2026 ഒക്ടോബര് 18ന് ഹെര്മന് മെല്വിലിന്റെ ലോകപ്രശസ്ത നോവൽ ‘മോബിഡിക്’ പ്രസിദ്ധീകരിച്ചിട്ട് 175 വര്ഷം പൂര്ത്തിയാവുകയാണ്. 1851 ഒക്ടോബര് 18നാണ് ലണ്ടനില് ‘ദി വെയ്ൽ’ എന്ന പേരില് ഈ നോവല് മൂന്നു വാല്യങ്ങളിൽ വെളിച്ചം കണ്ടത്. തുടര്ന്ന് അതേ വര്ഷം നവംബര് 14ന് അമേരിക്കയില് ഒരൊറ്റ പുസ്തകമായി മോബിഡിക് പ്രസിദ്ധീകൃതമായി. അമേരിക്കന് സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നായി ഇത് അറിയപ്പെടുന്നു.
രചനയും പശ്ചാത്തലവും
ഹെര്മന് മെല്വില് സ്വന്തം അനുഭവങ്ങളും യഥാർഥ സംഭവങ്ങളും സമന്വയിപ്പിച്ചാണ് മോബിഡിക് രചിച്ചത്. ‘എസെക്സ്’ എന്ന തിമിംഗലവേട്ടക്കപ്പലിനെ ഒരു കൂറ്റന് തിമിംഗലം ആക്രമിച്ച് തകര്ത്ത സംഭവം, ചിലി തീരത്ത് തിമിംഗലവേട്ടക്കാരുടെ പേടിസ്വപ്നമായിരുന്ന ‘മോച്ചാ ഡിക്’ എന്ന വെളുത്ത ഭീമന് തിമിംഗലത്തെക്കുറിച്ചുള്ള കഥകള്, ചെറുപ്പത്തില് ‘അകൂഷ്നെറ്റ്’ എന്ന തിമിംഗല വേട്ടക്കപ്പലില് മെല്വില് നടത്തിയ യാത്രകള് എന്നിവയാണ് മോബിഡിക്കിന്റെ രചനയില് സ്വാധീനം ചെലുത്തിയ ഘടകങ്ങള്. ഇക്കൂട്ടത്തില് ഏറ്റവും പ്രധാനം എസെക്സ് കപ്പല് ദുരന്തമായിരുന്നു.
1820 നവംബര് 20ന് പസഫിക് സമുദ്രത്തില് 87 അടി നീളമുള്ള ഒരു കൂറ്റന് സ്പേം തിമിംഗലം എസെക്സ് എന്ന തിമിംഗല വേട്ടക്കപ്പലിനെ ബോധപൂര്വം അക്രമിച്ച് തകര്ത്തു. ഒരു തിമിംഗലം കപ്പലിനെ ആക്രമിച്ചു മുക്കുന്ന, ചരിത്രത്തിലെ ആദ്യത്തെ രേഖപ്പെടുത്തിയ സംഭവമായിരുന്നു ഇത്.
കപ്പല് തകര്ന്നതിനെത്തുടര്ന്ന് ഓവന്ചേസിന്റെയും ക്യാപ്റ്റന് ജോര്ജ് പൊള്ളാര്ഡിന്റെയും നേതൃത്വത്തില് ജീവനക്കാര് ചെറിയ ലൈഫ് ബോട്ടു കളില് രക്ഷപ്പെട്ടു. മാസങ്ങളോളം കടലില് അലഞ്ഞുതിരിഞ്ഞ അവര് വിശപ്പും ദാഹവും സഹിക്കാനാവാതെ സഹപ്രവര്ത്തകരുടെ മൃതദേഹങ്ങള് വരെ ഭക്ഷണമാക്കി. മറ്റൊരു ഘട്ടത്തില് കൂട്ടത്തിലൊരാളെ നറുക്കിട്ടെടുത്ത് വെടിവച്ചു കൊന്നും വിശപ്പടക്കി. ദാരുണമായ ഈ അതിജീവന പോരാട്ടത്തില് വളരെ കുറച്ചുപേര് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ദുരന്തത്തില്നിന്ന് രക്ഷപ്പെട്ടതിനു ശേഷം, 1821ല് ഓവന്ചേസ് തന്റെ അനുഭവങ്ങള് ക്രോഡീകരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
തിമിംഗലത്തിന്റെ അപ്രതീക്ഷിത ആക്രമണം, കപ്പലിന്റെ തകര്ച്ച, സമുദ്രത്തിലെ ദാരുണമായ അതിജീവനനാളുകള് എന്നിവ വളരെ കൃത്യതയോടും വൈകാരികതയോടും ചേസ് ഈ പുസ്തകത്തില് വിവരിച്ചു. ഒരു തിമിംഗലത്തിന് മനുഷ്യരോട് പ്രതികാരം ചെയ്യാനോ കപ്പല് ആക്രമിക്കാനോ ഉള്ള ബുദ്ധിയും ശേഷിയുമുണ്ടെന്ന ആശയം ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ചത് ഈ പുസ്തകമായിരുന്നു.
