ചിന്താവിഷയം
1960 സെപ്റ്റംബര്‍. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഓഫിസില്‍ (എഫ്ഡിഎ) ഒരു പുതിയ മരുന്നിന് അംഗീകാരം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ എത്തി. താലിഡോമൈഡ് എന്നായിരുന്നു ആ മരുന്നിന്റെ പേര്. ഉറക്കമില്ലായ്മയ്ക്കും ഉത്കണ്ഠയ്ക്കും പരിഹാരമായി യൂറോപ്പിലെ പല രാജ്യങ്ങളിലും അത് ഉപയോഗിച്ചുവരികയായിരുന്നു. ഗര്‍ഭകാലത്തെ ഛര്‍ദിയും അസ്വസ്ഥതകളും കുറയ്ക്കാനും ചിലര്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നു. സുരക്ഷിതമായ മരുന്നാണെന്നായിരുന്നു നിര്‍മാതാക്കളുടെ അവകാശവാദം. അമേരിക്കയിലും അതു വിപണിയിലെത്തിക്കാനുള്ള അനുമതിയാണ് ജര്‍മനിയില്‍നിന്നുള്ള ഒരു കന്പനി ആവശ്യപ്പെട്ടത്.
അപേക്ഷ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടത് എഫ്ഡിഎയില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച ഫ്രാന്‍സസ് കെല്‍സി എന്ന വനിതാ ഡോക്ടറായിരുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാന്‍കുവറിലാണ് കെല്‍സി ജനിച്ചത്. ചെറുപ്പം മുതൽ ശാസ്ത്രവിഷയങ്ങളില്‍ താത്പര്യമുണ്ടായിരുന്ന കെല്‍സി മോണ്ട്രിയോളിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദവും ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന്, ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് ഫാര്‍മക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. അവിടെത്തെന്നെ വൈദ്യശാസ്ത്രപഠനവും പൂര്‍ത്തിയാക്കിയ അവര്‍ ഗവേഷണരംഗത്തും അധ്യാപനവൃത്തിയിലും ഏര്പ്പെട്ടതിനുശേഷമായിരുന്നു 1960ല്‍ എഫ്ഡിഎയില്‍ ജോലിക്കു പ്രവേശിച്ചത്. മരുന്നുകള്‍ മനുഷ്യശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് വര്‍ഷങ്ങളോളം പഠിച്ച ശാസ്ത്രജ്ഞയായിരുന്നു അവര്‍.
താലിഡോമൈഡിന്റെ അപേക്ഷ പരിശോധിച്ചപ്പോള്‍ ഡോ. കെല്‍സിയുടെ മനസില്‍ ചില സംശയങ്ങള്‍ ഉടലെടുത്തു. മരുന്നിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പര്യാപ്തമായി അവര്‍ക്കു തോന്നിയില്ല. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും ഗര്ഭസ്ഥശിശുക്കള്ക്കും എന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന ചോദ്യത്തിനു വിശ്വസനീയമായ ഉത്തരമില്ലായിരുന്നു.
മരുന്ന് മറ്റ് രാജ്യങ്ങളില്‍ വില്ക്കുന്നുണ്ടല്ലോ എന്നായിരുന്നു മരുന്നുനിര്‍മാതാക്കളുടെ അവകാശവാദം. തന്മൂലം, അമേരിക്കയിലും ഉടന്‍ അനുവാദം ലഭിക്കുമെന്നു നിര്‍മാതാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍, അപേക്ഷ അംഗീകരിക്കാന്‍ കെല്‍സി തയാറായില്ല. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ അവര്‍ ആവശ്യപ്പെട്ടു. കന്പനിയുടെ പ്രതിനിധികള്‍ വീണ്ടും വീണ്ടും കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചു അനുവാദത്തിനുവേണ്ടിയുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചു. എങ്കിലും കെല്‍സി നിലപാട് മാറ്റിയില്ല. മരുന്ന് അപകടകരമാണെന്ന് കെല്‍സി തറപ്പിച്ചു പറഞ്ഞില്ല. എന്നാല്‍, മരുന്നു സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ മതിയായ വിവരങ്ങളില്ലെന്നായിരുന്നു അവരുടെ നിലപാട്.
ഈ വ്യത്യാസം വളരെ പ്രധാനമാണ്. സംശയം തോന്നിയതുകൊണ്ടുമാത്രം അവര്‍ മരുന്നിനെ കുറ്റപ്പെടുത്തിയില്ല. അതേസമയം, ആവശ്യമായ തെളിവുകളില്ലാതെ മരുന്നു സുരക്ഷിതമാണെന്ന് അംഗീകരിക്കാനും തയാറായില്ല. ശാസ്ത്രീയമായ ഉത്തരവാദിത്വബോധമാണ് അവരുടെ ഈ തീരുമാനത്തെ നയിച്ചത്.
