ഗവൺമെന്റ് ട്രൈബല്‍ സ്കൂള്‍ അട്ടത്തോട്. ശബരിമല പന്പ ഉള്‍വനങ്ങളില്‍നിന്ന് മൈലുകള്‍ താണ്ടി അക്ഷരം പഠിക്കാനെത്തുന്ന ഇവിടത്തെ ഗോത്രവാസി കുട്ടികൾക്ക് കരുതലും കാവലും അവരുടെ അധ്യാപകരാണ്. ദിവസം മൂന്നുനേരം പോഷകസമൃദ്ധമായി ഭക്ഷണമൊരുക്കിക്കൊടുക്കും. ഉച്ചയ്ക്ക് മീനും കോഴിയിറച്ചിയും പച്ചക്കറികളും ചേര്‍ന്നുള്ള സദ്യ. ഇവിടെ മീന്‍ വില കൊടുത്തു വാങ്ങുകയല്ല, സ്കൂള്‍ വളപ്പിലെ കുളങ്ങളില്‍ വളര്‍ത്തുകയാണ്.
കൂണ് കൃഷിയും തേനീച്ച വളര്‍ത്തലുമുണ്ട്. പെരുനാട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ 300 കൂടകളിലാണ് വെണ്ട, വഴുതന, പയര്‍, തക്കാളി, ചീര തുടങ്ങിയവ വളര്‍ത്തുന്നത്. അവിയലിനും തോരനും സാമ്പാറിനും ആവശ്യമായ വിഭവങ്ങള്‍ സ്വന്തം തോട്ടത്തില്‍ ഉത്പാദിപ്പിക്കുകയാണ് അധ്യാപകരും കുട്ടികളും. നനയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വിഷരഹിത പച്ചക്കറികള്‍ നല്‍കുന്നതിനൊപ്പം കുട്ടികളെ കൃഷി പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലാസ് മുറികളിലെ പുസ്തകങ്ങളിൽനിന്നുള്ള പഠനംപോലെ സ്കൂള്‍ വളപ്പില്‍നിന്ന് ഇവര്‍ നിരവധി പരിസ്ഥിതി പാഠങ്ങളും അഭ്യസിക്കുന്നു. പുട്ട്, അപ്പം, ഇഡ്ഡലി, ദോശ, ഉപ്പുമാവ് എന്നിങ്ങനെ നീളുന്നു ഓരോ ദിവസവും പ്രഭാതഭക്ഷണം. പയര്‍, കടല, സാമ്പാര്‍, ചമ്മന്തി തുടങ്ങിയ കറികളും. വൈകുന്നേരം ചായയും ചെറുകടിയും. ദിവസവും പാലും മുട്ടയും ഉണങ്ങിയ പഴങ്ങളും കൊടുക്കും. വെറുതെ പാല് എന്നു പറഞ്ഞാല്‍പോരാ ബൂസ്റ്റും ഹോര്‍ലിക്സും മെനുവിന്റെ ഭാഗമാണ്.
വൈകുന്നേരം അകലെ ഉള്‍വനത്തിലേക്കു പോകുന്ന കുട്ടികള്‍ക്ക് അത്താഴത്തിനു പൊതിച്ചോര്കൂടി കൊടുത്താണ് അധ്യാപകര്‍ അയയ്ക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ 40 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമുണ്ട് ശബരിമല വനമേഖലയിലെ ഏക സര്‍ക്കാര്‍ ട്രൈബല്‍ എൽപി സ്കൂളില്‍. ശ്രീജ രാജാണ് ഇപ്പോൾ പ്രധാനാധ്യാപിക. സുബീഷ്, സാജിത, അമിത, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് അധ്യാപകര്‍. പമ്പ ഉള്‍വനത്തില്‍ മുപ്പതു കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികളാണ് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂളിലെ പഠിതാക്കള്‍. ഉള്‍വനത്തില്‍ പരിമിതികളോടും പട്ടിണിയോടും പടവെട്ടുന്ന മലമ്പണ്ടാരം, മലയരയ, ഊരാളി ആദിവാസി വിഭാഗക്കാരുടെ മക്കളാണിവര്‍.
ളാഹ, മഞ്ഞത്തോട്, പ്ലാപ്പള്ളി, അട്ടത്തോട് എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളെ വനപാതയിലൂടെ സ്കൂള്‍ ബസില്‍ രാവിലെ എത്തിച്ച് വൈകുന്നേരം ഊരുകളില്‍ തിരികെയെത്തിക്കും. രാവിലെ ഏഴരയ്ക്ക് പുറപ്പെട്ട് വൈകുന്നേരം അഞ്ചരയ്ക്ക് ഊരുകളിലെത്തും. ഈ സ്കൂളില്‍ അധ്യാപകര്‍ രക്ഷാകര്‍ത്താക്കളും അന്നദാതാക്കളുമായി ഗോത്രവാസി കുട്ടികള്‍ക്കുവേണ്ടി ജീവിക്കുന്നു.
