1956 നവംബര്‍ ഒന്നിന് രാവിലെ തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ‘ഐക്യകേരളം’ ഉദ്ഘാടനച്ചടങ്ങില്‍ രണ്ടു കാര്യങ്ങൾ നടന്നു. ഒന്ന്, രാജഭരണത്തിന്റെ അവസാനകണ്ണി ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ ഭരണം അവസാനിച്ചു. രണ്ട്, രാജാവിന്റെ ഉപദേഷ്ടാവായിരുന്ന പി.എസ്. റാവുവിനെ ആക്ടിംഗ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ദര്‍ബാര്‍ ഹാളില്‍ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് തിരു-കൊച്ചി ചീഫ് ജസ്റ്റീസാണ്.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെ ഒന്നിപ്പിച്ച് വിശാല മലയാളി സ്വത്വം എന്ന ആശയം രൂപപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1921ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവിടത്തെ ഘടകത്തിന്റെ പേര് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നാക്കിയതും ചുവടുവയ്പായി. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നു.
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കാന്‍ നിയമിതരായ സയ്യിദ് ഫസല്‍ അലി കമ്മിഷന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തിന് ശിപാര്‍ശ ചെയ്തു. അങ്ങനെ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും നിലവില്‍ വന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ ജില്ലകളോടെ അന്നത്തെ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റര്‍. 580 കിലോമീറ്റര്‍ കടല്‍ത്തീരം.44 നദികൾ.
126 അംഗങ്ങളുള്ള ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28ന് തുടങ്ങി. 100 സീറ്റില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 60ൽ ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. അഞ്ച് കമ്യൂണിസ്റ്റ് സ്വതന്ത്രരുടെ പിന്‍ബലത്തില്‍ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. ആദ്യ മന്ത്രിസഭ അതേ വർഷം ഏപ്രില്‍ അഞ്ചിന് അധികാരമേറ്റു. പിന്നീടിങ്ങോട്ട് 17 നിയമസഭാ തെരഞ്ഞെടുപ്പുകള്‍.
മാറിയ കഥയും ചിത്രവും
1956ലെ കേരളം ഇങ്ങനെയായിരുന്നു. വന്‍നഗരങ്ങളും ബഹുനിലകെട്ടിടങ്ങളും നന്നേ കുറവ്. ഗ്രാമങ്ങളില്‍ ഓല മേഞ്ഞ വീടുകളും തൊഴുത്തുകളും. ഭക്ഷണവും വസ്ത്രവുമൊക്കെ പരിമിതം. കവലകളില്‍ അങ്ങിങ്ങ് ചായപ്പീടികകള്‍. അങ്ങാടികളായിരുന്നു വ്യാപാരകേന്ദ്രങ്ങള്‍. കാല്‍നടയായാണ് സഞ്ചാരം. പലയിടങ്ങളിലും ക്ഷാമവും പട്ടിണി മരണവുണ്ടായിരുന്നു. 1965ല്‍ മാത്രമാണ് സംസ്ഥാനത്ത് റേഷന്‍ ധാന്യ വിതരണം തുടങ്ങിയത്. മണ്‍ഭിത്തിയും ചാണകം മെഴുകിയ തറകളുമുള്ള പുരകളായിരുന്നു ഏറെയും. ടാറിട്ട റോഡുകള്‍ വിരളം. മോട്ടോര്‍ വാഹനങ്ങള്‍ തീരെ കുറവ്.