1961 അവസാനത്തോടെ യൂറോപ്പില്‍നിന്നു ഭയാനകമായ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങി. ഗര്‍ഭകാലത്തു താലിഡോമൈഡ് ഉപയോഗിച്ച ചില സ്ത്രീകള്‍ പ്രസവിച്ചപ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ ജനനവൈകല്യങ്ങളുണ്ടായിരുന്നു. ചില കുഞ്ഞുങ്ങള്‍ കൈകാലുകള്‍ പൂര്‍ണമായി വളരാതെയാണു ജനിച്ചത്. മറ്റ് ചില കുട്ടികള്‍ക്ക് ആന്തരികാവയവങ്ങളിലും ഗുരുതരമായ തകരാറുകളുണ്ടായി. അന്വേഷണങ്ങള്‍ പുരോഗമിച്ചതോടെ താലിഡോമൈഡും ഈ ദുരന്തങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമായി. അപ്പോഴാണ് കെല്‍സിയുടെ തീരുമാനത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞത്.
താലിഡോമൈഡിന് അമേരിക്കയില്‍ പൊതുവിപണനാനുമതി ലഭിച്ചിരുന്നില്ല. എങ്കിലും പരീക്ഷണാവശ്യങ്ങള്ക്ക് ചില രോഗികള്‍ക്ക് ഈ മരുന്നു നല്കിയിരുന്നതിനാല് അമേരിക്കയും പൂര്‍ണമായി ഈ ദുരന്തത്തില്‍നിന്ന് ഒഴിവായിരുന്നില്ല. എങ്കിലും കെൽസിയുടെ ജാഗ്രതയും മരുന്നിനു വിപണനാനുമതി നല്‍കാതിരുന്ന തീരുമാനവും മൂലം യൂറോപ്പിലേതുപോലെയുള്ള ദുരന്തം അമേരിക്കയില്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.
1962 ഓഗസ്റ്റ് ഏഴിന് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി വിശിഷ്ടമായ ഫെഡറല്‍ സിവിലിയന്‍ സര്‍വീസ് പുരസ്കാരം നല്കി കെല്‍സിയെ ആദരിച്ചു. അവരുടെ ശാസ്ത്രീയമായ വിവേകവും നോ പറയേണ്ടിടത്തു നോ പറയാനുള്ള നിലപാടും പൊതുജനാരോഗ്യസംരക്ഷണത്തിനു നല്കിയ സംഭാവനയുമാണ് അന്ന് ആദരിക്കപ്പെട്ടത്. താലിഡോമൈഡ് ദുരന്തം അമേരിക്കയിലെ മരുന്നുകളുടെ അംഗീകാര നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനും വഴിയൊരുക്കി.
കെൽസിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്ന പാഠം ഒരു മരുന്നിന്റെ ചരിത്രത്തില്‍ ഒതുങ്ങിനില്ക്കുന്നില്ല. നോ പറയേണ്ടിടത്തു നോ പറയാനുള്ള ഉത്തരവാദിത്വവും അതിനുള്ള ചങ്കൂറ്റവും അവര്‍ കാണിച്ചു. അവരുടെ ഈ മാതൃക നമുക്കും ഒരു പാഠമായിരിക്കേണ്ടതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അവരുടെ അംഗീകാരം നേടാനും പലപ്പോഴും നാം ശ്രമിക്കാറുണ്ട്. തന്മൂലം അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കെല്ലാം സമ്മതം നല്കുന്നതു നല്ല ഒരു സ്വഭാവത്തിന്റെ ഭാഗമാണെന്നു നാം കരുതിയേക്കാം. ആരുടെയെങ്കിലും ആവശ്യത്തോട് വിയോജിച്ചാല്‍ അയാള്‍ക്ക് വിഷമമാകുമോ അല്ലെങ്കില്‍ അവരുമായുള്ള ബന്ധം തകരുമോ എന്നു നാം ഭയപ്പെട്ടേക്കാം. എന്നാല്‍, എല്ലാ കാര്യത്തിലും സമ്മതം മൂളുന്നതു നന്മയായി പരിഗണിക്കണമെന്നില്ല.