സ്വയംപര്യാപ്തതയുടെ പാഠം
ഉച്ചഭക്ഷണത്തിന് ശുദ്ധമായ മത്സ്യം കൊടുക്കാന്‍ 1.6 ലക്ഷം ലിറ്റര്‍ ശേഷിയുള്ള മൂന്ന് ബയോഫ്ളോക് കുളങ്ങളാണ് ഫിഷറീസ് വകുപ്പിന്റെയും പെരുനാട് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഏഴര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്നത്. തിലോപ്പിയ, ആസാം വാള, വരാല് ഇനം മത്സ്യങ്ങളെയാണ് കുളങ്ങളില്‍ വളര്‍ത്തുന്നത്.
ഓരോ കുളത്തിലും ആയിരം വീതം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. വളര്‍ച്ചയെത്തിയ മീനുകളെ കറിവച്ചും വറുത്തും കൊടുക്കും. മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു മുതല്‍ മീന്‍ പിടിക്കുന്നതു വരെ കുട്ടികളുടെ വിനോദമാണ്. വനത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം അവരെ സ്വയംപര്യാപ്തരാക്കുക എന്നതും സ്കൂളിന്റെ പ്രവര്‍ത്തന ലക്ഷ്യമാണെന്ന് അധ്യാപകന് കെ.എം. സുബീഷ് പറഞ്ഞു.
ദിവസവും വസ്ത്രങ്ങള്‍ അലക്കാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ വാസസ്ഥലങ്ങളില്നിന്നാണ് പല വിദ്യാര്‍ഥികളും വരുന്നത്. വനപ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയില്‍ വസ്ത്രങ്ങള്‍ പലപ്പോഴും അഴുക്കാവുകയോ കീറിപ്പോവുകയോ ചെയ്യാറുണ്ടായിരുന്നു. ഇത് മനസിലാക്കിയ അധ്യാപകര്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കാന്‍ തുടങ്ങി.
രാവിലെ കുട്ടികള്‍ക്ക് വൃത്തിയുള്ള വസ്ത്രങ്ങള്‍ നല്‍കുകയും ക്ലാസുകള്ക്ക്ശേഷം തിരികെ വാങ്ങുകയും ചെയ്യുന്ന സംവിധാനം സ്കൂളില്‍ ഏര്‍പ്പെടുത്തി. ഓരോ യൂണിഫോമിനും നന്പർ അടയാളമുള്ളതിനാൽ മാറിപ്പോവുകയില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഡ്രസിംഗ് റൂമുകൾ ക്രമീകരിച്ചിട്ടുണ്ട്. യൂണിഫോം കഴുകാൻ സ്കൂളില്‍ വാഷിംഗ് മെഷീനും ഇസ്തിരിപ്പെട്ടിയും സന്നദ്ധസംഘടന സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളുടെ വസ്ത്രങ്ങൾ കഴുകി ഉണക്കി ഇസ്തിരിയിടുന്നത് അധ്യാപകര്‍തന്നെ.
ഉള്‍വനങ്ങളില്‍ പാര്‍ക്കുന്ന ഗോത്രവാസി ഊരുകളില്‍ മഴക്കാലമായാല്‍ വറുതിയാണ്. തേന്‍, കുന്തിരിക്കം, ഔഷധസസ്യങ്ങള്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. ഇത്തരം ജോലികള്‍ക്കായി മാതാപിതാക്കളെ അനുഗമിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ പഠനം അടഞ്ഞ അധ്യായമായി. കാട്ടുതേനും കാട്ടുകിഴങ്ങുകളുമാണ് വനവാസികളുടെ പ്രധാന ഭക്ഷണം. മുന്‍പൊക്കെ മതിയായ ഭക്ഷണമില്ലാത്തതിനാല്‍ കാട്ടിലെ കുട്ടികള്‍ പുറംലോകത്തേക്ക് വരാന്‍ താത്പര്യപ്പെട്ടിരുന്നില്ല.
