ചില നഗരങ്ങളെ അടയാളപ്പെടുത്തുക ആ ഭൂമിക വാണിരുന്ന രാജാക്കന്മാരുടെ പേരിലായിരിക്കും. അതേസമയം മഹത്തായ സ്മാരകങ്ങളുടെയും യുദ്ധങ്ങളുടെയും മറ്റും പേരിൽ അറിയപ്പെടാനായിരിക്കും മറ്റു ചില നഗരങ്ങളുടെ നിയോഗം. മനുഷ്യരുടെ ചിന്തകളെയും വിശ്വാസങ്ങളെയും അഗാധമായി സ്വാധീനിച്ച ചില സംഭവങ്ങളുടെ പേരിലും ചില സ്ഥലങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കാറുണ്ട്.
പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സുല്‍ത്താന്‍പുര്‍ ലോധി അത്തരമൊരു നഗരമാണ്. സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ ജീവിതവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്ന ഈ നഗരത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ സുദീര്‍ഘമായ ചരിത്രമുണ്ട്. എഡി ഒന്നാം നൂറ്റാണ്ടില്‍ ‘സൗമന്പൂര്’ എന്ന പേരിലാണ് ഈ നഗരം സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. ബുദ്ധമതത്തിന്റെ പ്രാരംഭ കാലഘട്ടത്തില്‍ വടക്കേ ഇന്ത്യയിലെ പ്രധാന ധ്യാന, വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
എട്ടാം നൂറ്റാണ്ടോടെ ഹൈന്ദവ, ബുദ്ധ സംസ്കാരങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയെങ്കിലും പില്ക്കാലത്തുണ്ടായ വിദേശ ആക്രമണങ്ങളില്‍ നഗരത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താനേറ്റിലെ, ലോധി രാജവംശ സ്ഥാപകനായ സുല്‍ത്താന്‍ ഖാന് ലോധിയുടെ ഭരണകാലത്താണ് ഈ നഗരം പുനര്‍നിര്‍മിക്കപ്പെട്ട് ‘സുല്‍ത്താന്‍പുര്‍ ലോധി’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. ഡല്‍ഹിക്കും ലാഹോറിനും ഇടയിലുള്ള പുരാതന വ്യാപാര പാതയിലായിരുന്നു ഈ നഗരം നിലനിന്നിരുന്നത്.
മുപ്പതിലധികം വലിയ ചന്തകളും ആയിരക്കണക്കിന് വ്യാപാരശാലകളും ഉണ്ടായിരുന്ന ഈ പ്രദേശം വടക്കേ ഇന്ത്യയിലെ മുഖ്യ വാണിജ്യ കേന്ദ്രമായി വളര്‍ന്നു. സൂഫി സന്യാസിമാരുടെയും ഇസ്ലാമിക പണ്ഡിതരുടെയും കേന്ദ്രമായിരുന്നതിനാല്‍ ഇത് ‘പീറന് പുരി’ എന്നും അറിയപ്പെട്ടു. അക്ബര്‍ ചക്രവര്‍ത്തിയുടെ ചരിത്രരേഖകളിൽ ഈ നഗരത്തിന്റെ പ്രതാപത്തെക്കുറിച്ചും കൊട്ടാരങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. മുഗള്‍ രാജകുമാരൻമാരായ ദാരാ ഷിക്കോയും ഔറംഗസേബും ഇവിടത്തെ മദ്രസകളില്‍ വിദ്യാഭ്യാസം നേടിയതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.
ഗുരു നാനാക്കും ആത്മീയതയും
സിഖ് ചരിത്രത്തില്‍ സുല്‍ത്താന്‍പുർ ലോധിയുടെ സ്ഥാനം അതുല്യമാണ്. ഗുരു നാനാക് ഏറ്റവും നിര്‍ണായകമായ 17 വര്‍ഷങ്ങള്‍ (1483 മുതല്‍ 1500 വരെ) ചെലവഴിച്ചത് ഇവിടെയാണ്. തന്റെ സഹോദരിയായ ബേബെയുടെയും ഭര്‍ത്താവ് ജയ്റാമിന്റെയും ക്ഷണപ്രകാരം സുല്ത്താന്പുരിലെത്തിയ ഗുരു നാനാക്, നവാബ് ദൗലത് ഖാന് ലോധിയുടെ ധാന്യപ്പുരയില്‍ സൂക്ഷിപ്പുകാരനായി ജോലിയില്‍ പ്രവേശിച്ചു.
അളവു കുറയ്ക്കാതെ സത്യസന്ധതയോടെയും പാവങ്ങള്‍ക്ക് ദാനം നല്‍കിയും അദ്ദേഹം ഏവരുടെയും സ്നേഹം സമ്പാദിച്ചു.സുല്‍ത്താന്‍പുര്‍ ലോധിയില് വച്ചാണ് അദ്ദേഹം മാതാ സുലഖ്നിയെ വിവാഹം കഴിച്ചതും, ശ്രീ ചന്ദ്, ലഖ്മി ചന്ദ് എന്നീ രണ്ട് പുത്രന്മാര് ജനിച്ചതും. പുണ്യനദിയായ കാളി ബെയ്നില്‍ പുലര്‍ച്ചെ കുളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദിവ്യജ്ഞാനം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു.
