കൊളോണിയല്‍ ശക്തികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ തലസ്ഥാനനഗരിയില്‍ മനോഹരമായ ചിലതൊക്കെ ബാക്കിവച്ചിരുന്നു. അതിലൊന്നായിരുന്നു ഡല്‍ഹി ലൂട്ടന്‍സ് സോണിലെ മനോഹരമായ വഴിത്താരകളും കൊളോണിയല്‍ വാസ്തുഭംഗി നിറഞ്ഞ ബംഗ്ലാവുകളും. വിശാലമായ വീഥികളും അതിനോട് ചേര്‍ന്ന പച്ചപ്പും വന്മരങ്ങളും ചെടികളും നിറഞ്ഞ നടപ്പാതകളും വശങ്ങളിലായി പ്രൗഢി ചോരാത്ത ബംഗ്ലാവുകളും ഇന്ത്യന്‍ ഭരണസിരാകേന്ദ്രമായ ന്യൂഡല്‍ഹിയുടെ തനത് കാഴ്ചകളാണ്.
ഡല്‍ഹിയിലെ പവര്‍ കോറിഡോര്‍ എന്നാണ് ലൂട്ടന്‍സ് ബംഗ്ലാവ് സോണ്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഉന്നത ഭരണാധികാരികളും രാഷ്്ട്രീയ നേതാക്കളും വ്യവസായികളും താമസിക്കുന്ന പ്രധാന വിഐപി മേഖല.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇത് അന്നത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്ക്കുവേണ്ടിയുള്ള ബ്ലംഗ്ലാവുകളായിരുന്നു. പിന്നീട് രാജ്യസഭ, ലോക്സഭ എംപിമാര്‍ക്കും ഭരണതലത്തിലെ ഉന്നതർക്കുമുള്ള താമസ ഇടങ്ങളായി. കാലം മാറിയപ്പോള്‍ ഈ പരമ്പരാഗത കൊളോണിയല്‍ നിര്‍മിതികള്‍ക്കൊപ്പം അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ പുതിയ പാര്‍പ്പിട സമുച്ചയങ്ങള്‍ ലൂട്ടന്‍സ് സോണില്‍ ഉയര്‍ന്നുകഴിഞ്ഞു. എംപിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നിർമിച്ച ഗംഗ, യമുന മുതല്‍ ഗോദാവരിയും കൃഷ്ണയും വരെയുള്ള ബഹുനില അപ്പാര്‍ട്ട്മെന്റുകള്‍ ഇതിന് ഉദാഹരണമാണ്.
ചരിത്രവും രൂപകല്പനയും
1911 ഡിസംബറിലെ ഡല്‍ഹി ദര്‍ബാറിലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ (ഇന്നത്തെ കൊല്‍ക്കത്ത)നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ജോര്‍ജ് അഞ്ചാമന് രാജാവ് തീരുമാനിച്ചത്. പുതിയ തലസ്ഥാന നഗരി രൂപകല്പന ചെയ്യാനുള്ള ചുമതല പ്രശസ്ത ബ്രിട്ടീഷ് ശില്പി സര് എഡ്വിന് ലൂട്ടന്സിനെയാണ് ഏല്‍പ്പിച്ചത്. അദ്ദേഹത്തോടൊപ്പം സര് ഹെര്‍ബര്‍ട്ട് ബെക്കറും ചേര്‍ന്നാണ് ന്യൂ ഡല്‍ഹിയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്.
കൊളോണിയല്‍ നിര്‍മിതികള്‍ ന്യൂഡല്‍ഹിയുടെ ശില്പിയായ എഡ്വിന് ലൂട്ടന്സിന്റെ പേര് ചേര്‍ത്ത് ലൂട്ടന്‍സ് സോണ്‍ എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഏകദേശം 26 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ ലൂട്ടന്‍സ് സോണില്‍ ആയിരത്തോളം ചെറുതും വലുതുമായ ബംഗ്ലാവുകളുണ്ട്. രാഷ്ട്രപതി ഭവന്, നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍, പഴയ പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ് തുടങ്ങിയവ ലൂട്ടന്സിന്റെ പ്രൗഢമായ വാസ്തുവിദ്യയുടെ ഉദാഹരണങ്ങളാണ്.
