ​ന്‍. 2025 മേ​യ് ഏ​ഴി​ന് ന​ട​ന്ന സി​ന്ദൂ​ര്‍ ഓ​പ്പ​റേ​ഷ​നി​ല്‍ അ​ല്‍​വീ​നു​മു​ണ്ടാ​യി​രു​ന്നു. മ​ക​ന്‍ യു​ദ്ധ​മു​ഖ​ത്ത് രാ​ജ്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​തി​ല്‍ അ​ഭി​മാ​നം തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ലും അ​മ്മ​യെ​ന്ന നി​ല​യി​ല്‍ ആ ​രാ​ത്രി ആ​ശ​ങ്ക​യു​ടേ​താ​യി​രു​ന്നു​വെ​ന്ന് സാ​ലി പ​റ​യു​ന്നു. മ​രു​മ​ക​ളും കൊ​ച്ചു​മ​ക​ളും സൈ​നി​ക നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ബ​ങ്ക​റി​ലേ​ക്ക് മാ​റു​ക​യാ​ണെ​ന്നും ഫോ​ണ്‍ സൈ​ല​ന്‍റ് ആ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. അ​ന്ന് യു​കെ​യി​ലാ​യി​രു​ന്ന സാ​ലി ഒ​രു വാ​ക്കു​പോ​ലും മി​ണ്ടാ​ന്‍ ക​ഴി​യാ​തെ ത​റ​യി​ലേ​ക്ക് വീ​ണ് പൊ​ട്ടി​ക്ക​ര​ഞ്ഞ​ത് ഓ​ര്‍​ക്കു​ന്നു.

ഗ്ലാ​സ് വാ​തി​ലു​ക​ളെ​ല്ലാം അ​ട​ച്ചി​ട്ടി​രു​ന്ന​തു​കൊ​ണ്ട് ത​ന്‍റെ ഏ​ങ്ങ​ല​ടി പു​റ​ത്താ​രും കേ​ള്‍​ക്കി​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ‘ദൈ​വ​മേ, മ​ക​ന്‍ രാ​ജ്യ​സ്നേ​ഹം​കൊ​ണ്ടാ​ണ് പ​ട്ടാ​ള​ത്തി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​വ​ന്‍ യു​ദ്ധം ചെ​യ്യാ​ന്‍ ത​യാ​റാ​ണ്, എ​ങ്കി​ലും അ​വ​ന്‍ യു​ദ്ധ​ക്ക​ള​ത്തി​ല്‍ മ​രി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ങ്ങാ​ണ് അ​വ​ന്‍റെ ജീ​വ​ന്‍റെ യ​ഥാ​ര്‍​ഥ കാ​വ​ല്‍​ക്കാ​ര​ന്‍. ചെ​റി​യ പോ​റ​ലോ തു​ള്ളി ചോ​ര​യു​ടെ ന​ഷ്‌​ട​മോ ഇ​ല്ലാ​തെ മ​ക​നെ സു​ര​ക്ഷി​ത​നാ​യി തി​രി​കെ ന​ല്‍​ക​ണ​മേ.’ യു​ദ്ധ​മു​ഖ​ത്തു​ള്ള എ​ല്ലാ​വ​ര്‍​ക്കു​മാ​യി താ​ന്‍ ക​ര​ഞ്ഞു പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു​വെ​ന്ന് സാ​ലി ഓ​ർ​ക്കു​ന്നു.

