അമേരിക്കയില്‍ ലാസ് വേഗസിലുള്ള ഹാരി റീഡ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് നൂവര്ക്കിലെ ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകാന്‍ രാത്രി 10.51ന് ടേക്കോഫ് ചെയ്ത യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് നമ്പര്‍ യുഎ 1681, 150 യാത്രക്കാരുമായി പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റു കഴിയുമ്പോഴേക്കും തിരികെയെത്തി ലാസ് വേഗസില്തന്നെ ഇറങ്ങിയത് ഒക്ടോബര്‍ 24 ശനിയാഴ്ചയായിരുന്നു. വിമാനത്തിലെ ഒരു യാത്രക്കാരനായിരുന്ന ഡാന്റെ മില്‍നെ എന്ന ഇരുപത്തഞ്ചുകാരന് മൊബൈലില്‍ ടൈപ്പ് ചെയ്യുന്ന ഒരു വാചകം, കാബിന് ക്രൂവില്‍ ഒരാള്‍ പിന്നില്‍നിന്നു കണ്ടതായിരുന്നു, വിമാനം തിരിച്ചിറക്കാന്‍ കാരണം.
ഇതായിരുന്നു, ഡാന്റെ അയയ്ക്കാന്‍ തുടങ്ങിയ (അല്ലെങ്കില്‍ അയച്ച) സന്ദേശം:
‘ഈ വിമാനം ഹൈജാക്ക് ചെയ്യാന്‍ പോവുകയാണ്. നീ ഇരിക്കുന്ന നിര മാത്രം തകര്‍ക്കും’. ഞെട്ടിത്തരിച്ച കാബിന് ക്രൂ കോക്പിറ്റിലേക്ക് ഓടി ക്യാപ്റ്റനോടു കാര്യം പറഞ്ഞു. കാബിന് ക്രൂവിനെ പുറത്തിറക്കി കോക്പിറ്റ് ഉള്ളില്‍നിന്ന് പൂട്ടുകയായിരുന്നു ആദ്യ നടപടി.
പിന്നെ, ക്യാപ്റ്റന്‍ ലാസ് വേഗസ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം ധരിപ്പിച്ചു. ഹൈജാക്ക് ചെയ്യുമെന്നു പറഞ്ഞയാള്‍ എവിടെ, കുഴപ്പമുണ്ടാക്കുകയാണോ അതോ കെട്ടിയിട്ടിരിക്കുകയാണോ എന്ന് എടിസി ചോദിച്ചതിന്, ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞത് അയാള്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു പൈലറ്റിന്റെ മറുപടി.
മുന്‍കരുതലെന്ന നിലയില്‍, വിമാനം തിരികെ പറക്കാന്‍ എടിസി അനുമതി കൊടുത്തതിനെത്തുടര്‍ന്ന് രാത്രി 11.95 ന് എരസോണയിലെ ഗ്രാന്‍ഡ് കേന്യനു മുകളില്‍ യു ടേണ്‍ എടുത്ത് ലാസ് വേഗസിലേക്കു പറന്നു തുടങ്ങി. 11.42ന് ഹാരി റീഡ് വിമാനത്താവളത്തില്‍ തിരികെ ലാന്‍ഡ് ചെയ്തു. പൈലറ്റുമാരുടെയും കാബിന് ക്രൂവിന്റെയും പറക്കല്‍ സമയപരിധി കഴിഞ്ഞതിനാല്‍ വിമാനം അന്ന് പിന്നെ പറത്തിയില്ല. ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ നൂവര്ക്കിലേക്ക് അയച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍നിന്ന് ഡാന്റെയെ പിടികൂടി കൊണ്ടു പോവുകയും ചെയ്തു. വിമാനം ഹൈജാക്ക് ചെയ്യുമെന്നും നീ ഇരിക്കുന്ന നിരയിലെ സീറ്റുകള്‍ മാത്രം ക്രാഷ് ചെയ്യുമെന്നും മൊബൈലില്‍ ടൈപ്പ് ചെയ്തതിന് ഇത്രയും പരിഭ്രമിക്കേണ്ട കാര്യമുണ്ടോ, മറ്റ് 149 യാത്രക്കാരെയും ബുദ്ധിമുട്ടിക്കുംവിധം വിമാനം തിരിച്ചു കൊണ്ടുപോകേണ്ടിയിരുന്നോ എന്ന് ചിലര്‍ക്കെങ്കിലും തോന്നാം.
