Leader Page
രാഗതാളലയങ്ങൾക്കുമപ്പുറം ഗാനങ്ങളിൽ ആത്മാവുകൂടി കൂട്ടിക്കലർത്തിയ ആശ ഭോസ്ലെയുടെ 80 സംഗീതവർഷം കടന്നുപോവുകയാണ്. സഹോദരിയായ ലതാ മങ്കേഷ്കർ മരിച്ചതും ഇതുപോലൊരു ഞായറാഴ്ചയായിരുന്നു. മാത്രമല്ല, തൊണ്ണൂറ്റിരണ്ടാം വയസിലുമായിരുന്നു. എന്തൊരു യാദൃച്ഛികത!
1930 കാലയളവിൽ ഇന്ത്യൻ തെരുവുകളിൽ നാടകനടനും സംവിധായകനും സംഗീതജ്ഞനുമായി പകർന്നാട്ടം നടത്തിയ ദീനാനാഥ് മങ്കേഷ്കറുടെ മക്കളായി പിറന്നത് രണ്ടുപേരുടെയും ഭാഗ്യമായിരുന്നു. 1928ൽ ലതാ മങ്കേഷ്കറും 1933ൽ ആശയും ജനിച്ചു. ആ കലാപൈതൃകം രണ്ടു മഹാഗായികമാരെ ലോകത്തിനു സമ്മാനിച്ചെങ്കിലും സിനിമാ മേഖലയുടെ വളർച്ചയോടെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ നാടകക്കമ്പനി തകർന്നു. ദീനാനാഥിന്റെ മരണത്തോടെ ലതയും ആശയും അവരുടെ കുടുംബവും അനാഥമായി എന്നു പറയാം. ഒമ്പതാം വയസിൽ പാടിത്തുടങ്ങിയ ലതാ മങ്കേഷ്കറുടെ തണലിലായിരുന്നു ആശ ഉൾപ്പെടെയുള്ള നാലു സഹോദരങ്ങളുടെയും അമ്മയുടെയും ജീവിതം മുന്നോട്ടുപോയത്.
ചേച്ചിയെപ്പോലെ ആശയും ഒമ്പതാം വയസിൽത്തന്നെ പാടാൻ തുടങ്ങിയിരുന്നു. 1943ൽ മജാ ബൽ എന്ന സിനിമയ്ക്കുവേണ്ടി പാടുമ്പോൾ വെറും 11 വയസേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും 1948ൽ പുറത്തിറങ്ങിയ ‘ചുനരിയ’ എന്ന ഹിന്ദി സിനിമയിലെ ‘ചലാ ചലാ നവ്’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ശങ്കർ ജയ്കിഷൻ, മുകേഷ്, ഷംഷാദ് ബീഗം, ഗാനരചയിതാക്കളായ ശൈലേന്ദ്ര, ഹസ്രത്ത് ജയ്പുരി തുടങ്ങിയവരെ സിനിമയ്ക്കു (ബർസാത് 1949) പരിചയപ്പെടുത്തിയതുപോലെ ലതാ മങ്കേഷ്കറെയും സിനിമയിലേക്കു കൊണ്ടുവന്നത് രാജ് കപുർ ആയിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ടീമായി പിന്നീടവർ ദീർഘകാലം വർത്തിച്ചു. എന്നാൽ, ആശ ഭോസ്ലെയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായില്ല.
ഓം പ്രകാശ് നയ്യാർ എന്ന ഒ.പി. നയ്യാർ ആണ് 1956ൽ ഗുരുദത്ത് സംവിധായകനായ ദേവാനന്ദിന്റെ സിഐഡി എന്ന സിനിമയിലൂടെ ആശ ഭോസ്ലെയെ പാടിപ്പിച്ചു തുടങ്ങുന്നത്. ‘ലേഖേ പെഹ്ലാ പെഹ്ലാ പ്യാർ’ ആയിരുന്നു ആദ്യഗാനം.