ടെ​ലി​വി​ഷ​ൻ തു​റ​ന്ന​പ്പോ​ള്‍ അ​തി​ര്‍​ത്തി​യി​ലെ വെ​ടി​വ​യ്പ്പു​ക​ളെ​ക്കും സ്ഥോ​ട​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് കാ​ണാ​നാ​യ​ത്. അ​ല്‍​വീ​ന്‍ ജോ​ലി ചെ​യ്യു​ന്ന പ്ര​ദേ​ശ​വും അ​തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ഹൃ​ദ​യം ത​ക​ര്‍​ത്തു. ടി​വി​ക്ക് മു​ന്നി​ലി​രു​ന്നാ​ണ് അ​ന്ന് രാ​ത്രി സാ​ലി നേ​രം വെ​ളു​പ്പി​ച്ച​ത്. യു​കെ സ​മ​യം പു​ല​ര്‍​ച്ചെ മൂ​ന്നാ​യ​പ്പോ​ള്‍ ഫോ​ണ്‍ ബെ​ല്ല​ടി​ച്ചെ​ന്നും അ​ല്‍​വീ​ന്‍റെ ശ​ബ്‌​ദ​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​യി തോ​ന്നി​യ​തെ​ന്നും സാ​ലി പ​റ​യു​ന്നു.

ഭാ​ര്യ​യെ​യും മ​ക​ളെ​യും സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​ക്കൊ​പ്പം ടാ​ക്സി​യി​ല്‍ ഡ​ല്‍​ഹി​ക്ക് മാ​റ്റു​ക​യാ​ണെ​ന്നും ഈ ​യു​ദ്ധ​ത്തി​ല്‍ ന​മ്മ​ള്‍ വി​ജ​യി​ക്കു​മെ​ന്നും ഭ​യ​പ്പെ​ട​രു​തെ​ന്നു​മാ​യി​രു​ന്നു അ​ല്‍​വീ​ന്‍ പ​റ​ഞ്ഞ​ത്. മ​ക​ന്‍ സു​ര​ക്ഷി​ത​നാ​യി തി​രി​ച്ച​ത്തി​യ​തും അ​വ​രു​ടെ കു​ടും​ബം അ​നു​ഭ​വി​ച്ച മ​റ്റു വേ​ദ​ന​ക​ളു​മെ​ല്ലാം സാ​ലി പു​സ്ത​ക​ത്തി​ല്‍ വി​വ​രി​ക്കു​ന്നു​ണ്ട്.

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​നി​ലും പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലു​മാ​യി ഒ​ന്‍​പ​ത് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം ന​ട​ത്തി​യ മി​ന്ന​ല്‍ മി​സൈ​ലാ​ക്ര​മ​ണം. 2025 മേ​യ് ഏ​ഴ് പു​ല​ര്‍​ച്ചെ 1.44നാ​ണ് ഇ​ന്ത്യ​യു​ടെ ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് ‘ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍’ ദൗ​ത്യം ന​ട​ത്തി​യ​ത്. മു​സാ​ഫ​ര്‍​ബാ​ദ്, ബ​ഹ​വ​ല്‍​പു​ര്‍, കോ​ട്‌​ലി, മു​രി​ഡ്ക് തു​ട​ഘ്ഘി ഒ​ന്‍​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സാ​ലി​യു​ടെ ഭ​ര്‍​ത്താ​വ് ജോ​സ് കാ​റ്റാ​ടി​യി​ല്‌ ല​ണ്ട​നി​ല്‍ സീ​നി​യ​ര്‍ പ്ര​ഫ​സ​റും റീ​ഫോം പാ​ര്‍​ട്ടി​യു​ടെ ബാ​സി​ല്‍​ഡ​ണ്‍ കൗ​ണ്‍​സി​ല​റു​മാ​ണ്. ലെ​ഫ്. കേ​ണ​ല്‍ അ​ല്‍​വീ​ന്‍ (പൈ​ല​റ്റ് ഇ​ന്ത്യ​ന്‍ ആ​ര്‍​മി), അ​ല്‍​വീ​ന (ക്ലൈ​മ​റ്റ് ചേ​ഞ്ച് ക​ണ്‍​സ​ള്‍​ട്ട​ന്‍റ്, അ​യ​ര്‍​ല​ന്‍​ഡ്), അ​ജോ (ഫാ​ര്‍​മ​ക്കോ​ള​ജി​സ്റ്റ്, യു.​കെ), ടോ​ജോ (ബോ​ഷ്, എ​ൻ​ജി​നി​യ​ര്‍, യു​കെ) എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Latest News

Corehub Up