സാലി ലൂക്കോസ് ഓര്‍മിക്കുന്നു
2016 ജനുവരി രണ്ട് രാത്രി. ഇന്ത്യന്‍ വ്യോമസേനയുടെ പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡിനു കീഴിലുള്ള പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം. ജമ്മു കാഷ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന പ്രദേശം. കുളിരണിഞ്ഞ ആ രാത്രി പത്താന്‍കോട്ട് സൈനിക ആശുപത്രി പുതുവത്സരപ്പിറവിയുടെ സന്തോഷാരവങ്ങളിലായിരുന്നു.
ബലൂണുകളും തോരണങ്ങളും വിളക്കുകളും കൊണ്ടു വർണാഭമായി അലങ്കരിച്ച ആശുപത്രി വരാന്തയില്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പൽ മേട്രണ്‍ കോട്ടയം തെള്ളകം കാറ്റാടിയില്‍ സാലി ലൂക്കോസും ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് പുതുവര്‍ഷം പിറന്നതിന്റെ ആഹ്ലാദപുഞ്ചിരി. ഏവരും പുതുവത്സരാശംസകള്‍ നേരുന്നതിന്റെ തിരക്ക്. എന്നാല്‍, നിമിഷങ്ങള്‍ക്കകം സന്തോഷം ഭയാനകമായ മിന്നലാക്രമണത്തിലേക്ക് വഴിമാറുമെന്ന് ആരും കരുതിയിരുന്നില്ല.
പുലര്‍ച്ചെ രണ്ടിന് പത്താന്‍കോട്ട് വ്യോമസേന താവളത്തിലേക്ക് പാക്കിസ്ഥാനിലെ ‘ജെയ്ഷെ ഇ മൊഹമ്മദ്’ തീവ്രവാദ സംഘടനയിലെ നാലു ഭീകരര്‍ ഇന്ത്യന്‍സേനയുടെ യൂണിഫോം ധരിച്ചെത്തി നടത്തിയ മിന്നലാക്രമണം പുതുവത്സരപ്പിറവിയുടെ ആരവത്തെ പൂര്‍ണമായി തകിടം മറിച്ചു. ഗ്രനേഡുകളും മോർട്ടാറുകളും എകെ 47 തോക്കുകളുമായാണ് ഭീകരർ അതീവസുരക്ഷാ മതിൽ മറികടന്നെത്തിയത്. നൊടിയിടെ ആശുപത്രി അന്തരീക്ഷം കലുഷിതമായി. വെടിയൊച്ചകളും നിലവിളികളുംകൊണ്ട് പ്രദേശം യുദ്ധക്കളമായി.
രാജ്യത്തിന്റെ കാവല്‍ക്കാരായ സൈനികരുടെ ചോരച്ചൂടും വെടിയുണ്ടകളുടെ മിന്നല്പ്പാച്ചിലും ആശുപത്രിയെ വിറപ്പിച്ചു. സൈന്യവും ഭീകരരും ഏറ്റുമുട്ടി. അവസാനത്തെ ഭീകരനെയും വധിക്കുംവരെ രണ്ടു നാൾ നീണ്ട പോരാട്ടം. ഭീകരര്‍ ഒളിപ്പിച്ച ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പിറ്റേന്ന് പാലക്കാട് എലുമ്പുലാശേരി കളരിക്കല്‍ ലെഫ്. കേണല്‍ നിരഞ്ജന് കുമാറിന് സ്ഫോടനത്തില്‍ ജീവന് ഹോമിക്കേണ്ടിവന്നത്. നിരഞ്ജന് ഉള്‍പ്പടെ ആറു ധീര ജവാന്മാരാണ് രാജ്യത്തിനായി പത്താൻകോട്ട് വീരമൃത്യു വരിച്ചത്. പതിനെട്ടു സൈനികര്‍ക്ക് പരിക്കേറ്റു.