1841ല് ‘അകുഷ്നെറ്റ്’ എന്ന തിമിംഗലവേട്ട കപ്പലില് ജീവനക്കാരനായിരിക്കെയാണ് മെല്വില് ഈ സംഭവത്തെക്കുറിച്ച് ആദ്യമായി കേള്ക്കുന്നത്. പസഫിക് സമുദ്രത്തില്വച്ച് മെല്വിലിന്റെ കപ്പല് ഓവന്ചേസിന്റെ മകൻ വില്യം ചേസ് സഞ്ചരിച്ചിരുന്ന കപ്പലുമായി കണ്ടുമുട്ടി. വില്യം ചേസ് നല്കിയ, തന്റെ പിതാവ് എഴുതിയ പുസ്തകത്തിന്റെ ഒരു പ്രതി മെല്വില് വായിക്കാനിടയായി. ഈ വായന മെല്വിലിനെ ആഴത്തില് സ്വാധീനിച്ചു. 1852ല് മെല്വില് നാന്റുക്കറ്റില്വച്ച് ഓവന്ചേസിനെ നേരിട്ട് കാണുകയും ചെയ്തു. ഓവന്ചേസിന്റെ കൃതിയും അനുഭവങ്ങളും മോ ബിഡിക്കിന്റെ രചനയെ വിവിധ തലങ്ങളില് സ്വാധീനിച്ചു.
കേന്ദ്ര പ്രമേയവും ക്ലൈമാക്സും
മൊബിഡിക് നോവലിന്റെ ക്ലൈമാക്സില് വെള്ളത്തിമിംഗലം ‘പെക്വോഡ്’ എന്ന കപ്പലിനെ കുത്തിപ്പൊളിച്ച് മുക്കുന്ന രംഗം എസെക്സ് കപ്പലിന് സംഭവിച്ച ദുരന്തത്തിന്റെ തത്സമയ ആവിഷ്കാരമാണ്. സാധാരണ ഗതിയില് ഇരയാകുന്ന തിമിംഗലം, തിരിച്ചാക്രമിച്ച് ഒരു കപ്പലിനെ തകര്ക്കു ന്ന ഭീതിദമായ ആശയം ചേസിന്റെ വിവരണത്തില്നിന്നാണ് മെല്വിലിന് ലഭിച്ചത്.
ഓവന് ചേസിന്റെ പുസ്തകത്തില് തിമിംഗലത്തെ ഒരു സാധാരണ ജീവിയായല്ല, പ്രകൃതിയുടെ ഒരു പ്രതികാര മൂര്ത്തിയായിട്ടാണ് ചിത്രീകരിച്ചത്. ഈ ആശയത്തെ മെല്വില് ക്യാപ്റ്റന് ആഹാബ് എന്ന കഥാപാത്രത്തിലൂടെ വികസിപ്പിച്ചു. പ്രകൃതിയോടും തിമിംഗല ത്തോടും ഭ്രാന്തമായ പകവച്ചുപുലര്ത്തുന്ന ഒരു കഥാപാത്രമായി ആഹാബ് മാറി.
തിമിംഗലവേട്ടയുടെ അപകടങ്ങള്, കടലിലെ മനുഷ്യരുടെ നിസഹായാവസ്ഥ, പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള് എന്നിവ ചേസിന്റെ കൃതിയില് ലളിതമായി വിവരിച്ചിരുന്നു. ഇത് നോവലില് യാഥാര്ഥ്യബോധമുള്ള സമുദ്രാന്തരീക്ഷം സൃഷ്ടിക്കാന് മെല്വിലിനെ സഹായിച്ചു. ഓവന് ചേസ് എഴുതിയ ’നരേറ്റീവ്’ ഒരു യഥാര്ഥ ദുരന്തത്തിന്റെ ചരിത്രരേഖയായിരുന്നുവെങ്കില്, ഹെര്മന് മെല്വില് അതിനെ മാനവികതയുടെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്ഷത്തിന്റെയും തത്ത്വചിന്താപരമായ നോവലാക്കി മാറ്റി.