വഴി നിറയെ കാളവണ്ടികള്‍. വീടുകളിൽ മണ്ണെണ്ണവിളക്കും വിറകടുപ്പും. പ്രധാന പാതകളില്‍ മാത്രമായിരുന്നു പരിമിതമായി ബസ് സര്‍വീസ്. പുഴകള്‍ കടക്കാന്‍ കടത്തുവള്ളം. പലപ്പോഴും മലമ്പനിയുടെയും വസൂരിയുടെയും വിളയാട്ടം. ജന്മി കുടിയാന്, ജാതിവ്യവസ്ഥ നടമാടിയിരുന അക്കാലത്ത് കിടപ്പാടമില്ലാത്തവർ അനേകായിരങ്ങളായിരുന്നു. ചില സമുദായങ്ങളില്‍ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നു. കേരളം രൂപീകൃതമാകുമ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യ 1.34 കോടി. സാക്ഷരത 41 ശതമാനം. ശരാശരി ആയുര്‍ദൈഘ്യം 45-50 വയസ്.
എഴുപതാം പിറന്നാളിലെത്തുമ്പോള്‍ ജനസംഖ്യ 3.51 കോടി. ശരാശരി ആയുര്‍ദൈര്‍ഘ്യം 75 വയസ്. നിയമസഭാ മണ്ഡലങ്ങള്‍ 140. ലോക്സഭാ മണ്ഡലങ്ങള്‍ 20. ജില്ലകള്‍ 14, ഗ്രാമപഞ്ചായത്തുകള്‍ 941, ബ്ലോക്ക് പഞ്ചായത്തുകള്‍ 152, ജില്ലാ പഞ്ചായത്തുകള്‍ 14, നഗരസഭകള്‍ 87, കോര്‍പറേഷനുകള്‍ ആറ്.
അടിമുടി മാറ്റങ്ങള്‍
ടൈപ്പ്റൈറ്ററില്നിന്ന് കംപ്യൂട്ടറിലേക്കുള്ള മാറ്റം കേരളത്തിലും വന്‍ വിപ്ലവമായി. 1995ല്‍ ടെക്നോ പാര്‍ക്കിലൂടെയാണ് ഐടി ബിസിനസില്‍ കേരളത്തിന്റെ ചുവടുവയ്പ്. 2004ല്‍ കാക്കനാട്ട് ഇന്‍ഫോ പാര്‍ക്കും 2009ല്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കും തുറന്നു. കേരളമെങ്ങും ഇതേ കാലത്ത് പ്രഫഷണല്‍ കംപ്യൂട്ടര്‍ കോഴ്സുകളുണ്ടായി. മെഡിക്കല്‍, എന്‍ജിനിയറിംഗ്, ബാങ്കിംഗ് മേഖലയിലും വന്‍ വളര്‍ച്ച നേടി.
കേരളം ടെലിവിഷന്‍ കാണാന്‍ തുടങ്ങിയതോടെ ആകാശവാണിയിലെ ശബ്ദത്തോടു മെല്ലെ വിടപറഞ്ഞു. ദൂരദര്‍ശനിൽ തുടങ്ങിയ ടിവി കാഴ്ച എണ്ണമറ്റ ചാനലുകളിലേക്ക് വളര്‍ന്നു. മൊബൈല്‍ ഫോൺ വിപ്ലവം കേരളത്തിൽ രജതജൂബിലി പിന്നിട്ടിരിക്കുന്നു. കടന്നുവരവിന്റെ തുടക്കത്തിൽ ബിഎസ്എന്‍എലിന്റെ സിം സ്വന്തമാക്കാന്‍ അപേക്ഷയുമായി പല പകലുകള്‍ ക്യൂ നിൽക്കേണ്ടിവന്നവരുണ്ട്. കത്തുകളും അറിയിപ്പുകളും കൈയോടെ വാങ്ങാന്‍ തപാല്‍ ഓഫീസിലേക്കു രാവിലെ പോയിരുന്ന കാലവും പോയി.
ഇക്കാലത്ത് ഇമെയിലും ഇന്‍സ്റ്റഗ്രാമും പലതരം ആപ്പുകളും വീഡിയോ കോളുകളും പുതിയ സോഷ്യൽ മീഡിയ ലോകം സമ്മാനിക്കുന്നു. ബട്ടണ്ഫോണിലെ തുടക്കം സ്മാർട്ട് ഫോണിലേക്കു വിരല്വച്ചതോടെ അകലങ്ങളില്ലാതെ പ്രപഞ്ചം വിരല്‍ത്തുമ്പിലായി. ഏറെക്കുറെ കേരളത്തില്‍ ലാന്‍ഡ് ഫോണുകളുടെ ആയുസ് തീര്‍ന്നുകഴിഞ്ഞിരിക്കുന്നു.