മറ്റുള്ളവരെ കാണിച്ച് ടൈപ്പ് ചെയ്തതിനു ശേഷമല്ല, വിമാനം ഹൈജാക്ക് ചെയ്യുക എന്നത് ഒന്നാമത്തെ കാര്യം. ഒരു നിര സീറ്റുമാത്രം വിമാനം ഇടിച്ചിറക്കി തകര്‍ക്കാന്‍ കഴിയില്ലെന്നതും തകര്‍ന്നാല്‍ സന്ദേശം അയച്ചയാളും അപകടത്തിലാകുമെന്നതും പിന്നത്തെ കാര്യം. എത്രമാത്രം അസംഭവ്യമാണെങ്കിലും തമാശയായിട്ടോ, മാനസികപ്രശ്നമുള്ളയാള്‍ രോഗാവസ്ഥയിലോ പറയുന്നതാണെങ്കിലും, ഹൈജാക്ക്, ബോംബ് തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമാകുംവിധം പറയുകയോ എഴുതുകയോ ചെയ്താല്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്.
ഇവിടെ കാബിന് ക്രൂ ചെയ്തതുപോലെ, ക്യാപ്റ്റനെ അറിയിക്കണം എന്നത് ആദ്യത്തെ കാര്യം. സ്ഥിതിഗതികള്‍ വിലയിരുത്തി, എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ്. കാര്യങ്ങള്‍ നിയന്ത്രണാധീനമെങ്കില് യാത്ര തുടരാം, വഷളായേക്കുമെന്നു തോന്നിയാല്‍ വിമാനം തിരിച്ചു വിടാം. പുറപ്പെട്ടു വന്ന വിമാനത്താവളത്തിലേക്കോ അടുത്തുള്ള മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കോ പോകാം.
ഹൈജാക്ക്, അല്ലെങ്കില്‍ വിമാനത്തിന് ഭീഷണിയാവുംവിധമുള്ള ഏതെങ്കിലും ഇടപെടല്‍ ഉണ്ടായാല്‍ 7500 എന്ന സ്ക്വാക് കോഡ് സംപ്രേഷണം ചെയ്യണം എന്നതാണ് അടുത്ത നിബന്ധന. വിമാനം ഇതു പാലിച്ചിരുന്നില്ല. ഹൈജാക്ക് കോഡായ 7500നു പകരം ജനറല്‍ എമര്‍ജന്‍സി കോഡായ 7700 എന്ന ട്രാന്‍സ്പോണ്ടര്‍ കോഡാണ്, തിരിച്ചുപറക്കല്‍ വേളയില്‍ ക്യാപ്റ്റന്‍ സെറ്റു ചെയ്തിരുന്നത്.
സംഭവത്തിലെ പ്രതിയായ ഡാന്റെ , കാബിന് ക്രൂ സന്ദേശം കണ്ട കാര്യവും അതുമൂലം വിമാനം തിരിച്ചുവിടുന്ന കാര്യവും അറിഞ്ഞിരുന്നില്ല എന്നതിനാലാവാം 7700 എന്ന സ്ക്വാക് മതിയെന്ന് ക്യാപറ്റന് തീരുമാനിച്ചതെന്നു വേണം കരുതാന്‍. പറക്കലിനിടെ മൊബൈലില്‍ നെറ്റ് കിട്ടുന്നുണ്ടായിരുന്നെങ്കില് ട്രാക്കിംഗ് സൈറ്റുകളില്‍നിന്ന്, വിമാനം 7500 എന്ന ഹൈജാക് കോഡ് സ്ക്വാക് ചെയ്യുകയാണെന്ന് ഡാന്റെയ്ക്ക് മനസിലായാലോ ?