കേണല്‍ നിരഞ്ജനെ അവസാനമായി ശുശ്രൂഷിക്കേണ്ടിവന്ന സാലി ലൂക്കോസിന് ഇന്നും ആ നിമിഷങ്ങളെ മറക്കാനാകുന്നില്ല. രാത്രിയുടെ ശാന്തതയെ കീറിമുറിച്ച ഭീകരതയും കേണല്‍ നിരഞ്ജന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഭാര്യയുടെ അവസാന കോളും ഉള്‍പ്പടെ വിവരിക്കുകയാണ് സാലി ലൂക്കോസ് തന്റെ ആത്മകഥാ സമാഹാരമായ ‘പേള്‍സ്’ എന്ന പുസ്തകത്തിലൂടെ.
ബ്രൗണ്‍സ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ആത്മകഥയില്‍ സര്‍വീസ് അനുഭവങ്ങളും വിവരിക്കുന്നുണ്ട്. മിലിറ്ററി നഴ്സായി സേവനമനുഷ്ഠിച്ച കാലത്ത് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യപരിചരണത്തിന്റെ ഭാഗമായി, അവരുടെ വേദനകളിലും പ്രതിസന്ധികളിലും ഒപ്പം നിന്നതിന്റെ നേര്‍സാക്ഷ്യമാണ് ഉള്ളടക്കം.
ജോലി ചെയ്യേണ്ടിവന്ന അപരിചിതമായ ഇടങ്ങള്‍, വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങള്‍, ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍... ഇതിനെല്ലാം സാക്ഷിയാകേണ്ടിവന്ന ഒരു നഴ്സിന്റെ അറിവനുഭവങ്ങള്‍. ദീര്‍ഘമായ യാത്രയില്‍ കരുത്തായത് കേവലം ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ മാത്രമായിരുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം മുറുകെപ്പിടിച്ച ദൈവവിശ്വാസവും പ്രാര്‍ഥനയും കൂടിയായിരുന്നു. ഒരു മിലിറ്ററി നഴ്സ് എന്ന നിലയിലെ അനുഭവങ്ങള്‍ക്കും അതിനപ്പുറം വിശ്വാസവും പ്രതീക്ഷയും ചേര്‍ത്തുവച്ച ജീവിതത്തെക്കുറിച്ചും മനോഹരമായി വര്‍ണിക്കുന്നു.
സാലിയുടെ മകന് ലെഫ്. കേണല്‍ അല്വീനും അമ്മയുടെ പാത പിന്തുടര്ന്ന് ഇന്ത്യന്‍ ആര്‍മിയില്‍ തന്നെയെത്തി. ആര്‍മിയില്‍ പൈലറ്റും പൈലറ്റ് പരിശീലകനുമാണ് അല്വീന്. 2025 മേയ് ഏഴിന് നടന്ന സിന്ദൂര്‍ ഓപ്പറേഷനില്‍ അല്വീനുമുണ്ടായിരുന്നു. മകന് യുദ്ധമുഖത്ത് രാജ്യത്തിനായി പോരാടുന്നതില്‍ അഭിമാനം തോന്നിയിരുന്നുവെങ്കിലും അമ്മയെന്ന നിലയില്‍ ആ രാത്രി ആശങ്കയുടേതായിരുന്നുവെന്ന് സാലി പറയുന്നു. മരുമകളും കൊച്ചുമകളും സൈനിക നിര്‍ദേശമനുസരിച്ച് ബങ്കറിലേക്ക് മാറുകയാണെന്നും ഫോണ്‍ സൈലന്റ് ആയിരിക്കുമെന്നും അറിയിച്ചു. അന്ന് യുകെയിലായിരുന്ന സാലി ഒരു വാക്കുപോലും മിണ്ടാന്‍ കഴിയാതെ തറയിലേക്ക് വീണ് പൊട്ടിക്കരഞ്ഞത് ഓര്‍ക്കുന്നു.
