എക്കാലവും വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന രാജന് തിരോധാനത്തിന് അമ്പതാണ്ട്. കോഴിക്കോട് റീജണല്‍ എന്‍ജിനിയറിംഗ് കോളജില്‍ ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ഥിയും ആര്‍ട്സ് ക്ലബ് സെക്രട്ടറിയുമായിരുന്ന പി. രാജന് വാര്യര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്, മൃതദേഹം എവിടെ നശിപ്പിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ കേരളം എക്കാലവും ഇരുളിൽ പരതുകയാണ്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാലമായിരുന്നു അത്.
1976 മാര്‍ച്ച് ഒന്നിന് രാവിലെ ആറിന് കോളജ് ഹോസ്റ്റലില്‍നിന്ന് രാജനെ പൊലിസ് പിടിച്ചു കൊണ്ടുപോയി. കോഴിക്കോട് വനമേഖലയിലെ കക്കയം പൊലിസ് ക്യാമ്പില്‍ മൂന്നാംമുറ പീഡനങ്ങള്‍ക്കിരയായി രാജന് കൊല്ലപ്പെട്ടുവെന്നാണ് കാലം പറയുന്ന സാക്ഷ്യം. തൃശൂര്‍ സെന്റ് തോമസ്, എറണാകുളം മഹാരാജാസ് കോളജുകളിലും ചിറ്റൂര്‍, കോഴിക്കോട് ഗവണ്മെന്റ് കോളജുകളിലും ഹിന്ദി അധ്യാപകനായിരുന്ന പ്രഫ. ടി.വി. ഈച്ചര വാര്യരുടെയും രാധ വാരസ്യാരുടെയും മകനായിരുന്നു രാജന്.
ഹേബിയസ് കോർപസ് ഹർജി
രാജന്റെ തിരോധാനവും കക്കയം ക്യാമ്പിലെ മാരകപീഡനങ്ങളും സംസ്ഥാനത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു. രാജൻ എവിടെയെന്ന ചോദ്യം ഉയര്‍ത്തി കേരള ഹൈക്കോടതിയില്‍ ഈച്ചര വാര്യര്‍ 1977 മാര്‍ച്ച് 25 വെള്ളിയാഴ്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ലാറ്റിന്‍ വാക്കായ ഹേബിയസ് കോര്‍പ്പസ് എന്നതിന് അര്‍ഥം ‘വ്യക്തിയെ ഹാജരാക്കുക’ എന്നാണ്. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്‍ നടമാടിയ കൊടുംക്രൂരതളിലൊന്നായി രാജന് സംഭവത്തെ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് എഴുതുകയും ചെയ്തു.
“എന്റെ സഹോദരനെ കൊന്നത് ആരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അച്ഛനും അമ്മയും ഞാനും അനുജത്തി ചാന്ദിനിയും ഉറ്റവരും രാജന്റെ മടങ്ങിവരവിനായി ദീര്‍ഘകാലം കാത്തിരുന്നു. പക്ഷേ, അവന് ഒരിക്കലും വന്നില്ല”- രാജന്റെ ചേച്ചി രമാദേവിയുടെ വാക്കുകളില്‍ അര നൂറ്റാണ്ടിന്റെ വേദനയും നിരാശയും തളംകെട്ടി നില്ക്കുന്നു. “രാജന്റെ ഇളയവളാണ് ചാന്ദിനി. അമ്മയും രാജനും സംഗീതപ്രേമികളായിരുന്നു. രാജന്റെ പാട്ടുപരിപാടികളെക്കുറിച്ച് അവര്‍ പതിവായി വീട്ടില്‍ സംസാരിക്കുന്നത് ഞാനും ചാന്ദിനിയും കേട്ടിട്ടുണ്ട്”- രമ ടീച്ചര്‍ ഓര്‍ത്തെടുത്തു.
രാജനെ കസ്റ്റഡിയിലെടുത്തത് ഫറോക്ക് കോളജില്‍ നടന്ന സോണല്‍ കോളജ് കലാമേളയിൽ സംഗീത മത്സരത്തില്‍ പങ്കെടുത്തു പുലര്‍ച്ചയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തിയ ഉടനെയാണ്. “എന്റെ വിവാഹം നടന്നത് എറണാകുളത്തു വച്ചായിരുന്നു. അതില്‍ പങ്കെടുക്കാന്‍ രാജന് ഉണ്ടാവണമെന്നത് എല്ലാവരുടെയും വലിയ മോഹമായിരുന്നു. അവന്റെ അസാന്നിധ്യത്തില്‍ കല്യാണം ശോകമൂകമായിരുന്നു. ആരുടെ മുഖത്തും ചിരിയോ പ്രസാദമോ ഇല്ലായിരുന്നു.”