ഓവന് ചേസിന്റെ കൃതി ഉണ്ടായിരുന്നില്ലെങ്കില് സാഹിത്യലോകത്തിന് ‘മൊബിഡിക്’ എന്ന വിഖ്യാത നോവല് ലഭിക്കുമായിരുന്നില്ല. യഥാര്ഥ ജീവിതത്തിലെ ഭീതിദമായ ഒരു സംഭവം എങ്ങനെ വിശ്വസാഹിത്യത്തിലെ മികച്ചൊരു സൃഷ്ടിയായി രൂപപ്പെട്ടു എന്നതിനു തെളിവാണ് ഓവന് ചേസും ഹെര്മന് മെല്വിലും തമ്മിലുള്ള ഈ സാഹിത്യപരമായ ബന്ധം.
നഥാനിയല് ഹാത്തോണിന്റെ സ്വാധീനം
പ്രശസ്ത എഴുത്തുകാരൻ നഥാനിയല് ഹാത്തോണുമായുള്ള സൗഹൃദമാണ് ഒരു സാധാരണ സാഹസിക കഥയാകുമായിരുന്ന ഈ കൃതിയെ തത്ത്വചിന്താപരമായ ഒരു നോവലാക്കി മാറ്റാന് മെല്വിലിന് പ്രചോദനമായത്. 1850 ഓഗസ്റ്റിലാണ് മെല്വില് ഹാത്തോണിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ആ സമയത്ത് മോബി ഡിക് എന്ന നോവലിന്റെ പകുതിയോളം പൂര്ത്തിയായിരുന്നു. അതുവരെ ലളിതമായ ഒരു അഡ്വഞ്ചര് തിമിംഗല വേട്ടക്കഥയായി ആസൂത്രണം ചെയ് ത ഈ കൃതി, ഹാത്തോണിനെ പരിചയപ്പെട്ടതിനുശേഷം മെല്വില് വീണ്ടും തിരുത്തിയെഴുതാന് തുടങ്ങി.
ഹാത്തോണിന്റെ കൃതികളിലെ ഇരുണ്ട പ്രമേയങ്ങളും മാനവികത, പാപം, ധര്മാധര്മങ്ങള് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളും മെല്വിലിനെ സ്വാധീനിച്ചു. ഇത് മോബിഡിക് എന്ന നോവലിന് പുതിയ ആഴവും വ്യാപ്തിയും നല്കി. ഹാത്തോണിന്റെ ‘മോസസ് ഫ്രം ആൻ ഓള്ഡ് മാൻസ് ‘ഹേവ്തോൺ ആൻഡ് ഹിസ് മോസസ്’ എന്ന ചെറുകഥാ സമാഹാരം വായിച്ച മെല്വില് അതില് വലിയ രീതിയില് ആകൃഷ്ടനായി. എന്ന പേരില് മെല്വില് ഇതേക്കുറിച്ച് ഒരു ലേഖനം എഴുതി. അതില് ഹാത്തോണിന്റെ സാഹിത്യത്തിലെ ‘ഇരുളിന്റെ ശക്തിയെ’ മെല്വില് പ്രശംസിച്ചു.
മനുഷ്യമനസിലെ അന്ധകാരത്തെയും ഭ്രാന്തിനെയും അധര്മത്തെയുമെല്ലാം ഭയമില്ലാതെ ചിത്രീകരിക്കാനുള്ള ധൈര്യം മെല്വിലിന് ലഭിച്ചത് ഹാത്തോണില്നിന്നാണ്. ആഹാബ് എന്ന കഥാപാത്രത്തിന്റെ നിയന്ത്രണമില്ലാത്ത പ്രതികാരബുദ്ധിയും ഭ്രാന്തും രൂപപ്പെടുത്തുന്നതില് ഈ സ്വാധീനം വ്യക്തമായി കാണാം.
മെല്വിലിന്റെ കാലഘട്ടത്തിലെ ഭൂരിഭാഗം വായനക്കാരും ലളിതമായ യാത്രാവിവരണം പോലുള്ള കഥകള് ഇഷ്ടപ്പെടുന്നവരായിരുന്നു. എന്നാല്, കൂടുതല് തത്ത്വചിന്താപരമായ വിഷയങ്ങള് കൈകാര്യം ചെയ്യാന് ആഗ്രഹിച്ചിരുന്ന മെല്വിലിനു സാഹിത്യലോകത്ത് അധികം പിന്തുണ ലഭിച്ചിരുന്നില്ല.