സ്കൂളുകളും കോളജുകളും പ്രഫഷണല്‍ സ്ഥാപനങ്ങളും സാധ്യതകളുടെ നിരവധി വാതിലുകള്‍ തുറന്നിട്ടു.1991ന് കേരളം പ്രഥമ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി. ടൈപ്പ് റൈറ്റിഗും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ചവര്‍ നഗരങ്ങളിലേക്കും കംപ്യൂട്ടറും നഴ്സിംഗും പഠിച്ചവര്‍ വന്‍നഗരങ്ങളിലേക്കും, അതുവഴി ഗള്‍ഫിലേക്കും കുടിയേറി. ആ പ്രവാസത്തിന് പഞ്ചഭൂഖണ്ഡങ്ങളിലേക്ക് അതിവേഗ വ്യാപനമുണ്ടായി. ഇപ്പോഴാവട്ടെ, നാട്ടിലെ പല കോഴ്സുകളും കാലത്തിനൊത്തു പ്രഫഷണലല്ലെന്നും പരമ്പരാഗത ബിരുദങ്ങള്‍കൊണ്ട് എന്തു പ്രയോജനമെന്നുമാണ് ജെന്‍സിയുടെ ചോദ്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശപഠനത്തിനു പോയ ചെറുപ്പക്കാരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. 2018ല്‍ കേരളത്തിൽനിന്ന് 1.3 ലക്ഷം പേര് വിദേശത്ത് പഠിക്കാന്‍ പോയ സ്ഥാനത്ത് 2023ല്‍ 2.5 ലക്ഷം യുവജനങ്ങളാണ് പല രാജ്യങ്ങളിലേക്ക് പറന്നത്.
ജനകീയാസൂത്രണവും കുടുംബശ്രീയും
കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനവും സീറ്റ്, പദവി സംവരണവും 1995 ഒക്ടോബര്‍ രണ്ടിന് നിലവില്‍ വന്നു. ബജറ്റിന്റെ മൂന്നിലൊന്ന് വിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാറ്റിവച്ചതോടെ വികസനപ്രക്രിയയില്‍ ഇടപെടാന്‍ ഗ്രാമസഭകളില്‍ എല്ലാവര്ക്കും അവസരം ലഭിച്ചു. 1998 മേയ് 17ന് തുടക്കമിട്ട കുടുംബശ്രീ മിഷന് വനിതാ ശക്തീകരണത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ചാലകശക്തിയായി. വനിതകള്‍ സംരംഭകരും വരുമാനക്കാരുമായി. 2.94 ലക്ഷം അയല്‍ക്കൂട്ടങ്ങളും 48 ലക്ഷം അംഗബലവും കുടുംബശ്രീക്കുണ്ട്.
