ഭാരതീയ പൈതൃകത്തിന്റെ ആണിക്കല്ലായ സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട പുരാതന കേന്ദ്രങ്ങള്‍ അമൂല്യ സ്വത്തുക്കളായാണ് സംരക്ഷിച്ചുപോരുന്നത്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സംഗോള് അവയിലൊന്നാണ്. സിന്ധു നദീതട സംസ്കാരം മുതല്‍ കുശാന സാമ്രാജ്യം വരെയുള്ള നാലായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രശേഷിപ്പുകള്‍ പ്രാദേശികമായി ‘ഉച്ച പിണ്ട്’ എന്നറിയപ്പെടുന്ന സംഗോളിന്റെ മണ്ണില്‍ കാണാനാവും.
ചണ്ഡിഗഡ്- ലുധിയാന പാതയ്ക്കരികിലായി, കൃഷിയിടങ്ങളും സാധാരണ ഗ്രാമീണജീവിതവും നിറഞ്ഞ പ്രദേശമായിരുന്ന സംഗോളിന്റെ കഥ ഒരു നാള് അപ്രതീക്ഷിതമായി മാറിമറിയുകയായിരുന്നു.
1968ല്‍ പഞ്ചാബ് പുരാവസ്തുവകുപ്പും പിന്നീട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ ഖനനങ്ങളിലൂടെ വ്യത്യസ്ത കാലഘട്ടങ്ങളിലെ നാഗരികതകളുടെ അടരുകള്‍ മറനീക്കി പുറത്തുവന്നു. ലേറ്റ് ഹാരപ്പന്‍ (ബിസി 1900-1300) കാലഘട്ടത്തിലുള്ള കളിമണ്പാത്രങ്ങള്, മണ്‍പാത്ര നിര്‍മാണ ശൈലികള്‍, ചാരനിറത്തിലുള്ള മണ്‍പാത്രങ്ങള്‍ എന്നിവ ഇവിടെനിന്ന് ലഭിച്ചതോടെ പ്രദേശം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
കുശാന സാമ്രാജ്യത്തിന്റെ സുവര്‍ണകാലം എഡി 13 നൂറ്റാണ്ടുകളിലെ അവശേഷിപ്പുകളും തുടര്‍ന്നുള്ള ഖനനങ്ങളിലൂടെ തെളിഞ്ഞുവന്നു. കനിഷ്ക രാജാവിന്റെ ഭരണകാലത്ത് ഈ പ്രദേശം വടക്കേ ഇന്ത്യയിലെ ഒരു പ്രധാന ബുദ്ധമത, വ്യാപാര കേന്ദ്രമായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ തെളിവുകള്‍. ചക്രത്തിന്റെ ആരക്കാലുകള്‍പോലെ വികേന്ദ്രീകൃതമായ രീതിയില്‍ ചുട്ട ഇഷ്ടികകള്‍കൊണ്ട് നിര്‍മിച്ച സവിശേഷമായ സ്തൂപ അടിത്തറയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ധര്‍മചക്ര സ്തൂപം എന്നാണ് ഇതറിയപ്പെട്ടത്.
1985ല്‍, കൊത്തുപണികളോടുകൂടിയ 117 ചുവന്ന മണല്‍ക്കല്ല് തൂണുകളും ഫലകങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. സാലഭഞ്ജികമാര്‍, സ്ത്രീരൂപങ്ങള്‍, ധര്‍മചക്ര ചിഹ്നങ്ങള്‍ എന്നിവ കൊത്തിവച്ച ഈ ശില്പങ്ങള് മഥുര കലാശൈലിയുടെ മികച്ച ഉദാഹരണങ്ങളാണ്. വിദേശ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാനായി അക്കാലത്ത് സന്യാസിമാര്‍ ഇവ മണ്ണില്‍ കുഴിച്ചിട്ടതാണെന്ന് കരുതപ്പെടുന്നു.
പുരാതന ഇന്ത്യയിലെ പ്രധാന വ്യാപാരപാതകളിലൊന്നായ ഉത്തരപഥവുമായി ഈ പ്രദേശത്തിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇവയൊക്കെ തെളിയിക്കുന്നത്. തക്ഷശിലയെയും മഥുരയെയും ബന്ധിപ്പിച്ചിരുന്ന ഈ പാതയിലൂടെ വ്യാപാരികളും യാത്രക്കാരും ആശയങ്ങളും മതവിശ്വാസങ്ങളും സഞ്ചരിച്ചിരുന്നു. അതിനാല്‍തന്നെ സംഗോള് വിവിധ സംസ്കാരങ്ങള്‍ തമ്മില്‍ ഇടപഴകിയിരുന്ന ചരിത്രഭൂമിയായിരുന്നുവെന്ന് അനുമാനിക്കാം. ഇന്‍ഡോ-ഗ്രീക്ക്, കുശാന, ഗുപ്ത രാജാക്കന്മാരുടെ നാണയങ്ങളും മുദ്രകളും ധാരാളമായി ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.
