കോച്ചേരിക്കടവിലെ ഇല്ലിപ്പാലത്തിലൂടെയുള്ള യാത്ര.
വെള്ളിയാമറ്റം: കോച്ചേരികടവ് ഇല്ലിപ്പാലത്തിലൂടെ പ്രദേശവാസികൾ സഞ്ചരിക്കുന്നത് ജീവൻ പണയംവച്ച്. പാലം നിർമിക്കാൻ അനുമതി കിട്ടിയിട്ടും പാലം നിർമാണത്തിന് നടപടിയില്ല. വെള്ളിയാമറ്റം പഞ്ചായത്തിലെ നാളിയാനിക്കു സമീപം കോച്ചേരിരിക്കടവില് വടക്കനാറിന് കുറുകെ പാലം നിർമിക്കാനായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. ഇതിന് തുക അനുവദിച്ചത് പട്ടികവര്ഗ വകുപ്പാണ്. എസ്റ്റിമേറ്റും ഡിപിആറും തയാറാക്കി നിർമാണം തുടങ്ങിയപ്പോൾ വനം വകുപ്പ് എതിർപ്പുമായി രംഗത്തെത്തി.
വനംവകുപ്പിന്റെ എതിർപ്പ് മറികടന്ന് നിർമാണം തുടങ്ങാന് രണ്ടുവര്ഷം കൂടി കാത്തിരിക്കേണ്ടി വന്നു. നിര്മിതികേന്ദ്രത്തിനാണ് പാലം നിർമാണത്തിന്റെ ചുമതല. പട്ടികവര്ഗ വകുപ്പിന്റെയും നിര്മിതി കേന്ദ്രത്തിന്റെയും എസ്റ്റിമേറ്റ് പ്രകാരമുള്ള തുക വ്യത്യസ്തമായതോടെ വീണ്ടും നിർമാണം അനിശ്ചിതത്വത്തിലായി. സമീപനാളിൽ പുതുക്കിയ തുകയ്ക്ക് ജില്ലാ കളക്ടര് അനുമതി നല്കിയെങ്കിലും തീവ്ര മഴ ആരംഭിച്ചതോടെ പാലം നിർമാണം നീണ്ടുപോയി. ഇതുമൂലം പുഴയ്ക്കു കുറുകെ നിർമിച്ച ഇല്ലിപ്പാലത്തിലൂടെയാണ് പ്രായമായവരും വിദ്യര്ഥികളുമുള്പ്പെടെയുള്ളവർ മറുകര കടക്കുന്നത്.
പദ്ധതി നിര്വഹണത്തില് സര്ക്കാര് വകുപ്പകള് കാട്ടുന്ന അനാസ്ഥയുടെ നേര്ക്കാഴ്ചയാണ് കോച്ചേരിക്കടവ് പാലം. പല കാരണങ്ങളാൽ മൂന്നു വര്ഷം മുമ്പു തീരേണ്ട പാലം ഇപ്പോഴും തൂണുകള് മാത്രമായി അവശേഷിക്കുന്ന സ്ഥിതിയാണ്.
Tags : Local News Nattuvishesham journey Kocheri-Kadavu Illipalam