സഹകരണമാണ് സാമ്പത്തികവളര്‍ച്ചയുടെ കരുതല്‍. കേരളം പിറവിയെടുക്കുമ്പോള്‍ 3984 സഹകരണസംഘങ്ങളാണുണ്ടായിരുന്നത്. നിലവില്‍ 15,428 സൊസൈറ്റികളും 1625 പ്രാഥമിക സഹകരണബാങ്കുകളുമായി വളര്‍ന്നു. ദേശീയതലത്തില്‍ നിരവധി റിക്കാര്‍ഡുകള്‍ കേരളത്തിനുണ്ട്. ഏറ്റവും ഉയര്‍ന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനം, നീതി ആയോഗ് ഹെല്‍ത്ത് ഇന്‍ഡക്സില്‍ പൊതുജനാരോഗ്യ സൗകര്യങ്ങളുടെ പട്ടികയില്‍ ഒന്നാം പദവി, യുഎൻഒയുടെ വികസന സൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം, സ്ത്രീ-പുരുഷ അനുപാതത്തില്‍ ദേശീയതലത്തിൽ ഒന്നാമത് (1000 പുരുഷന്മാര്ക്ക് 1084 സ്ത്രീകള്‍) എന്നിങ്ങനെ നേട്ടങ്ങള്‍. ഇന്ത്യയുടെ സ്പൈസസ് ഗാര്ഡന് എന്ന വിശേഷണവും ദൈവത്തിന്റെ സ്വന്തം നാട് എന്ന ടൂറിസം ടാഗും കേരളത്തിനുണ്ട്.
നോക്കിനില്‍ക്കെ മാറ്റങ്ങൾ
പിന്നിട്ട ഏഴു പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ക്ക് എന്തൊക്കെ പറയാനുണ്ടാകും? എഴുപതാണ്ടു മുന്‍പ് മുണ്ടും ഷര്‍ട്ടും സാരിയുമൊക്കെ അപ്പര്‍ക്ലാസിന്റെ വസ്ത്രങ്ങളായിരുന്നു. ചുരിദാര്‍ വടക്കേ ഇന്ത്യക്കാരുടേത് മാത്രമായിരുന്നു. ഉടയാടകളുടെ മാറുന്ന ഫാഷന്‍ വിശദീകരിക്കാന്‍ ഇടം ഇതൊന്നും പോരാ. പാന്റ്സിൽനിന്നും ജീന്സിലേക്കും ഹിപ്പിസത്തില്നിന്നു മുണ്ഡനത്തിലേക്കുമൊക്കെ പരിണാമങ്ങള്‍. കഞ്ഞിയും ചോറും പുഴുക്കുമായിരുന്നു ഏഴു പതിറ്റാണ്ടു മുന്പിലെ പതിവു മെനു. മൺപാത്രങ്ങൾ സ്റ്റീൽ പാത്രങ്ങൾക്ക് ഇടം കൊടുത്തത് ഏറെ വൈകിയാണ്.
പലഹാരങ്ങള്‍ വിശേഷങ്ങളില്‍ മാത്രമായിരുന്നു. ചായക്കടകളില്‍നിന്നും ഇന്റർനാഷണൽ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്കും രുചി, ഇന വൈവിധ്യത്തിലേക്കുമുള്ള സേർവിംഗ് ഹൈസ്പീഡിലായിരുന്നു. മുറ്റത്ത് പന്തലിട്ടലങ്കരിച്ച് വീടുകളില്‍ സദ്യയൊരുക്കിയ കൂട്ടായ്മയുടെ കല്യാണാഘോഷം ഇക്കാലത്ത് ഇവന്റ് മാനേജ്മെന്റ്, കേറ്ററിംഗ് സംരംഭകരുടെ കൈയിലെത്തി. കൂടെ പറയട്ടെ, പല മാരക മഹാരോഗങ്ങളെയും വൈദ്യശാസ്ത്രം കീഴ്പെടുത്തിയെങ്കിലും കായികാധ്വാനം കുറഞ്ഞതും ഭക്ഷണത്തിലെ മാറ്റങ്ങളും കേരളത്തെ രോഗാതുരമാക്കി. ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം എന്നിവയില്‍ ഒന്നാം നിരയില്‍ കേരളം ഇടംപിടിച്ചു. ഫാഷനിലും പാഷനിലും മാത്രമല്ല ഭാഷയിലും ഭാവത്തിലും വന്നു വൈവിധ്യം.