ലൂട്ടന്‍സ് മേഖലയിലെ ബംഗ്ലാവുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ വകയാണെങ്കിലും പത്തു ശതമാനത്തോളം സ്വകാര്യ ബംഗ്ലാവുകള്‍ പ്രമുഖ വ്യവസായികളുടെ ഉടമസ്ഥതയിലാണ്. പൃഥ്വിരാജ് റോഡില്‍ എല്‍.കെ. അദ്വാനിക്കു പുറമെ വ്യവസായികളായ കുമാര്‍ മംഗലം ബിര്‍ള, രേണുക തല്‍വാര്‍ എന്നിവരുടെ ബംഗ്ലാവുകളുണ്ട്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം റോഡില്‍ സുനില്‍ ഭാരതി മിത്തല്‍, ലക്ഷ്മി മിത്തല്‍ കുടുംബങ്ങളുടെ അത്യാഡംബര വസതികള്‍ സ്ഥിതിചെയ്യുന്നു. ഭഗവാന് ദാസ് റോഡിലാണ് ഗൗതം അദാനി അടക്കമുള്ളവരുടെ വസതികള്‍.
ബംഗ്ലാവുകളുടെ വിശേഷങ്ങൾ
കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ പദവി അനുസരിച്ചാണ് ഓരോ ബംഗ്ലാവും രൂപകല്പന ചെയ്തത്. സ്വാതന്ത്ര്യാനന്തരം ഈ ബംഗ്ലാവുകള്‍ കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഉന്നത സൈനിക മേധാവികള്‍, എംപിമാര്‍ തുടങ്ങിയവരുടെ ഔദ്യോഗിക വസതികളായി. ലൂട്ടന്‍സ് മേഖലയിലെ പ്രധാന വീഥികള്‍ക്കും ബംഗ്ലാവുകള്‍ക്കും രാജാക്കന്മാരുടെയും പ്രധാന വ്യക്തിത്യങ്ങളെയും സംസ്ഥാനങ്ങളെയുമൊക്കെ ഓര്‍മിപ്പിക്കുന്ന പേരുകളാണുള്ളത്.
തുഗ്ലക് റോഡ്, ഔറംഗസിബ് റോഡ് (ഇപ്പോള്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം റോഡ്), അക്ബര്‍ റോഡ്, പൃഥ്വിരാജ് റോഡ്, ഷാജഹാന് റോഡ്, തിലക് മാര്‍ഗ്, കൃഷ്ണ മേനോന് മാര്‍ഗ് തുടങ്ങിയ വീഥികളും ബറോഡ ഹൗസ്, ബിക്കാനര്‍ ഹൗസ്, ധോല്‍പൂര്‍ ഹൗസ്, ഹൈദരാബാദ് ഹൗസ്, കേരള ഹൗസ്, ജയ്സാല്മിര് ഹൗസ്, പട്യാല ഹൗസ് തുടങ്ങിയ ബംഗ്ലാവുകളുമൊക്കെ ഇതിൽ ഉൾപ്പെടുന്നതാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നു റെയ്സിന കുന്നിലെ ഇപ്പോഴത്തെ രാഷ്ട്രപതി ഭവന്. രാഷ്ട്രപതി ഭവനില്‍ 340 മുറികളുണ്ട്. ഇതിനോട് ചേര്‍ന്നുള്ള മുഗള്‍ ഗാര്ഡന് (അമൃത് ഉദ്യാന്‍) ലോകപ്രശസ്തമാണ്. രാഷ്ട്രപതിഭവന്റെ ഇരുവശങ്ങളിലുമായി നോര്‍ത്ത് അവന്യു, സൗത്ത് അവന്യു വസതികളുമുണ്ട്.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന് മൂര്‍ത്തി ഭവന്, ഇപ്പോള്‍ പ്രധാനമന്ത്രിയുടെ വസതിയായി ഉപയോഗിച്ചു വരുന്ന 7 റേസ് കോഴ്സ് റോഡ് (ലോക് കല്യാണ്‍ മാര്‍ഗ്), ലാല്‍ ബഹദുര്‍ ശാസ്ത്രി താമസിച്ചിരുന്നതും ഇപ്പോള്‍ സോണിയ ഗാന്ധിയുടെ വസതിയുമായ 10 ജന്‍പഥ് എന്നിവ ലൂട്ടന്‍സ് ബംഗ്ലാവുകളിലെ പ്രമുഖ നിര്‍മിതികളാണ്. മൗലാന ആസാദ് റോഡിലാണ് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക മന്ദിരം.