“മോഹിക്കാനല്ലേ ഞങ്ങള്‍ക്കു വിധിയുണ്ടായുള്ളൂ”- ഇടറിയ ശബ്ദത്തില്‍ എഴുപത്തഞ്ചുകാരി പറഞ്ഞു.
തൃശൂര്‍ ചെമ്പുക്കാവ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഗണിതശാസ്ത്രം അധ്യാപികയായിരുന്നു രമ ടീച്ചര്‍. ചാന്ദിനി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്പ്രൈസസില്നിന്നു വിരമിച്ചു. “രാജനും അച്ഛനും അമ്മയും പോയി. രാജനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കേട്ടതും അറിഞ്ഞതുമായ സംഭവങ്ങളോടെ അമ്മയുടെ മനോനില തെറ്റി. കരച്ചിലും പരിഭവങ്ങളുമായി അമ്മ തീരാദുഃഖത്തിലായി. മാനസികാഘാതത്തില്‍ കുറെക്കാലം കിടപ്പിലുമായി.
അമ്മ അച്ഛനേക്കാളും ആറു വര്‍ഷം മുമ്പ് 2000ത്തില്‍ യാത്രയായി. ഇനി ഞങ്ങള്‍ രണ്ടു പേരേ ബാക്കിയുള്ളൂ. പ്രാര്‍ഥനയും അക്ഷരശ്ലോകം ചൊല്ലലുമൊക്കെയായി ഒരുവിധം കാലം തള്ളിവിടുന്നു”-പതിഞ്ഞ സ്വരത്തില്‍ രമ ടീച്ചര്‍ പറഞ്ഞു. “മക്കളുടെ സ്വപ്നങ്ങള്‍ക്കു തന്റേതിനേക്കാള്‍ നിറമുണ്ടെന്നു കരുതിയ പിതാവായിരുന്നു ഈച്ചര വാര്യര്‍. കാണാതായ ഏക മകനെത്തേടി ഒരായുസു മുഴുവന്‍ അലഞ്ഞും അന്വേഷിച്ചും നടന്ന അച്ഛന്റെ തേങ്ങല്‍ ഈ മണ്ണിലും ഞങ്ങളുടെ മനസിലും ഇപ്പോഴുമുണ്ട്.
പുത്രദുഃഖമാണ് ദുഖഃങ്ങളില് ഏറ്റവും അഗാധമായതെന്ന് പഴമക്കാര്‍ പറയാറില്ലേ. രാജന് ജീവിച്ചിരിപ്പില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അച്ഛന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. മകന് എന്നെങ്കിലും തിരിച്ചുവരുമെന്നുതന്നെ അദ്ദേഹം മരണം വരെ കരുതി. അദ്ദേഹം എഴുതിയ ‘ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’ വായിച്ചു കണ്ണു നിറയാത്തവര്‍ ആരെങ്കിലുമുണ്ടോ...?.
ഒരച്ഛന്റെ ഓര്മക്കുറിപ്പുകളിലെ ഏതാനും വരികള്‍ ഇങ്ങനെയാണ്. ‘മകന് മരിച്ചാല്‍ അച്ഛനോ, അച്ഛന് മരിച്ചാല്‍ മകനോ കൂടുതല്‍ ദുഃഖം. ഉത്തരമില്ല. എന്റെ ലോകം ശൂന്യമായിരിക്കുന്നു. എന്റെ സൂര്യനും നക്ഷത്രങ്ങളും അണഞ്ഞിരിക്കുന്നു. മകനുവേണ്ടി, അവന്റെ ദീപ്തമായ ഓര്‍മകളില്‍ നനഞ്ഞു ക ുതിര്ന്ന് ഏതൊരച്ഛനും മതിയാവോളം കരയാം. രാജനെ ഏതോ കൊടുംകാട്ടിൽ പഞ്ചസാരയിട്ട് കത്തിച്ചു എന്നാണ് പറഞ്ഞത്. ആര്‍ക്കും അവന്റെ ഒരു കഷണം എല്ലുപോലും കിട്ടരുതെന്നായിരുന്നു നിശ്ചയം.”
“രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും ഊണുമേശയില്‍ എന്നും കരുതിവച്ചോണം. ഏതു സമയവും രാജന് പടികയറി വരാം. അവന് വിശന്നായിരിക്കാം വരുന്നത്. തീര്‍ച്ചയായും അവന് വരും” - ഈച്ചര വാര്യര്‍ ഭാര്യ രാധ വാരസ്യാരോട് പതിവായി പറയാറുണ്ടായിരുന്നു.
കോഴിക്കോടുനിന്ന് 20 കിലോമീറ്റര്‍ അകലെ ചാത്തമംഗലം റീജണല്‍ എന്‍ജിനിയറിംഗ് കോളജില്‍നിന്ന് യാത്ര കഴിഞ്ഞു ക്ഷീണിച്ചു വാര്യത്തെത്തുന്ന രാജന്റെ ചിത്രമായിരുന്നു അവസാന നാളുകളില്‍ വരെ അച്ഛന്റെ ആളുന്ന മനസില്‍. ഇന്നല്ലെങ്കില്‍ നാളെ രാജന് വരുമെന്ന് അദ്ദേഹം വിശ്വസിച്ചു. അഥവാ, അങ്ങനെതന്നെ വിശ്വസിക്കാനായിരുന്നു ഞങ്ങളുടെ സ്നേഹനിധിയായ അച്ഛന് ഇഷ്ടം. അമ്മയോടും ഞങ്ങളോടും രാജന് ഇങ്ങെത്തുമെന്നുതന്നെ ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ശ്വാനന്മാരും കുറുക്കന്മാരും ഓരിയിടുന്നതിനിടെ പ്രിയമകന്റെ കാലൊച്ച കേള്‍ക്കാതിരിക്കുമോ എന്ന് അദ്ദേഹം ശങ്കിച്ചു. പല രാത്രികളിലും ഉമ്മറവാതില്‍ മലക്കെ തുറന്നിട്ടു കാത്തിരുന്നു. രാജന്റെ സഹപാഠികളോടും ഒപ്പം പൊലിസിന്റെ പിടിയിലായവരോടും കക്കയം പൊലിസ് ക്യാമ്പില്‍ മര്ദനമേറ്റവരോടും ഉത്കണ്ഠയോടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടിരുന്നു.
കക്കയം ക്യാമ്പിലും കായണ്ണ സ്റ്റേഷനിലും പോയി രാജൻ എവിടെയെന്നു തിരക്കിക്കൊണ്ടിരുന്നു. പരിചയക്കാരനായിരുന്ന മുഖ്യമന്ത്രി സി. അച്യുതമേനോന്റെ ഓഫീസിലും കയറിയിറങ്ങി. “അന്വേഷണയാത്രകള്ക്കു ശേഷം അച്ഛന് മടങ്ങിവരാനായി വീടിനു മുന്നിൽ അമ്മ കാത്തിരിക്കും. വന്നാല്‍ അച്ഛൻ നിശബ്ദനായി ഇരിക്കും. അമ്മ അല്പം ഗൗരവത്തില്‍ രാജനെക്കുറിച്ചു ചോദിക്കുമ്പോള്‍, ഒന്നോ രണ്ടോ വാക്കു മാത്രം അച്ഛന് പറയും. അധികമാരോടും സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല അച്ഛന്റേത് ”.
അടിയന്തരാവസ്ഥയുടെ ഇര
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ 21 മാസമായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട കാലം. കുറ്റം ചുമത്താതെയും വിചാരണ ചെയ്യാതെയും ആരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ പൊലിസിന് അധികാരം നല്കുന്ന ‘മിസ’ നിയമം ദുരുപയോഗം ചെയ്യപ്പെട്ട ദിനങ്ങള്‍. പേരാമ്പ്രയിലെ കായണ്ണ പൊലിസ് സ്റ്റേഷന് 1976 ഫെബ്രുവരി 28ന് രാത്രി ഒരു സംഘം നക്സലുകള്‍ ആക്രമിക്കുകയും തിര നിറച്ച തോക്ക് കൈക്കലാക്കി പൊലിസിനെ മര്‍ദിക്കുകയും ചെയ്തു.