നിരത്തൊഴിഞ്ഞ അംബാസഡര്‍ കാറില്‍നിന്ന് മാരുതിയുടെ പിന്നാലെ വിദേശ വാഹനക്കമ്പനികളുടെ ഓടിവരവും ഓവര്‍ ടേക്കിംഗും വേഗത്തിലായിരുന്നു. 1956ല്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ ആകെ നീളം 13,000 കിലോമീറ്റര്‍. നിലവില്‍ ദേശീയ, സംസ്ഥാന, ജില്ലാ, ഗ്രാമപഞ്ചായത്ത് റോഡുകളുടെ നീളം മൂന്നു ലക്ഷത്തിലേറെ കിലോമീറ്റര്‍. സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത വാഹനം തിരുവിതാംകൂര്‍ മഹാറാണി സേതു പാര്‍വതി ഭായിയുടെ പേരില്‍ കെല്ടി 1 നമ്പര്‍ വിദേശനിര്‍മിത ‘സ്റ്റുഡി ബേക്കര്‍ പ്രസിഡന്റ്’ കാറായിരുന്നു. നിലവില്‍ കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം 1.82 കോടിലേറെയായി. 2025ല്‍ മാത്രം 8.7 ലക്ഷം പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെ അഞ്ച് വിമാനത്താവളങ്ങളിലായി വര്‍ഷത്തില്‍ രണ്ടുകോടി പേരാണ് യാത്രക്കാര്‍. കൊച്ചിയില്‍നിന്നു മാത്രം പറക്കുന്നത് ഒന്നേകാല്‍ കോടി യാത്രക്കാര്‍.
വൃദ്ധസദനമായി കേരളം
2011 ലെ സെന്‍സസില്‍ വയോജനങ്ങള്‍ 12.6 ശതമാനം ആയിരുന്നത് നിലവില്‍ 20 ശതമാനമാണ്. നൂറ്റാണ്ടിന്റെ പകുതിയോടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 82.9 വയസായി ഉയരും. 60 വയസിനു മുകളിലുള്ളവർ 30.6 ശതമാനമാകും. കുട്ടികളുടെ എണ്ണത്തിലെ കുറവ് ഭാവി കേരളത്തിന് ആശങ്ക ഉളവാക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ച് എത്രകാലം സമ്പദ്് വ്യവസ്ഥയെ ചലനാത്മകമാക്കും എന്നതു പ്രവചനാതീതമാണ്. സാമ്പത്തിക അടിത്തറയില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് വലിയ പങ്കുണ്ട്. 2023ല്‍ 2,16,893 കോടി രൂപ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചതായാണ് കണക്ക്.
ഈ വീടുകളിൽ താമസക്കാരില്ല
ആഗോളപ്രയാണത്തെത്തുടര്ന്ന് സംസ്ഥാനത്തെ 77.16 ലക്ഷം വീടുകളില്‍ 11.58 ലക്ഷവും അടഞ്ഞുകിടക്കുകയാണ്. ഇക്കാലത്തും സ്വന്തമായി വീടില്ലാത്ത 12 ലക്ഷം കുടുംബങ്ങളുണ്ടെന്നതു കൂട്ടിവായിക്കണം. മലയാളികളും മലയാളവും മറുനാടു പറ്റുമ്പോള്‍ കേരളം ബംഗാളിയും ഹിന്ദിയും പറയുന്ന ഭായിമാരുടെ ഗള്‍ഫായി. നിലവിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം 35 ലക്ഷത്തിന് മുകളിലാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ പഠനങ്ങള്‍ പ്രകാരം ഇവർ പ്രതിവര്‍ഷം 17,500 കോടി രൂപ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് അയക്കുന്നുണ്ട്.