സംഗോളിന്റെ തകര്‍ച്ച രണ്ട് കാലഘട്ടങ്ങളിലായാണ് സംഭവിച്ചത്. ലേറ്റ് ഹാരപ്പന്‍ കാലഘട്ടത്തിലായിരുന്നു ആദ്യത്തേത്. സത്ലജ്, സരസ്വതി നദീതടങ്ങളിലെ ഒഴുക്കിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാവ്യതിയാനവും പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തു. ജനങ്ങള്‍ നഗരജീവിതം ഉപേക്ഷിച്ച് ഗ്രാമകേന്ദ്രീകൃതമായ ജീവിതങ്ങളിലേക്ക് ചുരുങ്ങിയത് വലിയ നിര്‍മിതികളുടെയും വ്യാപാരശൃംഖലകളുടെയും നാശത്തിലേക്ക് നയിച്ചു. പിന്നീട് വിവിധ രാജവംശങ്ങളാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട സംഗോള് കുശാന ഭരണകാലത്ത് വടക്കേ ഇന്ത്യയിലെ സമ്പന്നമായ ബുദ്ധമത വ്യാപാരകേന്ദ്രമായി മാറുകയും ചെയ്തു.
എന്നാല്‍, എഡി അഞ്ച്, ആറ് നൂറ്റാണ്ടുകളിലുണ്ടായ ഹൂണന്മാരുടെ ആക്രമണം സംഗോളിന്റെ നാശത്തിന് വഴിവയ്ക്കുകയായിരുന്നു. തോരമണന്, മിഹിരകുലന്‍ തുടങ്ങിയ ഹൂണ ഭരണാധികാരികളുടെ അധിനിവേശം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. ബുദ്ധ സ്തൂപങ്ങളും ആശ്രമങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തു. കുശാന, ഗുപ്ത സാമ്രാജ്യങ്ങളുടെ പതനത്തോടെ ഉത്തരേന്ത്യയിലൂടെ കടന്നുപോയിരുന്ന പ്രധാന വ്യാപാരപാതയായ ഉത്തരാപഥത്തിന്റെ സ്വാധീനം കുറഞ്ഞു. ഇതോടെ വാണിജ്യകേന്ദ്രമെന്ന നിലയില്‍ സംഗോളിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു.
തുടര്‍ച്ചയായ യുദ്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും മൂലം ജനങ്ങള്‍ പ്രദേശംതന്നെ ഉപേക്ഷിച്ചുപോയി. കാലക്രമേണ മണ്ണും മണലും മൂടി ഇതൊരു വലിയ മണ്‍കൂനയായി മാറുകയും പ്രദേശവാസികള്‍ ഇതിനെ ഉയര്‍ന്ന ഗ്രാമം എന്നര്‍ഥം വരുന്ന ‘ഉച്ചാ പിണ്ട്’ എന്ന് വിളിക്കുകയുമായിരുന്നു. ഖനനങ്ങളില്‍ ലഭിച്ച പുരാവസ്തുക്കള്‍ സംരക്ഷിക്കാനും പൊതുജനങ്ങള്‍ക്ക് കാണാനുമായി പില്ക്കാലത്ത് സംഗോളില് ഒരു മ്യൂസിയം സ്ഥാപിക്കുകയുണ്ടായി. 1990 ഏപ്രില്‍ 10നാണ് പഞ്ചാബ് സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ ഭാഗമായി മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
ഇന്ന് പഞ്ചാബിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലെ സംഗോള് അത്ര വലിയ ജനശ്രദ്ധ നേടുന്നില്ല. എന്നാല്‍ പുരാതന ഇന്ത്യയുടെ സംസ്കാരവും മതചരിത്രവും കലാപാരമ്പര്യവും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രദേശം ഏറെ പ്രധാനപ്പെട്ടതാണ്. കാലം മണ്ണിനടിയിലാക്കിയ ചരിത്രത്തെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്ന സംഗോള്, പഞ്ചാബിന്റെ മറന്നുപോയ ബുദ്ധമത പൈതൃകത്തിലേക്കുള്ള അപൂര്‍വ വാതിലായാണ് ഇന്ന് വര്‍ത്തിക്കുന്നത്.
Tags : Sunday Deepika