ഒരു കുട്ടി ആവശ്യപ്പെടുന്നതെല്ലാം അനുവദിക്കുന്ന മാതാപിതാക്കള്‍ അവനോട് യഥാര്‍ഥ സ്നേഹമാണോ കാണിക്കുന്നത്? അവന്റെ നന്മ ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ മാത്രമല്ലേ അവര്‍ അനുവദിക്കേണ്ടത്്? ഒരു സുഹൃത്ത് അപകടകരമായ ഒരു തീരുമാനമെടുത്താല്‍ അതിനെക്കുറിച്ച് മൗനം പാലിക്കുന്നതു യഥാര്‍ഥ സൗഹൃദമാണോ? ആ സുഹൃത്തിന്റെ തീരുമാനം തെറ്റാണെങ്കില്‍ അയാളുടെ നന്മയ്ക്കുവേണ്ടി സ്നേഹപൂര്‍വം അതു ചൂണ്ടിക്കാണിക്കാന്‍ നമുക്കു കടമയില്ലേ? ചില സന്ദര്‍ഭങ്ങളില്‍ സ്നേഹത്തിന്റെ ഏറ്റവും സത്യസന്ധമായ ഭാഷ ശരിയായ കാര്യങ്ങള്‍ക്ക് യേസ് എന്നും തെറ്റായ കാര്യങ്ങള്‍ക്ക് നോ എന്നും പറയുന്നതായിരിക്കും. യേസ് എന്നു പറഞ്ഞാല്‍ ശരി, അങ്ങനെയാവാം, അംഗീകരിക്കുന്നു എന്നൊക്കെയാണ് ഈ പശ്ചാത്തലത്തില്‍ അര്‍ഥമാക്കുന്നത്. നോ എന്നു പറഞ്ഞാല്‍, ശരിയല്ല, പാടില്ല, അംഗീകരിക്കുന്നില്ല എന്നൊക്കെയുമാണ് ഇവിടെ വിവക്ഷിക്കുന്നത്.
നമ്മുടെ സമൂഹത്തില്‍ പല തെറ്റുകളും സംഭവിക്കുന്നത് അവ തെറ്റാണെന്ന് ആര്‍ക്കും അറിയാത്തതുകൊണ്ടല്ല. പ്രത്യുത, തെറ്റാണെന്ന് മനസിലാക്കിയിട്ടും എതിര്‍ക്കാന്‍ ആരും തയാറാകാത്തതുകൊണ്ടാണ്. ഒരു സ്ഥാപനത്തില്‍ നടക്കുന്ന ക്രമക്കേട് കണ്ടിട്ടും മൗനം പാലിക്കുന്നവര്‍, അനീതിക്കു കൂട്ടുനില്ക്കാന് ആവശ്യപ്പെടുന്പോള്‍ അതിനു സമ്മതിക്കുന്നവര്‍, ഭൂരിപക്ഷത്തിന്റെയാണെങ്കിലും ഒരു തെറ്റായ അഭിപ്രായമാണെങ്കില്‍ അതു ചോദ്യം ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരുടെ മൗനം പലപ്പോഴും വലിയ തിന്മകള്ക്ക് വഴിയൊരുക്കുന്നു എന്നതാണു യാഥാര്‍ഥ്യം.
ദൈവപുത്രനായ യേശു പറഞ്ഞു: ‘നിങ്ങളുടെ വാക്ക് അതെ, അതെ എന്നും അല്ല, അല്ല എന്നും ആയിരിക്കട്ടെ’ (മത്തായി 5:37). സത്യസന്ധതയുടെയും ധാര്മികധൈര്യത്തിന്റെയും പ്രാധാന്യമാണ് ഈ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. മറ്റുള്ളവരുടെ അംഗീകാരത്തേക്കാള്‍ മനഃസാക്ഷിയുടെ സ്വരത്തിനു പ്രാധാന്യം നല്കാന് നമുക്കു കഴിയണം. എന്നാല്‍, നമ്മുടെ തീരുമാനങ്ങള്‍ അറിവിന്റെയും നീതിയുടെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നതു നാം മറക്കരുത്. ഡോ. കെല്‍സി 2015ല്‍ നൂറ്റിയൊന്നാം വയസില്‍ അന്തരിച്ചു. അവരുടെ പേര് എല്ലാവര്ക്കും പരിചിതമല്ല. എന്നാല്‍, അവരുടെ തീരുമാനത്തിന്റെ ഫലം അനുഭവിച്ച അനേകം മനുഷ്യര്‍ക്ക് ലഭിച്ചതു സുരക്ഷിതമായ ജീവിതത്തിനുള്ള ഒരു സംരക്ഷണമായിരുന്നു.
ലോകം പലരെയും ഓര്‍മിക്കുന്നതു അവര്‍ ചെയ്ത മഹത്തായ കാര്യങ്ങളുടെ പേരിലാണ്. എന്നാല്‍, കെല്‍സിയെ അനുസ്മരിക്കുന്നത് അവര്‍ ചെയ്യാന്‍ വിസമ്മതിച്ച ഒരു കാര്യത്തിന്റെ പേരിലും. ചിലപ്പോള്‍, മനുഷ്യരാശിക്ക് നല്കാവുന്ന നമ്മുടെ ഏറ്റവും വലിയ സംഭാവന പലരും പ്രതീക്ഷിക്കുന്ന ഒരു യേസിനു പകരം മനഃസാക്ഷിയോടെ പറയുന്ന ഒരു നോ ആയിരിക്കും.
Tags : Sunday Deepika