എത്രയെത്ര സംഭവങ്ങള്‍
മഹാപ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, പെരുമണ്‍, സുനാമി, ഓഖി, ചിക്കുന്‍ഗുനിയ, കോവിഡ് തുടങ്ങി എത്രയെത്ര ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 2018ലെ മഹാപ്രളയത്തിൽ കേരളം മുങ്ങി. അന്നുണ്ടായ നഷ്ടം 40,000 കോടി. കേരളത്തില്‍ അഞ്ചിലൊരാളെ വീതം വീഴ്ത്തിയ കോവിഡ് അനേകായിരം ജീവനുകളെടുത്തു. ലോകം നിശ്ചലവും അനിശ്ചിതവുമായ ക്വാറന്റൈനും വര്‍ക്ക് അറ്റ് ഹോമും വാണിജ്യ, വ്യാപാര, വരുമാന ഞെരുക്കവും വല്ലാതെ വലച്ചു.
കോടതിവിധികളെ പോലും മാനിക്കാത്ത ഹര്‍ത്താലും ബന്ദും പണിമുടക്കും പ്രതിഷേധവും കല്ലേറും നാശമല്ലാതെ നന്മയൊന്നും വരുത്തിയില്ല. മലയാളികള്‍ രാഷ്ട്രീയമായി പ്രബുദ്ധരാണെന്ന് പറഞ്ഞ് ഏറെ അഭിമാനിക്കാറുണ്ട്. വലുതും ചെറുതുമായ അന്‍പതിലേറെ പാര്‍ട്ടികള്‍ ഇവിടെ കൊടികൾ കെട്ടിയിട്ടുമുണ്ട്. ഓരോ കാലത്തും പാര്‍ട്ടികള്‍ പലതായി പിളര്‍ന്നു. അര നൂറ്റാണ്ടായി തുടരുന്ന മുന്നണി രാഷ്ട്രീയത്തിലും വിള്ളലുകളുണ്ടായിട്ടുണ്ട്. അതേ സമയം പകയുടെ രാഷ്ട്രീയം എത്രയെത്ര അരുംകൊലകള്‍ക്ക് കാരണമായി. ഭയാനകമായ വര്‍ഗീയ ലഹളകള്‍ക്കും തീവയ്പുകള്ക്കും നാട് സാക്ഷ്യം വഹിച്ചു. വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ട നക്സലൈറ്റുകൾ കേരളത്തെ ഭീതിയിലാഴ്ത്തിയ കാലമുണ്ട്.
അതേസമയം, കേരളം ഒരു നന്മമരമാണെന്നതും വിസ്മരിക്കാനാവില്ല. കല, സാഹിത്യം, കായികം, ബിസിനസ് തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയാണ് കേരള സ്കൂള്‍ കലോത്സവം. ബിസിനസ്, വാണിജ്യ ലോകം അതിവേഗം വളര്‍ന്നെങ്കിലും കൃഷിയിടങ്ങളും വിളവുകളും ഓരോ വര്‍ഷവും ചുരുങ്ങുകയാണ്. മലയോര ജനത വന്യമൃഗഭീഷണിയിൽ ദുരിതമനുഭവിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ആശങ്കയുളവാക്കുന്നു. ഭക്ഷ്യ സ്വയംപര്യാപ്ത കൈമോശം വന്നതോടെ എന്തിനും ഏതിനും ഇതര നാടുകളെ ആശ്രയിക്കേണ്ടിവരുന്നു.
വൈദ്യുതിക്ഷാമം വരുംനാളുകളിലും പ്രകാശം കെടുത്തും. സമാന്തര സാധ്യതതേടി സംസ്ഥാനത്തെ 3.5 ലക്ഷം ഭവനങ്ങള്‍ നിലവില്‍ പുരപ്പുറ സൗരോര്‍ജം പ്രയോജനപ്പെടുത്തുന്നുണ്ട്. എഴുപതാണ്ടിലെ മഹാസംഭവങ്ങളെ ഒരു താള്പുറത്തിന്റെ കാന്‍വാസില്‍ ചുരുക്കുക അസാധ്യം. മായാത്ത ഓര്‍മകളിൽ പലതും മിന്നിമറിഞ്ഞുകൊണ്ടിരിക്കും.
Tags : Kerala Seventy Years Completion Sunday Deepika