ചെന്നൈക്കു പോകാന് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.12ന് ഡല്ഹി വിമാനത്താവളത്തില്നിന്ന് പറന്നുയര്ന്ന ഇന്ഡിഗോയുടെ ഫ്ളൈറ്റ് 6 ഇ 6115, വിടിഎന്ഒഇ രജിസ്ട്രേഷനുള്ള എയര്ബസ് എ 321-251 എന്എക്സ് വിമാനം, ഏതോ യാത്രക്കാരന്റെ ഹാന്ഡ് ലഗേജിലുണ്ടായിരുന്ന പവര് ബാങ്കിന് തീപിടിച്ചതുമൂലം വഴിതിരിച്ചു വിട്ട് മൂന്നേകാലിന് ഹൈദരാബാദ് വിമാനത്താവളത്തില് ഇറങ്ങേണ്ടിവന്ന വാര്ത്ത മിക്കവരും കണ്ടു കാണും.
വിമാനസുരക്ഷയ്ക്ക് നിലവില് ഏറ്റവും ഭീഷണി ഉയര്ത്തുന്നതും എന്നാല്, ഫലപ്രദമായി തടയാന് ഇതേവരെ കഴിഞ്ഞിട്ടില്ലാത്തതുമായ ഒരു പ്രശ്നമാണ് യാത്രക്കാര് കൈയിൽ കരുതുന്ന പവര്ബാങ്ക്, മൊബൈല് ഫോണ്, ലാപ്ടോപ്പ്, കാമറ പോലെ ലിഥിയം ബാറ്ററികള് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്ക്ക് തീപിടിച്ചേക്കാനുള്ള സാധ്യത.
പറക്കലിനിടെ ലിഥിയം ബാറ്ററികള് ചൂടായി തീപിടിക്കുന്ന ആപത്ത് തടയാന് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് കൃത്യമായ ചട്ടങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ഇതില് ആദ്യത്തേത്, ഇത്തരം ഉപകരണങ്ങള് ചെക്കിന് ചെയ്യുന്ന ബാഗുകളില് വയ്ക്കരുത് എന്നതാണ്. കാൈയിലുള്ളത് ബാഗുകളില് സൂക്ഷിക്കാം. ഈ ഉപകരണങ്ങള്ക്കായി കരുതുന്ന അധിക ബാറ്ററികളുടെ കാര്യവും അങ്ങനെതന്നെ. എല്ലാം കൈയിൽതന്നെ സൂക്ഷിക്കണം.
എത്രയെണ്ണം കൈയിലെടുക്കാമെന്നതിനും കൃത്യമായ ചട്ടമുണ്ട്. 100 വാട്സ് വരെ ശേഷിയുള്ള പവര് ബാങ്ക് പരമാവധി രണ്ടെണ്ണമാണ് ഓരോ യാത്രക്കാരനും കൈയിലുള്ള ബാഗില് വയ്ക്കാവുന്നത്. ബാറ്ററി ഉള്ളിലുള്ള മൊബൈല് ഫോണുകളും കൈയിലെടുക്കാമെന്നു പറയുന്നുണ്ടെങ്കിലും എത്രയെണ്ണം എന്ന കാര്യത്തില് പ്രത്യേക നിബന്ധനയില്ല.
യാത്രയ്ക്കിടെ ഓൺ ആക്കരുത് എന്നാണ് വ്യോമയാന സുരക്ഷാ ചട്ടം പറയുന്നതെങ്കിലും, വിമാനം ടേക്കോഫ് ചെയ്യുമ്പോഴും ലാന്ഡു ചെയ്യുമ്പോഴും ഉപയോഗിക്കരുതെന്നും അല്ലാത്ത സമയങ്ങളിലും ഫ്ളൈറ്റ് മോഡില് ആക്കി വയ്ക്കണമെന്നും കാബിന് ക്രൂ നിര്ദേശിക്കുന്നതില് ഈ നിയന്ത്രണം ഒതുങ്ങുകയാണ് പതിവ്. ലാപ്ടോപ്പ്, സ്മാര്ട്ട് വാച്ച്, ബ്ലൂടൂത്ത് ഇയര്ഫോണുകള്, ഹെഡ്ഫോണുകള്, ഡിജിറ്റല് കാമറകള് എന്നിവയ്ക്കെല്ലാം ഇതേ നിയമംതന്നെയാണ്. ഉപകരണത്തിനുള്ളില് ബാറ്ററിയാകാം. സ്പെയര് ബാറ്ററി ബാഗില് വയ്ക്കുകയും ചെയ്യാം. എന്നാല്, കാലാവധി കഴിഞ്ഞതും കേടായതുമായ ബാറ്ററികള് അനുവദനീയമല്ല. അതേപോലെതന്നെ, ഇ സിഗററ്റുകളും.