അതിനാല്‍ എഴുത്തും വായനയും അറിയാത്ത കുട്ടികള്‍ വനത്തില്‍ ഏറെപ്പേരുണ്ടായിരുന്നു. പഠനം ഉറപ്പാക്കാനും പോഷകാഹാരക്കുറവുള്ള കുട്ടികളെ സഹായിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മൂന്നു നേരവും ഭക്ഷണം നല്‍കുന്നത്. മധ്യവേനല്‍ അവധിക്കാലത്ത് സ്കൂള്‍ അടയ്ക്കുമ്പോൾ ഊരുകളിലെ കുട്ടികള്‍ക്ക് കാട്ടില്‍ ഭക്ഷണം മുടങ്ങില്ല. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തിലാണ് ‘കാടറിയുന്നവരുടെ വയറെരിയാതിരിക്കാൻ’ എന്ന പദ്ധതി നടപ്പിലാക്കിയത്.
കരുതലൊരുക്കിയത് ബിജു തോമസ്
ഇക്കഴിഞ്ഞ മേയില്‍ വിരമിച്ച ബിജു തോമസ് അമ്പൂരി പ്രധാന അധ്യാപകനായിരിക്കെയാണ് വിപുലമായ പദ്ധതികള്‍ സ്കൂളില്‍ നടപ്പാക്കിയത്. തിരുവല്ല മുത്തൂര്‍ ഗവ.എല്‍.പി. സ്കൂളില്‍നിന്ന് സ്ഥാനക്കയറ്റം കിട്ടി പ്രഥമാധ്യാപകനായി 2021 ഒക്ടോബറിലാണ് ബിജു തോമസ് അട്ടത്തോട് സ്കൂളിലെത്തിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയായിരുന്നു അക്കാലത്ത് ഈ സര്‍ക്കാര്‍ സ്കൂള്‍.
പത്തനംതിട്ടയില്‍നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങി എല്ലാ തിങ്കളാഴ്ചയും 58 കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലെത്തണം. സ്കൂട്ടറില്‍ കെട്ടിവച്ച അരിച്ചാക്കിനും പച്ചക്കറിക്കുമിടയില് ഞെരുങ്ങിയിരുന്നാണ് ഇദ്ദേഹം കാടിന് നടുവിലെ എല്‍.പി.സ്കൂളിലെത്തിയിരുന്നത്. വന്യമൃഗശല്യവും എത്തിച്ചേരാനുള്ള പ്രയാസവും കാരണം ഇവിടെ നിയമിതരാകുന്ന അധ്യാപകരേറെയും സ്ഥലംമാറ്റം തരപ്പെടുത്തി സ്കൂള്‍ വിടുകയായിരുന്നു പതിവ്.
റോഡുനിരപ്പില്‍നിന്ന് താഴ്ചയിലുള്ള സ്കൂളിലേക്ക് 105 പടികളിറങ്ങണം. കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ബിജു തോമസ് തലയില്‍ ചുമന്നാണ് എത്തിച്ചിരുന്നത്. കാനനപാതയിലുടനീളം വന്യമൃഗങ്ങളെ കാണുക പതിവായിരുന്നു. കാട്ടാനയും കടുവയും പുലിയും കരടിയുമൊക്കെ വിളിപ്പാടകലെ നീങ്ങുന്നതു കണ്ടിട്ടുണ്ട്. ഇതൊരു പതിവായപ്പോള്‍ ബിജുവിന് ഭയം വിട്ടുമാറി. ഇദ്ദേഹം ചുമതലയേറ്റ് രണ്ടു വര്‍ഷത്തിനുശേഷം പുതിയ സ്കൂള്‍കെട്ടിടം വന്നു. സ്കൂളില്‍ മീന്‍വളര്‍ത്തലും പച്ചക്കറിത്തോട്ടവും തേനീച്ച വളര്‍ത്തലും കൂണ് കൃഷിയുമൊക്കെ തുടങ്ങിയതും ഇദ്ദേഹമാണ്.
‘ഏറെ കുട്ടികളുടെയും ആരോഗ്യനിലവാരം പരിമമായിരുന്നു. വിശന്നുപൊരിഞ്ഞ് ഉച്ചഭക്ഷണം അതിവേഗത്തില്‍ കഴിക്കുന്ന കുട്ടികളുടെ ഭാവം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. പലപ്പോഴും വീടുകളില്‍ മുഴുപ്പട്ടിണിയാകും. ഈ സാഹചര്യത്തിലാണ് രാവിലെയും വൈകുന്നേരവും സമൃദ്ധമായ ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചത്. പോഷകസമൃദ്ധമായ ഭക്ഷണം കൊടുത്തതോടെ അവരുടെ മനസു നിറയുന്നതും ആരോഗ്യം മെച്ചപ്പെടുന്നതും ഏറെ സന്തോഷം പകരുന്നതായിരുന്നു’- ബിജു തോമസ് പറഞ്ഞു. ഇദ്ദേഹം തുടങ്ങിയ സ്വയംപര്യാപ്ത സംരംഭങ്ങള്‍ നിലവിലെ അധ്യാപകര്‍ അതേപടി ആത്മാര്‍ഥമായി തുടരുന്നു.