1957ൽ പുറത്തിറങ്ങിയ നയാ ദൗർ സിനിമയിലെ ‘ഉഡേ ജബ് ജബ് സുൽഫേ തേരി’ 1962ൽ പുറത്തിറങ്ങിയ ‘മേരെ സനം’ എന്ന ചിത്രത്തിലെ ‘സുൽഫേം മേം ജബ് ജബ് തേരി’, ‘ആവോ ഹുസൂർ തുംകോ’(കിസ്മത്), ‘ഇഷാരോം ഇഷാരോം മേം’ (കാഷ്മീർ കി കലി) ‘ജായിയേ ആപ് കഹാ ജായേംഗേ’ (മേരേ സനം) തുടങ്ങിയ പാട്ടുകളിലൂടെ ആശാ ഭോസ്ലെയെ പുതുയുഗ ഗായികയാക്കി മാറ്റിയത് ഒ.പി. നയ്യാർ ആണ്. 1956 മുതൽ 1974 വരെയുള്ള ഒ.പി. നയ്യാർ-ഭോസ്ലെ കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളെ അതിശയിക്കാൻ പോന്ന ഒരു ഗാനവും ഇന്ത്യൻ സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. പക്ഷേ, ഏതോ കാരണത്താൽ ആ കൂട്ടുകെട്ട് അവസാനിച്ചു.
തുടർന്നുള്ള പത്തുവർഷത്തിനുള്ളിൽ ആർ.ഡി. ബർമൻ-ആശാ ഭോസ്ലെ കൂട്ടുകെട്ടിലും നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നു. ‘ചുരാ ലിയാ ഹേ തുംനെ’ (യാദോം കി ബാരാത് 1973), ‘പിയാ തു അബ് തോ ആജാ’ (കാരവൻ 1971) ‘ദം മാരോ ദം’ (ഹരേ രാമ ഹരേ കൃഷ്ണ), ‘മേരാ കുച്ച് സമാൻ’ (ഇജാസത്), ‘ഹം കിസി സെ കം നഹി’, ‘സനം തേരി കസം’ തുടങ്ങി എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ലഗാൻ സിനിമയ്ക്കുവേണ്ടി പാടിയ ‘രാധാ കൈസേ ന ജലേ’ വരെയുള്ള ഹിറ്റ് ഗാനങ്ങൾ മറക്കുവതെങ്ങനെ?
1981ൽ പുറത്തിറങ്ങിയ ഉമ്രാവ് ജാൻ എന്ന സിനിമയിലെ ഗസൽ ഗാനങ്ങളാണ് ആശ ഭോസ്ലെയുടെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്. ഈ ചിത്രത്തിലെ ‘ഇൻ കമാൻ കി പ്രഭു’ എന്ന ഗാനത്തിലൂടെയാണ് ആശയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
ഏറ്റവും ഉയർന്ന പിച്ചിലും എത്ര താഴ്ന്ന പിച്ചിലും വിഷാദവും പ്രണയവും വിരഹവും ആനന്ദവും ചടുലതയുമെല്ലാം ആവാഹിക്കാൻ ഭോസ്ലെക്കു കഴിയുമായിരുന്നു. ഹിന്ദുസ്ഥാനിയും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്നത് നമുക്കു കാണാം. ഇക്കാര്യത്തിൽ ഭോസ്ലെ ലതാ മങ്കേഷ്കറെക്കാൾ മുന്നിലല്ലേ എന്നു നമ്മൾ സംശയിച്ചുപോകുന്നു.
രവീന്ദ്ര ജയിനിന്റെ സംഗീതസംവിധാനത്തിൽ 1973ൽ സുജാത എന്ന മലയാള ചിത്രത്തിൽ ആശാജി പാടിയ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഇപ്പോഴും കേരളീയർ പാടി നടക്കുന്നുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ലോകഭാഷകളിലും ഇന്ത്യൻ ഭാഷകളിലുമടക്കം ഇരുപത് വ്യത്യസ്ത ഭാഷകളിലുള്ള അവരുടെ ഗാനങ്ങൾ ആരെയും അതിശയിപ്പിക്കും.
ലോക സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റിക്കാർഡ് ചെയ്ത ഗായികയായി 2011ൽ ‘ഗിന്നസ് ബുക്കി’ൽ ആശ ഭോസ്ലെ ഇടംപിടിച്ചു. അതിനു പുറമേ സിനിമാരംഗത്തെ ഏറ്റവും വലിയ അവാർഡായ ദാദാ ഫാൽക്കേ അവാർഡ് (2000), പദ്മവിഭൂഷൺ (2008) ലണ്ടനിലെ ബിബിസി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ പരമോന്നത ബഹുമതികളും ലഭിച്ചു.