എത്ര ശേഷിയുള്ള ബാറ്ററി കൈവശം വയ്ക്കാമെന്നതിനെപ്പറ്റി മിക്ക യാത്രക്കാര്ക്കും ധാരണയില്ലെങ്കിലും എയര്ലൈനുകള്ക്ക് അതേപ്പറ്റിയും കൃത്യമായ നിയമങ്ങളുണ്ട്. 100 വാട്സ് മുതല് 160 വാട്സ് വരെ ശേഷിയുള്ള സ്പെയര് ബാറ്ററികള് കൊണ്ടുപോകാന് എയര്ലൈനിന്റെ പ്രത്യേക അനുമതി വേണമെന്നാണ് ചട്ടം. ഇതിലും ശേഷിയുള്ള പവര് ബാങ്കുകള് അനുവദനീയവുമല്ല. 160 വാട്സിനു മുകളില് ശേഷിയുള്ള ബാറ്ററികള് യാത്രക്കാരുടെ ബാഗിലും അനുവദിക്കുകയില്ല.
വിമാനത്തിന്റെ ചരക്ക് അറയില് പ്രത്യേക സംവിധാനങ്ങളോടെ, പ്രത്യേക അനുമതി വാങ്ങി വേണം ഇവ കൊണ്ടുപോകാന്. നേരത്തേ പറഞ്ഞതുപോലെ, ഓരോ യാത്രക്കാരനും പരമാവധി കൊണ്ടുപോകാവുന്നത് രണ്ടു പവര് ബാങ്കുകളാണ്. എന്നാല്, പറക്കലിനിടെ അവ ചാര്ജ് ചെയ്യുന്നത് പൂര്ണമായും നിരോധിക്കുകയാണെന്ന് ഇക്കൊല്ലം മേയ് 27ന് രാജ്യാന്തര വ്യോമഗതാഗത സംഘടന പുറത്തിറക്കിയ സര്ക്കുലറില് പറയുന്നു.
കഴിഞ്ഞ വർഷം നവംബര് 11ന് ഇന്ത്യൻ വ്യോമയാന ഡയറക്ടറേറ്റ് ജനറല്, യാത്രയ്ക്കിടെ പവര്ബാങ്ക് ചാര്ജു ചെയ്യുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. എല്ലാ പവര് ബാങ്കുകളുടേയും ശേഷി അടയാളപ്പെടുത്തിയിരിക്കുന്നത് മില്ലി ആംപിയര് യൂണിറ്റിലാണ്. അതും, മേല്പ്പറഞ്ഞ വാട്സ് എന്ന യൂണിറ്റുമായി എന്താണ് ബന്ധം? വാട്ട് എന്നാല്, വാട്ട് അവര്. മില്ലി ആംപിയര് അവറിനെ വാട്ട് അവറായി പരിവര്ത്തനം ചെയ്യാന്, അതിനെ ബാറ്ററിയുടെ വോള്ട്ടേജുകൊണ്ട് ഗുണിച്ച് ആയിരം കൊണ്ട് ഹരിക്കണം.
പതിനായിരം എംഎഎച്ച് ശേഷിയുള്ള 3.7 വോള്ട്ടേജിന്റെ പവര് ബാങ്കിന്റെ വാട്ട് അവര്, 37 ആണ് എന്ന് അര്ഥം. 20,000 മില്ലി ആംപിയര് അവറിന്റെ പവര് ബാങ്കിന് ഇത് 74 ആകും. 27,000 മില്ലി ആംപിയർ പവര് ബാങ്കിന് 99.9. 30,000 മില്ലി ആംപിയർ പവര് ബാങ്കിന്റെ വാട്ട് അവര് 111 ആകുമെന്നതിനാല്, മേല്പ്പറഞ്ഞ, 100 വാട്സിൽ കവിയരുത് എന്ന നിയമപ്രകാരം, അത് വിമാനത്തില് കൊണ്ടുപോകാന് പാടില്ല എന്നര്ഥം.