ഗ്ലാസ് വാതിലുകളെല്ലാം അടച്ചിട്ടിരുന്നതുകൊണ്ട് തന്റെ ഏങ്ങലടി പുറത്താരും കേള്‍ക്കില്ലെന്ന് അറിയാമായിരുന്നു. ‘ദൈവമേ, മകന് രാജ്യസ്നേഹംകൊണ്ടാണ് പട്ടാളത്തില്‍ ചേരാന്‍ തീരുമാനിച്ചത്. അവന് യുദ്ധം ചെയ്യാന്‍ തയാറാണ്, എങ്കിലും അവന് യുദ്ധക്കളത്തില്‍ മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങാണ് അവന്റെ ജീവന്റെ യഥാര്‍ഥ കാവല്ക്കാരന്. ചെറിയ പോറലോ തുള്ളി ചോരയുടെ നഷ്ടമോ ഇല്ലാതെ മകനെ സുരക്ഷിതനായി തിരികെ നല്കണമേ.’ യുദ്ധമുഖത്തുള്ള എല്ലാവര്‍ക്കുമായി താന്‍ കരഞ്ഞു പ്രാര്ഥിച്ചുകൊണ്ടേയിരുന്നുവെന്ന് സാലി ഓർക്കുന്നു.
ടെലിവിഷൻ തുറന്നപ്പോള്‍ അതിര്‍ത്തിയിലെ വെടിവയ്പ്പുകളെക്കും സ്ഥോടനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കാണാനായത്. അല്വീന് ജോലി ചെയ്യുന്ന പ്രദേശവും അതിലുണ്ടായിരുന്നുവെന്നത് ഹൃദയം തകര്‍ത്തു. ടിവിക്ക് മുന്നിലിരുന്നാണ് അന്ന് രാത്രി സാലി നേരം വെളുപ്പിച്ചത്. യുകെ സമയം പുലര്‍ച്ചെ മൂന്നായപ്പോള്‍ ഫോണ്‍ ബെല്ലടിച്ചെന്നും അല്വീന്റെ ശബ്ദമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായി തോന്നിയതെന്നും സാലി പറയുന്നു.
ഭാര്യയെയും മകളെയും സുഹൃത്തിന്റെ ഭാര്യക്കൊപ്പം ടാക്സിയില്‍ ഡല്‍ഹിക്ക് മാറ്റുകയാണെന്നും ഈ യുദ്ധത്തില്‍ നമ്മള് വിജയിക്കുമെന്നും ഭയപ്പെടരുതെന്നുമായിരുന്നു അല്വീന് പറഞ്ഞത്. മകന് സുരക്ഷിതനായി തിരിച്ചത്തിയതും അവരുടെ കുടുംബം അനുഭവിച്ച മറ്റു വേദനകളുമെല്ലാം സാലി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമായി ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ മിസൈലാക്രമണം. 2025 മേയ് ഏഴ് പുലര്‍ച്ചെ 1.44നാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ് ‘ഓപ്പറേഷന് സിന്ദൂര്‍’ ദൗത്യം നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് തുടഘ്ഘി ഒന്‍പത് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
സാലിയുടെ ഭര്‍ത്താവ് ജോസ് കാറ്റാടിയില്‍ ലണ്ടനില്‍ സീനിയര്‍ പ്രഫസറും റീഫോം പാര്‍ട്ടിയുടെ ബാസില്ഡണ് കൗണ്‍സിലറുമാണ്. ലെഫ്. കേണല്‍ അല്വീന് (പൈലറ്റ് ഇന്ത്യന്‍ ആര്‍മി), അല്‍വീന (ക്ലൈമറ്റ് ചേഞ്ച് കണ്‍സള്‍ട്ടന്റ്, അയര്‍ലന്‍ഡ്), അജോ (ഫാര്‍മക്കോളജിസ്റ്റ്, യു.കെ), ടോജോ (ബോഷ്, എൻജിനിയര്‍, യുകെ) എന്നിവരാണ് മക്കള്‍.
Tags : Sunday Deepika Pathankot