പഞ്ചാബിലെ അമൃത്സറിനും ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗ അട്ടാരിക്കും സമീപം സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധസ്മാരകമാണ് പുല് കന്ജരി (പുല് മൊറാന്‍ എന്നും അറിയപ്പെടുന്നു). സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജ രഞ്ജിത് സിംഗിന്റെ ജീവിതവും പ്രണയവുമായി അഭേദ്യമായി ബന്ധം പുലര്‍ത്തുന്ന മണ്ണാണിത്.
ഇതോടൊപ്പം മതസൗഹാര്ദതയും രാഷ്ട്രീയതന്ത്രങ്ങളും 1971 ലെ ഇന്തോ-പാക് യുദ്ധത്തിന്റെ വീരസ്മരണകളും ഇഴുകിച്ചേര്‍ന്ന കഥകൂടി പറയുമ്പോഴേ പ്രദേശത്തിന്റെ ചരിത്രം പൂര്‍ണമാവൂ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രഞ്ജിത് സിംഗിന്റെ ഭരണകാലത്താണ് ഈ സമുച്ചയം നിര്‍മിക്കപ്പെടുന്നത്. ലഹോറിനും അമൃത്സറിനുമിടയിലുള്ള പ്രധാന യാത്രാപാതയിലായിരുന്നു ഇതിന്റെ സ്ഥാനം.
ഇനി പ്രദേശത്തിന്റെ ചരിത്രത്തിലേക്കും രാജ രഞ്ജിത് സിംഗിന്റെ പ്രണയകഥയിലേക്കും വരാം. സമീപ ഗ്രാമമായ മഖന്പുരയിലെ പ്രശസ്ത നര്‍ത്തകിയായിരുന്നു മൊറാന്‍. രാജസദസില്‍ പതിവായി നൃത്തം അവതരിപ്പിക്കാന്‍ മൊറാന്‍ പോകുമ്പോള്‍, മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഷാലിമാര്‍ പൂന്തോട്ടത്തിലേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച ഹന്സ്ളി കനാല്‍ മുറിച്ചുകടക്കേണ്ടിയിരുന്നു.
ഒരു യാത്രയില്‍ കനാല്‍ കടക്കുമ്പോള്‍ മഹാരാജാവ് സമ്മാനിച്ച വെള്ളി പാദുകങ്ങളിലൊന്ന് ഒഴുക്കില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ദുഃഖിതയായ മൊറാന്‍, കനാലിനു കുറുകെ പാലം നിര്‍മിക്കാതെ ഇനി സദസില്‍ എത്തില്ലെന്ന് നിലപാടെടുത്തു. മൊറാനോടുള്ള അതിയായ സ്നേഹവും ബഹുമാനവും കാരണം മഹാരാജാവ് ഉടന്‍തന്നെ അവിടെയൊരു ഇഷ്ടികപ്പാലം പണിതാണ് പ്രശ്നം പരിഹരിച്ചത്.
അക്കാലത്ത് നര്‍ത്തകിമാരെ പൊതുവായി വിളിച്ചിരുന്ന ‘കന്ജരി’ എന്ന വാക്കില്‍നിന്നാണ് ‘പുല് കന്ജരി’ (നര്‍ത്തകിയുടെ പാലം) എന്ന പേര് രൂപപ്പെട്ടത്. പിന്നീട് മഹാരാജാവ് മൊറാനെ വിവാഹം ചെയ്യുകയും ‘മോറാന്‍ സര്‍ക്കാര്‍’ എന്ന പേരില്‍ ആദരിക്കുകയും ചെയ്തതോടെ ഈ പ്രദേശത്തെ പുല് മൊറാന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
എന്തായാലും മൊറാന്റെ പിടിവാശി മഹത്തായ ഒരു നിര്മാണപ്രവര്ത്തനത്തിനാണ് വഴിതെളിച്ചത്. ലഹോറിലെയും അമൃത്സറിലെയും നിര്‍മാണങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ‘നാനാക്ഷാഹി’ ഇഷ്ടികകൊണ്ടാണ് ഇവിടുത്തെ നിര്‍മിതികള്‍ പൂര്‍ത്തിയാക്കിയത്. ഒരു പാലം എന്നതിനപ്പുറം സഞ്ചാരികള്‍ക്കും സൈന്യത്തിനും വേണ്ടിയുള്ള വലിയൊരു വിശ്രമസങ്കേതം കൂടിയായിരുന്നു അവിടെ പണികഴിപ്പിച്ചത്.
പന്ത്രണ്ട് വാതിലുകളുള്ള ബാരാദരി എന്ന വലിയൊരു വിശ്രമമന്ദിരമായിരുന്നു പ്രധാന നിര്‍മിതി. ലഹോറിനും അമൃത്സറിനും ഇടയില്‍ യാത്ര ചെയ്യുമ്പോള്‍ മഹാരാജാവും പരിവാരങ്ങളും വിശ്രമിച്ചിരുന്നത് ഇവിടെയായിരുന്നു. കനാലില്‍നിന്നും വെള്ളമെത്തിച്ചിരുന്ന സരോവര്‍ എന്ന വലിയ ജലാശയത്തോടനുബന്ധിച്ച് പുരുഷന്മാര്ക്ക് കുളിക്കാന്‍ തുറസായ പടവുകളും സ്ത്രീകള്‍ക്കായി പ്രത്യേക മറയോടുകൂടിയ കുളിക്കടവുകളും മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാൻ പ്രത്യേക ചരിവുകളും ഒരുക്കിയിരുന്നു.