ഇനി, പറക്കലിനിടെ ഇലക്ട്രോണിക് ഉപകരണങ്ങള് ഉപയോഗിക്കുന്നതിനെപ്പറ്റി. ഫോണോ മറ്റ് ഉപകരണങ്ങളോ, യാത്രയ്ക്കിടെ പവര് ബാങ്ക് കൊണ്ട് ചാര്ജു ചെയ്യരുത് എന്നുതന്നെയാണ് ചട്ടം. അതേപോലെ, വിമാനത്തിലെ യുഎസ്ബി പോര്ട്ട് ഉപയോഗിച്ച് പവര് ബാങ്ക് ചാര്ജ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
മൊബൈല് ഫോണുകള് ഉപയോഗിക്കാനേ പാടില്ല എന്ന ഒരു പൊതുനിയമം ഉണ്ടായിരുന്നെങ്കിലും നിലവില് ഫ്ളൈറ്റ് മോഡില് ഫോണ് ഉപയോഗിക്കാന് എല്ലാ എയര്ലൈനുകളും അനുവദിക്കുന്നുണ്ട്. വൈഫൈ കിട്ടുന്ന വിമാനങ്ങളില് അത് ഉപയോഗിക്കുന്നത് കാബിന് ക്രൂവിന്റെ നിര്ദേശങ്ങള് അനുസരിച്ചാകണം. ടേക്കോഫിലും ലാന്ഡിംഗിലും വിമാനം ടര്ബുലന്സില് പെടുമ്പോഴും ഒഴികെ യാത്രയ്ക്കിടയില് ലാപ്ടോപ്പും ടാബും ഉപയോഗിക്കുന്നതിന് വിലക്കൊന്നുമില്ല.
ബാറ്ററിയുള്ള വയര്ലെസ് ഇയര്ഫോണുകളും ബ്ലൂടൂത്ത് ഉപകരണങ്ങളും ഉപയോഗിക്കാന് സാധാരണഗതിയില് തടസമില്ല. പവര് ബാങ്കുകളും സ്പെയര് ബാറ്ററികളും ഹാന്ഡ് ലഗേജില് കരുതാം എന്നു പറയുമ്പോഴും, വിമാനത്തില് കയറിയാല് അവയുള്ള ബാഗ് മുകളിലുള്ള അറകളില് വയ്ക്കരുത് എന്നാണ് പൊതുവേയുള്ള നിര്ദേശം. പാന്റ്സിന്റെയോ ഷര്ട്ടിന്റെയോ പോക്കറ്റില് വയ്ക്കാം, തോൾ ബാഗില് വയ്ക്കാം, അല്ലെങ്കില് സീറ്റിനു മുന്നിലുള്ള പോക്കറ്റില് സൂക്ഷിക്കാം.
യാത്രയ്ക്കിടെ എടുക്കേണ്ടതില്ലാത്ത ഡ്രോണുകള്പോലെ ബാറ്ററിയുള്ള ഉപകരണങ്ങളുടെ കാര്യത്തിലും വ്യക്തമായ നിര്ദേശങ്ങളുണ്ട്. ബാറ്ററികള് എടുത്തുമാറ്റി പ്രത്യേകമായി സൂക്ഷിക്കണം. പുറത്തു കാണാവുന്ന മട്ടിലുള്ള ബാറ്ററി ടെര്മിനലുകള് പൊതിഞ്ഞുവയ്ക്കണം. ഷോര്ട്ട് സര്ക്യൂട്ട് ഒഴിവാക്കാനാണിത്.
ഉപകരണം ഓഫാക്കി സൂക്ഷിക്കണം.
ഡിജിസിഎയുടെ നിയമങ്ങള് ബാധകമായിട്ടുള്ളത് രാജ്യത്തിനകത്തെ വിമാന സര്വീസുകളിലാണ്. രാജ്യത്തിനു പുറത്തേക്കു പറക്കുന്നവര് ആ രാജ്യങ്ങളിലെ നിയമം മുൻകൂട്ടി മനസിലാക്കി അതനുസരിച്ചു വേണം, ലിഥിയം ബാറ്ററിയുള്ള ഉപകരണങ്ങള് യാത്രയില് കൂടെ കൊണ്ടുപോകാൻ.
ഇനി, മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം. എന്തുകൊണ്ടാണ്, അപൂര്വമായെങ്കിലും പറക്കിലിനിടെ ലിഥിയം ബാറ്ററികള്ക്ക് തീപിടിക്കുന്നത്?