ഓട്ടത്തിനിടെ അക്രമികളിലൊരാള്‍ മറ്റൊരാളെ ‘രാജാ’ എന്നു വിളിച്ചത് ഒരു പൊലിസുകാരന് കേട്ടു. തുടര്‍ന്ന്, സംസ്ഥാനത്തെ രാജന് നാമധാരികളായ യുവാക്കളെല്ലാം സംശയനിഴലിലായി. നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ കോഴിക്കോടിന്റെ വടക്കുകിഴക്കന്‍ മലമ്പ്രദേശത്തെ കക്കയം മലമുകളില്‍ ഒരു പൊലിസ് ഔട്ട്പോസ്റ്റ് തുറന്നു. സംശയിക്കപ്പെട്ട ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ തുടങ്ങി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബഞ്ചില്‍ കിടത്തി കൈകളും കാലുകളും പുറകില്‍ ബന്ധിച്ചു.
കരുത്തരായ പൊലിസുകാര്‍ ഇരുവശത്തും നിന്ന് ഉലക്ക പോലെ ഉഴിഞ്ഞെടുത്ത മരദണ്ഡ് ഉപയോഗിച്ചു തുടകളില്‍ അതിശക്തിയായി ഉരുട്ടുകയായിരുന്നു പീഡനമുറ. അസ്ഥിയില്‍നിന്നു മാംസപേശികള്‍ പിളരുമ്പോഴുള്ള കഠിനവേദനയില്‍ അലറിക്കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി കുത്തിക്കയറ്റി. ഉരുട്ടി പരുവപ്പെടുത്തിയവരെ ക്യാമ്പ് മേധാവിയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോകും. അയാള്‍ പ്രതീക്ഷിക്കുന്ന ഉത്തരം കുറ്റാരോപിതനില്നിന്നു ലഭിച്ചില്ലെങ്കില്‍, തൊലിയുരിഞ്ഞു ചീര്‍ത്തു പൊന്തിയ തുടകളില്‍ കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ട് കുത്തും. വീണ്ടും കൊണ്ടുപോയി ഉരുട്ടാന്‍ ഉത്തരവിടും. കുറ്റം ചെയ്യാത്തവരും മാരകവേദന സഹിക്കാനാവാതെ കുറ്റം സമ്മതിച്ചുപോകുന്ന ദൈന്യത.
തന്റെ ഓര്മക്കുറിപ്പുകളില് ജര്‍മനിയിലെ ഹിറ്റ്ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുമായി ഈച്ചര വാര്യര്‍ കക്കയം ക്യാമ്പിനെ താരതമ്യപ്പെടുത്തുന്നുണ്ട്. ഈ പീഡനകേന്ദ്രവും ഇവിടത്തെ പ്രാകൃത ഉരുട്ടല്മുറയും പഴമക്കാരുടെ മനസില്‍ ഭീതിയും വേദനയും നിറഞ്ഞ ഓര്‍മകളാണ്. വൈദ്യുതി ബോര്‍ഡ് കക്കയം വൈദ്യുത പദ്ധതിക്ക് 1964ല്‍ പണിത കെട്ടിടമാണ് പൊലിസ് ക്യാമ്പായി മാറ്റിയത്. കാലങ്ങളോളം ഭാര്‍ഗവിനിലയം എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 2014ല്‍ പൊളിച്ചുകളഞ്ഞു.
“മനസിനെ കീറിമുറിക്കുന്നതൊന്നും എന്നോടു പറയാതിരിക്കൂ. എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് ” - രമ ടീച്ചര്‍ കൂടെക്കൂടെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. കായണ്ണ പൊലിസ് സ്റ്റേഷന് കയ്യേറിയവരില്‍ ഒന്നുരണ്ടു രാജന് ഉണ്ടായിരുന്നെങ്കിലും സംഘത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി രാജന് ഉണ്ടായിരുന്നില്ലെന്ന് പോലീസിന് പിന്നീട് ബോധ്യപ്പെട്ടു. ഗത്യന്തരമില്ലാതെ കക്കയം ക്യാമ്പില്‍ ഈച്ചര വാര്യരുടെ മകന് കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കേണ്ടതായും വന്നു.