നവീന അപ്പാര്‍ട്ട്മെന്റുകളിലേക്ക്
ജനപ്രതിനിധികളുടെ എണ്ണം വര്‍ധിക്കുകയും കാലപ്പഴക്കവും കാരണം ലൂട്ടന്‍സ് ബംഗ്ലാവുകളുടെ പരിപാലനച്ചെലവ് ഉയർന്നതോടെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള ആധുനിക അപ്പാര്‍ട്ട്മെന്റുകളുടെ ആവശ്യകതയുണ്ടായി. ഇതിന്റെ ഭാഗമായാണ് ചില ബംഗ്ലാവുകള്‍ പൊളിച്ച് ബി.ഡി. മാര്‍ഗ്, ബി.കെ.എസ്. മാര്‍ഗ് മേഖലയിൽ എം.പിമാര്‍ക്ക് അത്യാധുനിക മള്‍ട്ടി സ്റ്റോറി അപ്പാര്‍ട്ട്മെന്റുകള്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍മിച്ചത്. പ്രമുഖ നദികളുടെ പേരുകളാണ് പുതിയ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ബി.ഡി. മാര്‍ഗിലെ ഗംഗ, യമുന, സരസ്വതി, കാവേരി, ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്റുകളും ബി.കെ.എസ്. മാര്‍ഗിലെ കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി സമുച്ചയങ്ങളും അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടു കൂടിയ നിര്‍മിതികളാണ്.
ഏറ്റവും പുതുതായി നിര്‍മിച്ച ബി.കെ.എസ്. മാര്‍ഗിലെ സമുച്ചയത്തിലുള്ള മിക്ക അപ്പാര്‍ട്ട്മെന്റും ഏകദേശം 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയാണ്. അഞ്ച് കിടപ്പുമുറികള്‍, എം.പിമാര്‍ക്കും പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ക്കും പ്രത്യേകം ഓഫിസുകള്‍, ഡ്രോയിംഗ് റൂം, ഫാമിലി ലോഞ്ച്, പ്രാർഥനാമുറി എന്നിവ ഉള്‍പ്പെടുന്നു. കൂടെ താമസിക്കുന്ന ജീവനക്കാര്‍ക്കായി പ്രത്യേകം ക്വാര്‍ട്ടേഴ്സുകളും അടുക്കള സംവിധാനവുമുണ്ട്.
സൗരോര്‍ജ പാനലുകള്‍, മഴവെള്ള സംഭരണി, വെന്റിലേഷന് സംവിധാനങ്ങള്‍ എന്നിവയോടെയുള്ള ഹരിത സാങ്കേതികവിദ്യ നിര്‍മിതികളുമാണ് ഇവയെല്ലാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി നിരീക്ഷണം, ഭൂകമ്പ പ്രതിരോധ നിര്‍മിതി, അത്യാധുനിക കമ്യൂണിറ്റി സെന്റര്‍, ജിം, ക്ലബ്ബ്, ഡിസ്പെന്‍സറി എന്നിവയും സമുച്ചയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പഴയ ലൂട്ടന്‍സ് സോണ്‍ ബംഗ്ലാവുകള്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ആഡംബരവും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നുവെങ്കില്, പുതിയ അപ്പാര്‍ട്ട്മെന്റുകള്‍ കാര്യക്ഷമതയ്ക്കും പരിസ്ഥിതിസൗഹൃദത്തിനു ം ഊന്നല്‍ നല്കുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ഏരിയ നവീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതികളുടെ ഭാഗമായി തലസ്ഥാനനഗരിക്ക് ലഭിക്കുന്ന പുതിയ മുഖം, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള കൂടിച്ചേരലിന്റെ മികച്ച സാക്ഷ്യപത്രമാണ്.
Tags : SUNDAY DEEPIKA Lutyens Delhi new look SUNDAY DEEPIKA