ഹാത്തോണ് മെല്വിലിന്റെ അപാരമായ കഴിവ് തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്റെ എഴുത്തിനെ മനസിലാക്കാന് കഴിവുള്ള ഒരു മികച്ച സാഹിത്യകാരന് ഒപ്പമുണ്ടെന്ന ചിന്ത മെല്വിലിന് വലിയ ആത്മവിശ്വാസം നല്കി.
പ്രസിദ്ധീകരണവും അനന്തര സംഭവങ്ങളും
ഇന്ന് ലോകസാഹിത്യത്തിന്റെ നിറുകയില് നില്ക്കുന്ന മോബിഡിക്കിന് തുടക്കത്തില് കയ്പേറിയ അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. 1851ല് പുസ്തകം പുറത്തിറങ്ങിയപ്പോള് വായനക്കാരും നിരൂപകരും ഇതിനെ തള്ളിക്കളഞ്ഞു. അതിരുകടന്ന വര്ണനകളും സങ്കീര്ണമായ ഭാഷയും അന്നത്തെ വായനക്കാര്ക്ക് ദഹിച്ചില്ല. നോവലിന്റെ പരാജയം മെല്വിലിനെ സാമ്പത്തികമായും മാനസികമായും തകര്ത്തു. തന്റെ ആയുസിന്റെ വലിയൊരു പങ്ക് മാറ്റിവച്ച് എഴുതിയ കൃതി നിന്ദിക്കപ്പെട്ടതോടെ അദ്ദേഹം എഴുത്തുജീവിതത്തില്നിന്ന് സാവധാനം പിന്മാറി. 1891ല് അന്തരിക്കുമ്പോള് ലോകം മറന്നുപോയ ഒരു എഴുത്തുകാരനായിരുന്നു മെല്വില്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്ഷമായ 1919നു ശേഷമാണ് മോബിഡിക് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
പെക്വോഡ് എന്ന കപ്പലിലെ ക്യാപ്റ്റന് ആഹാബ്, തന്റെ കാല് കടിച്ചെടുത്ത മോബിഡിക് എന്ന വെളുത്ത തിമിംഗലത്തോടുള്ള പ്രതികാരദാഹവുമായി ഇറങ്ങിത്തിരിക്കുന്നതാണ് മോബിഡിക്കിന്റെ കഥ. മനുഷ്യന് പ്രകൃതിക്കുമേല് ആധിപത്യം സ്ഥാപിക്കാന് ശ്രമിക്കുമ്പോള് പ്രകൃതി നടത്തുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ് വെളളത്തിമിംഗലം. ലക്ഷ്യബോധം അതിരു കടന്ന് അന്ധമായ പ്രതികാരമായി മാറുമ്പോള് അത് സ്വന്തം നാശത്തിലേക്കും കൂടെയുള്ളവരുടെ വിനാശത്തിലേക്കും നയിക്കുമെന്ന് ക്യാപ്റ്റന് ആഹാബിലൂടെ മെല്വില് കാണിച്ചുതരുന്നു.
നോവലിലെ കഥപറച്ചിലുകാരനായ ഇസ്മായേല്, മനുഷ്യന്റെ നിലനില്പിനെയും പ്രപഞ്ചസത്യങ്ങളെയും ചോദ്യം ചെയ്യുന്ന നിരീക്ഷകനാണ്. 175 വര്ഷങ്ങള്ക്കിപ്പുറവും മോബിഡിക് കൂടുതല് പ്രസക്തമാകുന്നത് വര്ത്തമാനകാല ലോകം നേരിടുന്ന ചില പ്രധാന വെല്ലുവിളികളുമായി അത് സംവദിക്കുന്നതുകൊണ്ടാണ് മനുഷ്യന് പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും പ്രകൃതിയുടെ തിരിച്ചടികളും ഇന്ന് ലോകം കാലാവസ്ഥാ വ്യതിയാനത്തിലൂടെ അനുഭവിക്കുന്നു.
മോബിഡിക് എന്ന പ്രകൃതി പ്രതീകത്തിനു മുന്നില് ആഹാബിന്റെ കപ്പല് തകരുന്നത്, പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ അഹങ്കാരത്തിനേല്ക്കുന്ന തിരിച്ചടിയാണ്. തനിക്കേറ്റ നഷ്ടങ്ങള്ക്ക് ഒരു പ്രകൃതിജീവിയെ വില്ലനായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആഹാബ്, പുതുകാല രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും വിദ്വേഷ പ്രചാരകര്ക്ക് ഉദാഹരണമാണ്.
Tags : literary journey Sunday Deepika