മൂന്ന് ദിവസം അപ്രത്യക്ഷനായശേഷം തിരിച്ചെത്തിയ അദ്ദേഹം ഉച്ചരിച്ച ‘നാ കോ ഹിന്ദു, നാ മുസല്മാന്’ (ആരും കേവലം ഹിന്ദുവോ മുസ്ലിമോ അല്ല, എല്ലാവരും ഒരു പരമാത്മാവിന്റെ സൃഷ്ടികളാണ്) എന്ന പ്രഖ്യാപനം മനുഷ്യ സമത്വത്തിന്റെ വിപ്ലവകരമായ സന്ദേശമായിരുന്നു. തുടര്‍ന്ന് സര്‍വലോക സന്ദേശവുമായി അദ്ദേഹം സുദീര്‍ഘമായ പ്രബോധന യാത്രകള്‍ക്ക് (ഉദാസികള്‍) ഇവിടെനിന്ന് തുടക്കം കുറിച്ചു. സിഖ് മതവുമായി ബന്ധപ്പെട്ട് നിരവധി വിശുദ്ധ സ്ഥലങ്ങള്‍ സുല്‍ത്താന്‍പുര്‍ ലോധിയുടെ വിവിധയിടങ്ങളില്‍ കാണാം.
ഗുരു നാനാക് കാളി ബെയ്ന്‍ നദിക്കരയില്‍ ധ്യാനത്തിലിരുന്ന സ്ഥാനം ഇന്ന് ഗുരുദ്വാര ബേര്‍ സാഹിബ് എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം നട്ടുവളര്‍ത്തിയെന്ന് വിശ്വസിക്കപ്പെടുന്ന പുരാതനമായ ഒരു മരം ഇവിടെ സംരക്ഷിക്കപ്പെടുന്നു. നവാബിന്റെ ധാന്യപ്പുരയില്‍ ഗുരു നാനാക് ജോലി ചെയ്ത സ്ഥലം ഗുരുദ്വാര ഹട്ട് സാഹിബ് എന്ന പേരില്‍ പ്രശസ്തമാണ്. കാളി ബെയ്ന്‍ നദിയില്‍ മുങ്ങി ദിവ്യജ്ഞാനത്തോടെ ഗുരു തിരിച്ചുവന്ന സ്നാന ഘട്ടം അറിയപ്പെടുന്നത് ഗുരുദ്വാര സന്ത് ഘട്ട് എന്ന പേരിലാണ്. ഇവിടെ ഗുരു നാനാക് വിശ്രമിച്ചിരുന്ന ഇടം ഗുരുദ്വാര കോത്രി സാഹിബ് എന്നറിയപ്പെടുന്നു.
ഗുരുവിന്റെ സഹോദരിയുടെ സ്മരണാര്‍ത്ഥം നിര്‍മിക്കപ്പെട്ട ഗുരുദ്വാര ബേബെ നാനകി ജി ഗുരുദ്വാരയും ഇവിടെ കാണാം.പതിനെട്ടാം നൂറ്റാണ്ടില്‍ നാദിര്‍ ഷായുടെയും അഹമ്മദ് ഷാ അബ്ദാലിയുടെയും നിരന്തര ആക്രമണങ്ങളില്‍ നഗരത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. തുടര്‍ന്ന് സിഖ് മിസലുകളുടെ (12 സിഖ് സേനകള്‍ ചേര്‍ന്ന രൂപം) കാലത്ത് സര്‍ദാര്‍ ജസ്സ സിംഗ് അഹ്ലുവാലിയ ഈ പ്രദേശം കപുര്‍ത്തല നാട്ടുരാജ്യത്തിന്റെ ഭാഗമാക്കുകയും തകര്‍ന്ന സ്മാരകങ്ങളും നഗരവും പുനരുദ്ധരിക്കുകയും ചെയ്തു. ഇന്ന് ചരിത്രകാരന്മാര്ക്കും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കും ഒരുപോലെ ആദരണീയമായ സാംസ്കാരിക, ആത്മീയ കേന്ദ്രമാണിത്.
അന്ധവിശ്വാസങ്ങളും വിദ്വേഷങ്ങളും അതിര്‍ത്തികള്‍ തീര്‍ത്ത മധ്യകാല സമൂഹത്തില്‍ നിന്നുകൊണ്ട്, സര്‍വ മാനവ സാഹോദര്യം വിളംബരം ചെയ്ത ഗുരു നാനാക്കിന്റെ കാല്‍പ്പാടുകളാണ് ഇന്നും ഈ നഗരത്തിന് വെളിച്ചം പകരുന്നത്. പോയ കാലത്തിന്റെ വ്യാപാര പ്രതാപവും ആക്രമണങ്ങളുടെ മുറിവുകളും മറികടന്ന്, സമാധാനത്തിന്റെയും ഭക്തിയുടെയും അണയാത്ത പ്രകാശഗോപുരമായി സുല്‍ത്താന്‍പുര്‍ ലോധി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്നു.
Tags : SUNDAY DEEPIKA History Sultanpur Lodhi SUNDAY