1997ൽ ‘ലെഗസി’ എന്ന ആൽബം, 2005ൽ ആർ.ഡി. ബർമന്റെ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’എന്ന ആൽബം എന്നിവയിലൂടെ ആശ ഭോസ്ലെ ഗ്രാമി അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
മനുഷ്യർ സംഗീതത്തെപ്പോലെ മികച്ച ഭക്ഷണവും രുചിക്കണമെന്ന ആഗ്രഹത്തോടെ ആശാസ് റസ്റ്ററന്റിന് 2002ൽ അബുദാബിയിൽ തുടക്കമിട്ടു. ആശാസ് റസ്റ്ററന്റുകൾ അബുദാബി, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലും മാഞ്ചസ്റ്ററിലും പ്രവർത്തിക്കുന്നു. ഇതിൽ രണ്ടിടത്ത് ഈ ലേഖകനും പോയി ആഹാരം ആസ്വദിച്ചിട്ടുണ്ട്.
ലതാ മങ്കേഷ്കറെപ്പോലെ ആശയും കാലാതിവർത്തിയാണ്. മരിച്ചിട്ടും മരിക്കാതിരിക്കുന്നവർ, യഥാർഥ ചിരഞ്ജീവികൾ. ഈ ലേഖനം നിങ്ങൾ വായിക്കുമ്പോഴും ലോകത്തെവിടെയൊക്കെയോ ആയിരമിടങ്ങളിൽ ആശാജിയുടെ പാട്ടുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
പിന്നെയെങ്ങനെയാണവർ മരിച്ചെന്നു കരുതാനാവുക? സംഗീതത്തിന് അവർ നല്കിയ സംഭാവനയ്ക്ക് ലോകം എന്നും കടപ്പെട്ടിരിക്കും!
Kerala
മാവേലിക്കര: കെഎസ്ആര്ടിസി ഡ്രൈവര് ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(49) ആണ് മരിച്ചത്.
ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില് മാവേലിക്കര നടയ്ക്കാവില് ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്പെട്ട യാത്രികരില് ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്ത്തിയത്.
പ്രദീപിനെ ഉടന് തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസില് 20 ഓളം യാത്രികര് ഉണ്ടായിരുന്നു.
പത്തനംതിട്ട-ഹരിപ്പാട് ചെയിന് സര്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്ഇഎ 885 വാഹനമാണ് അപകത്തില്പെട്ടത്. പത്തനംതിട്ടയില് നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.
പ്രദീപിന് മുന്പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില് ഒപ്റ്റിക്കല്സ്, ഫോര് ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്ഡുകളും മതിലും തകര്ന്നിട്ടുണ്ട്.
District News
തൊടുപുഴ: പ്രാര്ഥനാമന്ത്രങ്ങള് ഉരുവിടാന് കത്തിച്ച മെഴുകുതിരികള് മെഴുകുമലയായി മാറി. തൊടുപുഴ സീനായി ഹോട്ടല് ഉടമ സീനായി ചാക്കോച്ചനാണ് (75) മെഴുകുതിരികള് കത്തിച്ച് പ്രാര്ഥനയോടെ പ്രതിദിനം കടയുടെ പ്രവര്ത്തനം ആരംഭിച്ചിരുന്നത്. തൊടുപുഴ-ഇടുക്കി റോഡില് മുനിസിപ്പല് ടൗണ്ഹാളിന് എതിര്വശത്തുള്ള ഹോട്ടലില് എത്തിയാല് ആദ്യം ഏവരുടേയും ശ്രദ്ധയില്പ്പെടുന്നതും ഈ മെഴുകുമലയാണ്. വിശ്വാസത്തിന്റെ ആഴം വിളിച്ചോതുന്ന ഈ മെഴുകുമല കാണുന്നവരുടെ മനസിലും ആത്മീയ ചൈതന്യം അറിയാതെ ഉണര്ന്നിരുന്നു.