കാട്ടാനയും കടുവയുമുണ്ട്
രണ്ടു പതിറ്റാണ്ടിനപ്പുറം അട്ടത്തോട് വനാന്തരങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സാധ്യതകളുണ്ടായിരുന്നില്ല. 2015ല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടലില്‍ ആദിവാസി ഊരുകളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ക്കു തുടക്കമായി. അട്ടത്തോട് ഏകാധ്യാപകവിദ്യാലയം പിന്നീട് ട്രൈബല്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുകയായിരുന്നു. പ്രധാന അധ്യാപകന് ഉള്‍പ്പെടെ മൂന്ന് അധ്യാപകരും ഇരുപതു കുട്ടികളുമായി തുടക്കം.
പെരുനാട് പഞ്ചായത്ത് താല്‍ക്കാലികമായി നിര്‍മിച്ചുകൊടുത്ത ആസ്ബറ്റോസ് ഷീറ്റിട്ടു മറച്ച രണ്ടുമുറി കെട്ടിടമായിരുന്നു സ്കൂള്‍. കാട്ടാനയും കുരങ്ങും സ്കൂള്‍മുറ്റം വരെ കയറിയിറങ്ങും. വേനല്‍ച്ചൂടിൽ സ്കൂളിനു മുകളില്‍നിന്ന് വിഷപ്പാമ്പുകള്‍ ക്ലാസിലേക്ക് വീഴുക പതിവായിരുന്നു. ഈ ദുരിതം താങ്ങാനാവാതെ നിയമിതരായ പല അധ്യാപകരും അവധിയെടുത്തും സ്ഥലം മാറ്റം വാങ്ങിയും വനംവിട്ടിറങ്ങി. 2021 ഒക്ടോബറില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ സ്ഥലവും ഫണ്ടും വാങ്ങിയെടുത്ത് അട്ടത്തോട്ടുനിന്നും നാലു കിലോമീറ്റര്‍ മാറി നിലയ്ക്കലില്‍ പുതിയ കെട്ടിടം പണിതു.
അട്ടത്തോട് സ്കൂളില്‍ നാലാം ക്ലാസ് പഠിച്ചിറങ്ങിയാല്‍ തുടര്‍പഠനത്തിന് 29 കിലോമീറ്റര്‍ അകലെ കിസുമം ഗവ. എച്ച്എസ്എസിലേ സൗകര്യമുള്ളു. അട്ടത്തോട് സ്കൂളില്‍ നാലാം ക്ലാസ് കഴിഞ്ഞാല്‍ പഠനം നിലയ്ക്കുകയായിരുന്നു പതിവ്. ഇതിന് പരിഹാരമായി ഇവിടെ നാലാം ക്ലാസ് കഴിഞ്ഞ കുട്ടികളെ അട്ടത്തോട് സ്കൂള്‍ ബസില്‍ കിസുമം സ്കൂളില്‍ ഉപരിപഠനത്തിന് ദിവസവും എത്തിക്കുന്നുണ്ട്.
പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്ത് ട്രൈബല്‍ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അട്ടത്തോട് സ്കൂളിന്റെ പ്രവര്‍ത്തനം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ആദ്യ ട്രൈബല്‍ സ്കൂളാണിത്. ബുധനാഴ്ചകളില്‍ ആണ്, പെണ് വ്യത്യാസമില്ലാതെ സ്കൂളിന്റെ പേരെഴുതിയ ചുവന്ന ടീ ഷര്‍ട്ടാണ് യൂണിഫോം.
ശബരിമല വനമേഖലയോടു ചേര്‍ന്നുള്ള തങ്ങളുടെ ആദിവാസി ഊരുകളിലെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് പറയാന്‍ ഈ കുട്ടികൾക്കെല്ലാം അനുഭവങ്ങൾ ഏറെയുണ്ട്. വനത്തില്‍നിന്ന് തോടുകളും മലകളും കയറിയിറങ്ങണം സ്കൂളിലെത്താന്‍. മഴക്കാലത്ത് മിന്നല്‍ പ്രളയമുണ്ടാകും. വഴിയില്‍ വന്യമൃഗങ്ങള്‍ ഏറെയുണ്ടാകും. ഈ പരിമിതികളെ മറികടന്ന് കാട്ടിലെ കുട്ടികള്‍ അട്ടത്തോട്ടിൽ എത്തുകയാണ് പഠിച്ചു മിടുക്കരാകാന്‍.
Tags : Sunday Deepika