ദ്രാവകം അല്ലെങ്കില് കുഴമ്പുരൂപത്തിലുള്ള ഇലക്ട്രോളൈറ്റിലൂടെ നെഗറ്റീവ് -പോസിറ്റീവ് ഇലക്ട്രോഡുകള്ക്കിടയില് സഞ്ചരിക്കുന്ന ലിഥിയം അയോണുകളാണ് ലിഥിയം ബാറ്ററിയില് അഥവാ ലിഥിയം അയോണ് ബാറ്ററിയില് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ബാറ്ററിക്ക് കേടു പറ്റുമ്പോഴോ പരിധിയിലേറെ ചാര്ജ് ആകുമ്പോഴോ ഈ പ്രവര്ത്തനത്തില്നിന്ന് അമിതമായി ചൂട് ഉത്പാദിപ്പിക്കപ്പെടും. ചൂടു കൂടുമ്പോള്, ബാറ്ററിക്കുള്ളിലെ ആനോഡും കാഥോഡും തമ്മില് വേര്തിരിക്കുന്ന സെപ്പറേറ്ററിന് കേടുണ്ടാകാം. ഇലക്ട്രോഡുകള് അങ്ങനെ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഷോര്ട്ട് സര്ക്യൂട്ടില് പിന്നെയും ചൂടുണ്ടാകും. ആ ചൂടില് ത്വരിതഗതിയിലാകുന്ന രാസപ്രവര്ത്തനത്തില് ബാറ്ററിയുടെ ഘടകഭാഗങ്ങള് ദ്രവിക്കാം, വാതകങ്ങള് പുറപ്പെടുവിക്കാം. ഈ വാതകങ്ങളും ചൂടും മൂലം ഉയരുന്ന മര്ദത്തില് ബാറ്ററി പൊട്ടിത്തെറിക്കാം. പൊട്ടിത്തെറിയില് പുറത്തെത്തുന്ന വാതകങ്ങള് തീപിടിച്ച് പുകയും ചൂടും പിന്നെയും വര്ധിക്കാം.
ബാറ്ററി ഇങ്ങനെ കത്തുമ്പോള് 593 ഡിഗ്രി വരെ ചൂട് ഉയരുന്നുണ്ടെന്നാണ് കണ്ടിട്ടുള്ളത്. ബാറ്ററിയോടു തൊട്ടിരിക്കുന്ന, വിമാന കാബിനിലെ മിക്ക ഉപകരണങ്ങളും തീപിടിക്കാന് ഈ ചൂടു മതി. ബാഗിനുള്ളിലാണ് ബാറ്ററിയെങ്കില് ബാഗു മൊത്തം കത്തിപ്പിടിക്കാന് മിനിറ്റുകള് മതിയാകും. ഒരു ബാഗ് കത്തുമ്പോള്, ഓവര്ഹെഡ് ബിന്നിലെ മറ്റു ബാഗുകളും കത്താന് എളുപ്പമാണ്.
ഇങ്ങനെ തീപിടിത്തമുണ്ടായാല് എന്താണ് ചെയ്യേണ്ടത്?
സ്വയം കൈകാര്യം ചെയ്യാന് പോകരുത് എന്നതാണ് ആദ്യത്തെ കാര്യം. ഇലക്ട്രോണിക് ഉപകരണം അമിതമായി ചൂടാകുന്നതു കണ്ടാലോ കത്തിപ്പിടിച്ചാലോ കാബിന് ക്രൂവിനെ ഉടന് അറിയിക്കുക. ചാര്ജു ചെയ്യാന് വച്ചിരിക്കവേയാണ് തീപിടിത്തമുണ്ടായതെങ്കില് വൈദ്യുതി സ്വിച്ച് ഓഫ് ചെയ്യാന് കാബിന് ക്രൂ സഹായിക്കും. വിമാനത്തിലെ അഗ്നിശമന ഉപകരണംകൊണ്ട ് തീ കെടുത്താനും കാബിന് ക്രൂ തന്നെ വേണം.
തീപിടിച്ച ബാറ്ററി തണുപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നതിനാല് ധാരാളം വെള്ളം ഒഴിച്ചു കൊടുക്കണം. തീ അണച്ചുകഴിഞ്ഞാലും ഉപകരണം പിന്നെയും നിരീക്ഷണത്തില് തന്നെയായിരിക്കണം. കാരണം, ഉള്ളിലെ രാസപ്രവര്ത്തനങ്ങള് അവസാനിച്ചിട്ടുണ്ടാവണമെന്നില്ല.
Tags : electronic devices air travel Sunday Deepika