എയര്‍ലൈനിന്റെ സുരക്ഷാവിഭാഗം, അമേരിക്കയുടെ ഗതാഗത സുരക്ഷ ഏജന്‍സിയായ ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്, എഫിബിഐ എന്നവരെയെല്ലാം അറിയിക്കേണ്ടിയത് വിമാനത്താവളത്തിലെ വ്യോമ ഗതാഗത നിയന്ത്രണ വിഭാഗമാണ്. വിമാനം വന്നിറങ്ങുമ്പോള്‍ ക്രമീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ വിമാനത്തവളം അധികൃതരും ഈ ഏന്ജന്സികളും ചേര്‍ന്നാണ് എടുക്കുക. ഏതു വിമാനത്താവളത്തിലേക്ക് എങ്ങനെ തിരികെ ലാന്‍ഡ് ചെയ്യണം എന്നീ നിര്‍ദേശങ്ങളെല്ലാം കൊടുക്കുന്നത് എടിസി തന്നെ.
ഹൈജാക്ക്, ബോംബ് തുടങ്ങിയ ഭീഷണികളുള്ള വിമാനം ഒതുക്കി ഇടാന്‍ ഐസോലേഷന് ബേയിലേക്കാണ് വിമാനം പോകേണ്ടതും പാര്‍ക്ക് ചെയ്യേണ്ടതും. അവിടെ വിമാനത്തിനകത്തും ചരക്ക് അറയിലും വിശദമായ പരിശോധന നടത്തും. യാത്രക്കാരുടെ ദേഹപരിശോധന ഉള്‍പ്പടെ ഉണ്ടാകും.
ഇത്തരത്തിലുള്ള എത്ര സുരക്ഷാ ഭീഷണികളാണ്, വർഷംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അമേരിക്കയില്‍, വിമാനങ്ങള്‍ക്കു നേരേയുള്ള ബോംബ് ഭീഷണികളുടെ കണക്കെടുപ്പും രേഖപ്പെടുത്തലും 1991 മുതല്‍ 1995 വരെ കൃത്യമായി നടന്നിരുന്നു.
1991-388, 1992-215, 1993-248, 1994-218, 1995-327 എന്നിങ്ങനെയായിരുന്നു ഭീഷണികളുടെ എണ്ണം. എന്നാല്‍ വ്യാജ ഭീഷണികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാലും അവയുടെ തരംതിരിക്കലും രേഖപ്പെടുത്തലും കൃത്യമായി നടത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതമൂലവും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് 1996 മുതല്‍ കണക്കെടുപ്പ് നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഹൈജാക്കിനും ഹൈജാക്ക് ഭീഷണിക്കും ഈ കണക്കെടുപ്പുപോലും ഉണ്ടായിട്ടില്ല.
ഇന്ത്യയിലോ?
ഇന്ത്യയില്‍ യാത്രാവിമാനങ്ങള്‍ക്കു നേരെയുണ്ടാകുന്ന ബോംബ് ഭീഷണികളില്‍ അസാധാരണ കുതിച്ചുചാട്ടം 2024ലുണ്ടായി എന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. അമേരിക്കയിലെന്നപോലെ ഹൈജാക്ക് ഭീഷണികള്‍ക്ക് ഇന്ത്യയിലും കണക്കൊന്നുമില്ല. ഇന്ത്യയിലെ ബോംബു ഭീഷണികളെല്ലാം തന്നെ വ്യാജമായിരുന്നു എങ്കിലും അതുകൊണ്ട് എയര്‍ലൈനുകള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല.
വിമാനത്തിലെ ടോയ്ലറ്റില്, ടിഷ്യു പേപ്പറില്‍ ലിപ്സ്റ്റിക്കുകൊണ്ട് ബോംബ് എന്ന് എഴുതിയിരിക്കുന്നത് കണ്ടെത്തിയ സംഭവത്തിലും വിമാനം മൊത്തം ഒഴിപ്പിച്ച്, യാത്രക്കാരെയും ലഗേജും പരിശോധിക്കുകയായിരുന്നു സ്വാഭാവികമായ പ്രതികരണം. പുറപ്പെടാനൊരുങ്ങുന്ന വിമാനത്തില്‍ ബോംബുണ്ട് എന്നു ഫോണ്‍ വിളിച്ചറിയിച്ചത് ആരാണെന്ന് ഒരിക്കലും വ്യക്തമാകാത്തപ്പോഴും ആ വിമാനവും പിടിച്ചിട്ട്, പരിശോധിക്കാതിരിക്കാന്‍ വ്യോമസുരക്ഷ ചട്ടങ്ങള്‍ അനുവദിക്കുന്നുമില്ല.
Tags : SUNDAY DEEPIKA Dane Milne’s cabin crew’s vigilance Sunday