ഒരിക്കല് തീപിടിച്ച് മെഴുകുമല ഭാഗികമായി കത്തി നശിച്ചെങ്കിലും ഇദ്ദേഹം വീണ്ടും കൊളുത്തിയ തിരികള് കത്തിയമര്ന്ന് മെഴുകുമല പഴയസ്ഥിതിയിലായി. ജീവിതത്തില് ഏറെ കഷ്ടപ്പാടുണ്ടായിരുന്നെങ്കിലും പാവങ്ങളെ സഹായിക്കുന്നതില് ഇദ്ദേഹം പ്രത്യേക താത്പര്യമെടുത്തിരുന്നു.
ചെറുപ്പത്തില് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില് സഹായിയായി ജീവിതപോരാട്ടം തുടങ്ങിയ ചാക്കോച്ചന് ചേട്ടന് സീനായ് ഹോട്ടലിലൂടെ അനേകരുടെ വിശപ്പകറ്റാനും ശ്രമിച്ചു. നേരത്തേ വേളാങ്കണ്ണി തീര്ഥയാത്ര പോകുമ്പോള് കടപ്പുറത്തെ നിരാലംബര്ക്ക് വിതരണം ചെയ്യുന്നതിനായി ഇദ്ദേഹം കൈയില് അരിയും കരുതിയിരുന്ന കാര്യം പൊതുപ്രവര്ത്തകനായ ആമ്പല് ജോര്ജ് അനുസ്മരിച്ചു.
സാധുക്കളെ സംരക്ഷിക്കുക, തെരുവില് അലഞ്ഞ് നടക്കുന്നവരുടെയും ഭിക്ഷാടകരുടെയും മുടിവെട്ടുക തുടങ്ങിയവ ഹോട്ടല് ബിസിനസിനൊപ്പം ചെയ്തിരുന്നു. വര്ഷങ്ങള്ക്കു മുമ്പ് കോലാനിയില് ആകാശപ്പറവകളുടെ ക്യാമ്പ് സംഘടിപ്പിച്ച് പാവങ്ങള്ക്ക് ആശ്വാസം പകര്ന്നിരുന്നു.
മുരിങ്ങൂര് ധ്യാന കേന്ദ്രത്തോട് അനുബന്ധിച്ചുള്ള എയ്ഡ്സ് രോഗികളുടെ സംരക്ഷണ കേന്ദ്രത്തില് ഉള്പ്പെടെ വിവിധ അനാഥാലയങ്ങളില് അന്നദാനം നടത്തുന്നതും പതിവായിരുന്നു.
വിശന്ന് ചെല്ലുന്ന ആര്ക്കും സീനായ് ഹോട്ടല് അത്താണിയായിരുന്നു. നിശബ്ദമായ ചാരിറ്റി പ്രവര്ത്തനങ്ങളിലൂടെ പാവങ്ങളുടെ രക്ഷകനായ സീനായ് ചാക്കോച്ചന് കഴിഞ്ഞ ദിവസം നിത്യതയിലേക്ക് യാത്രയായതോടെ നന്മമരത്തിന്റെ മരിക്കാത്ത ഓര്മകളാണ് അനേകരുടെ മനസില് ഉണരുന്നത്.
District News
ആലപ്പുഴ: നരകതുല്യമായി ആലപ്പുഴ-എറണാകുളം ട്രെയിന് യാത്ര. ഈ റൂട്ടിലെ യാത്ര ദിവസം ചെല്ലുന്തോറും കൂടുതല് ക്ലേശകരമാകുകയാണെന്ന് യാത്രക്കാര് പറയുന്നു. ട്രെയിനുകളുടെ എണ്ണക്കുറവും ഉള്ള ട്രെയിനുകള്ക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതും തീരദേശപാതയിലെ യാത്രക്കാരുടെ യാത്ര ദുരിതപൂര്ണമാക്കുന്നു.
വന്ദേഭാരതിനായി മറ്റു ട്രെയിനുകളുടെ സമയം മാറ്റിയതും പല സ്ഥലങ്ങളിലും പിടിച്ചിടുന്നതും സ്ഥിരം യാത്രക്കാര്ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവർ വീടുകളിലെത്താൻ ഏറെ വൈകുന്നു. അരൂര് ദേശീയപാതയില് ഗതാഗതനിയന്ത്രണം കൂടി വന്നപ്പോള് ട്രെയിന് യാത്രക്കാരുടെ എണ്ണത്തില് മുന് കാലങ്ങളേക്കാള് വര്ധനയുണ്ടായി. നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയാണ് ട്രെയിനുകളിൽ.