സമുച്ചയത്തിന്റെ വശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തും പുറംഭിത്തികളിലും അതിമനോഹരമായ ചുവര്‍ചിത്രങ്ങള്‍ കാണാം. ഹിന്ദുപുരാണങ്ങളിലെ ദൃശ്യങ്ങള്‍, പഞ്ചാബി പ്രണയകാവ്യങ്ങളായ സൊഹ്നി മഹിവാള്‍, ഹീര്‍ രാഞ്ജ, സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് ശിഷ്യന്മാരായ ബാല, മര്‍ദാന തുടങ്ങിയവയായിരുന്നു ഇതിവൃത്തങ്ങള്‍.
ഇസ്ലാം വിശ്വാസിയായ മൊറാന്റെയും മുസ്ലിം സഞ്ചാരികളുടെയും പ്രാര്‍ഥനയ്ക്കായി ഇവിടെ ഒരു ചെറിയ മോസ്കും പണിതു. ഒരേ വളപ്പില്‍ ക്ഷേത്രവും മോസ്കും നിര്‍മിച്ചത് മഹാരാജാവിന്റെ മതസൗഹാര്‍ദ്ദ സമീപനത്തിന്റെ ഉദാഹരണമായി വാഴ്ത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലഹോറിനും അമൃത്സറിനുമിടയിലെ പ്രധാന വ്യാപാര വിനിമയ പാതയായി പുല് കന്ജരി മാറി. ഹിന്ദുക്കളും മുസ്ലിംകളും അറോറ സിഖുകാരും തിങ്ങിപ്പാര്‍ത്ത അങ്ങാടിയായിരുന്നു ഇത്. എന്നാല്‍ 1947ലെ ഇന്ത്യ വിഭജന പ്രദേശത്തിന്റെ വിധിയെ മാറ്റിമറിച്ചു.
അതിര്ത്തിനിര്ണയത്തില് പുല് കന്ജരി ഇന്ത്യയുടെ ഭാഗമായെങ്കിലും അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തായതിനാല്‍ കച്ചവടങ്ങള്‍ നിലയ്ക്കുകയും വലിയൊരു ജനവിഭാഗം പലായനം ചെയ്യുകയും ചെയ്തു. സൈനിക തന്ത്രപ്രധാനമായ സ്ഥാനത്തായതിനാല്‍ 1965ലും 1971ലും നടന്ന ഇന്തോ-പാക് യുദ്ധങ്ങളില്‍ പ്രദേശം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. 1971 ഡിസംബറില്‍ പാക്കിസ്ഥാന് സൈന്യം പുല് കന്ജരി ഔട്ട്പോസ്റ്റ് താത്കാലികമായി പിടിച്ചെടുത്തു.
തുടര്‍ന്ന് ഇന്ത്യന്‍ കരസേനയുടെ രണ്ടാം സിഖ് റെജിമെന്റ് നടത്തിയ ധീരമായ പ്രത്യാക്രമണത്തിലൂടെയാണ് പ്രദേശം തിരിച്ചുപിടിച്ചത്. ബങ്കറുകള്‍ തകര്‍ത്ത് ശത്രുവിനെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ഷാംഗ് സിംഗിന് മരണാനന്തര ബഹുമതിയായി രാജ്യം മഹാവീര്‍ ചക്ര നല്കി ആദരിച്ചു. നായിബ് സുബേദാര്‍ ഗ്യാന്‍ സിംഗിന് വീര്‍ ചക്രയും. ഈ യുദ്ധത്തില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ ജവാൻമാരുടെ ഓര്‍മയ്ക്ക് ഇവിടെ യുദ്ധസ്മാരകം നിര്‍മിച്ചിട്ടുണ്ട്. പുല് കന്ജരിയിലെ ശിവക്ഷേത്രത്തിന്റെ മതിലുകളില്‍ അക്കാലത്തെ വെടിയുണ്ടകളുടെ പാടുകള്‍ ഇന്നും കാണാം.
ഇന്ന് പഞ്ചാബ് വിനോദസഞ്ചാര വകുപ്പും പുരാവസ്തു വകുപ്പും ചേര്‍ന്ന് സംരക്ഷിക്കുന്ന പ്രധാന പൈതൃക കേന്ദ്രമാണിത്. വാഗ അതിർത്തിയിലെ പതാകയിറക്കല്‍ ചടങ്ങ് കാണാനെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന പ്രധാന ചരിത്രയിടങ്ങളില്‍ ഒന്നായി പുല് കന്ജരി നിലകൊള്ളുന്നു. എന്നിരുന്നാലും അര്‍ഹിക്കുന്ന പ്രാധാന്യം പ്രദേശത്തിന് ലഭിക്കുന്നുണ്ടോയെന്ന ചോദ്യം അവശേഷിക്കുകയാണ്.
Tags : Sunday Deepika Pul Kanjari