മൃതദേഹം എവിടെ നശിപ്പിച്ചു
ക്രൂരമര്‍ദനത്തില്‍ പിടഞ്ഞുമരിച്ച രാജന്റെ മൃതദേഹം എവിടെ മറവു ചെയ്തെന്ന് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ശരീരത്തില്‍ കല്ലുകള്‍ കെട്ടി കക്കയം റിസര്‍വോയറില്‍ താഴ്ത്തി എന്നത് സ്ഥിരീകരിക്കാന്‍ നാവികസേനയിലെ മുങ്ങൽ വിദഗ്ധര്‍ മുപ്പത് അടി ആഴമുള്ള സംഭരണി അരിച്ചുപെറുക്കി. രണ്ടു ദിവസം നീണ്ട തെരച്ചിലില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.
ശരീരം വെട്ടിനുറുക്കി ക്യാന്പിനു സമീപം ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ വലിച്ചെറിഞ്ഞെന്നും അതല്ല, വനത്തില്‍ കുഴിച്ചു മൂടിയെന്നും പഞ്ചസാരയിട്ടു കത്തിച്ചുവെന്നുമൊക്കെ കേള്‍വിയുണ്ടായി. അന്വേഷണങ്ങള്‍ പലതുണ്ടായെങ്കിലും ഒരു തെളിവും സൂചനയും കിട്ടിയില്ല. ചെറു കഷണങ്ങളാക്കി കാട്ടുപന്നികള്‍ക്ക് തീറ്റയായി കൊടുത്തുവെന്ന പ്രചാരണത്തിന് തെളിവു തേടുന്നത് പാഴ് വേലയാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.
രാജന്റെ കസ്റ്റഡി മരണത്തിന് സിവില്‍ നഷ്ടപരിഹാരമായി സര്‍ക്കാരില്‍നിന്നു ലഭിച്ച ആറു ലക്ഷം രൂപ ഈച്ചര വാര്യര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ‘രാജന് മെമ്മോറിയല്‍ കാന്‍സര്‍ വാര്‍ഡ്’ സ്ഥാപിക്കുന്നതിനും വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് ആരംഭിക്കുന്നതിനും ചെലവഴിച്ചു. മകന്റെ രക്തത്തിനും ജീവനും ലഭിച്ച പ്രതിഫലം ഉത്തമമായ പൊതുകാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന് ആത്മകഥയില്‍ അദ്ദേഹം മുമ്പേതന്നെ സൂചിപ്പിച്ചിരുന്നു. പരക്കെ വായിക്കപ്പെട്ട ‘ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’ 2004ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായി.
അകാലത്തില്‍ കാണാതായ മകനെ തേടിയുള്ള പിതാവിന്റെ അലച്ചിലുകളും കാത്തിരിപ്പും ‘പിറവി’ എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. 1989ല്‍ ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത പിറവി നിരവധി അവാര്‍ഡുകൾക്ക് അര്‍ഹമായി. രമ ടീച്ചര്‍ ‘പിറവി’ സിനിമ കണ്ടിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഉത്തരം. “സങ്കടപ്പെടുത്തുന്നതൊന്നും കാണാനോ സംസാരിക്കാനോ താല്പര്യമില്ല. അച്ഛന് എഴുതിയ ഓര്‍മക്കുറിപ്പുകള്‍പോലും ഞാന്‍ വായിച്ചിട്ടില്ല. അനിയന്റെ ഓര്‍മകള്‍ ഇന്നും ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അവന് ഇക്കൊല്ലം 72 വയസ് തികയുമായിരുന്നു”- അവര്‍ പറഞ്ഞു.
തിരിച്ചുവരാത്ത മകനുവേണ്ടി, ഒരിലച്ചോറും വച്ചു കാത്തിരുന്നു സമനില തെറ്റി മരിച്ച ഒരമ്മയുടെ കഥ. തകര്‍ന്നു നുറുങ്ങിയ ഹൃദയവുമായി ധര്മനിഷേധത്തിനെതിരേ പൊരുതിയ ഒരു അച്ഛന്റെ കഥ. പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളിയുടെ മനസില്‍ നീറിപ്പുകയുന്ന ഒരു കദനകഥ. കേരള മനസാക്ഷിയിലെ കറയായി രാജന് കേസ് എക്കാലവും ഓര്‍മിക്കപ്പെടും.
Tags : Rajan’s Disappearance Sunday deepika Tears Undried State of Emergency