വൈകിട്ട് എറണാകുളത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ആദ്യ ട്രെയിന് നാലുമണിയുടെ പാസഞ്ചറാണ്. ഇത് 5.30ന് ആലപ്പുഴയിലെത്തും. എംജിആര് ചെന്നൈ സൂപ്പര് ഫാസ്റ്റ് എക്സ്പ്രസിനായി ഈ ട്രെയിന് പത്തുമിനിട്ടോളം കുമ്പളത്ത് പിടിച്ചിടും. 5.30ന് മുമ്പ് ഈ ട്രെയിന് ആലപ്പുഴയിലെത്തിയില്ലെങ്കില് ഇതിലെത്തുന്നവര്ക്ക് 5.35ന് പുറപ്പെടുന്ന ആലപ്പുഴ-കൊല്ലം മെമു കിട്ടാതെവരും.
എറണാകുളം-ആലപ്പുഴ പാസഞ്ചര് നാലിന് പോകുന്നതിനാല് കോളജ് വിദ്യാര്ഥികള്ക്കും ഉദ്യോഗസ്ഥര്ക്കും ഇതില് യാത്ര സാധ്യമല്ല. പിന്നീടുള്ളത് 4.20ന് എറണാകുളത്തെത്തുന്ന ഏറനാട് എക്സ് പ്രസാണ്. ഈ ട്രെയിനിന് കുമ്പളം, വയലാര്, തിരുവിഴ, മാരാരിക്കുളം, കലവൂര്, തുമ്പോളി എന്നീ സ്റ്റേഷനുകളില് സ്റ്റോപ്പില്ലാത്തതിനാല് ഭൂരിഭാഗം പേര്ക്കും ആശ്രയിക്കാനാവില്ല.
21 കോച്ചുകളുള്ള ട്രെയിനില് 13 ജനറല് കോച്ചുകളുണ്ടെങ്കിലും വന്തിരക്കാണ്. 4.20ന് ഏറനാട് പോയാല് 5.25ന്റെ ജനശതാബ്ദിയാണ് അടുത്തത്. ഇതില് ജനറല് കോച്ചുകളില്ല. പിന്നെ ആശ്രയം 6.25ന്റെ എറണാകുളം-കായംകുളം പാസഞ്ചറാണ്. മുമ്പ് വൈകിട്ട് ആറിന് പുറപ്പെട്ടിരുന്ന ട്രെയിന് 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിടുന്നത്.
പിന്നീട് ട്രെയിനിന്റെ സമയം 6.25 ആക്കി. വിദ്യാര്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതില് ദിവസവും യാത്രചെയ്യുന്നത്. സമയം മാറ്റിയെങ്കിലും വന്ദേഭാരത് കടന്നുപോകുന്നതിനായി 40 മിനിട്ടോളം കുമ്പളത്തും തുറവൂരുമായി ട്രെയിന് പിടിച്ചിടുന്ന അവസ്ഥ ഇപ്പോഴുമുണ്ട്.
മുമ്പ് 8.20ന് കായംകുളത്തെത്തിയിരുന്ന ട്രെയിന് ഇപ്പോള് 9.30 നാണെത്തുന്നത്. തിങ്ങിനിറഞ്ഞ് ശ്വാസം കിട്ടാതെ യാത്രക്കാര് ട്രെയിനില് കുഴഞ്ഞുവീഴാറുണ്ട്. നാളുകളായി യാത്രക്കാര് വിവിധ ആവശ്യങ്ങള് ഉന്നയിക്കുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും കാണുന്നില്ല.
ഇത്തരത്തില് ശ്വാസംമുട്ടി യാത്ര ചെയ്യുമ്പോള് ശാരീരിക അസ്വസ്ഥതകള് ഉണ്ടാകാറുണ്ട്. ഇതിനൊക്കെ ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Kerala
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
"ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ല.'- മന്ത്രി സജി ചെറിയാൻ പറഞ്ഞു
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല.'-സജി ചെറിയാൻ പറഞ്ഞു.
കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി, എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Leader Page