സഞ്ചാരികൾ വാഷിംഗ്ടണിലെ ലിങ്കൺ പ്രതിമയ്ക്കു മുന്നിൽനിന്നു ഫോട്ടോയെടുക്കുന്നു. എതിർവശത്ത് അമേരിക്കയുടെ പാർലമെന്റായ കാപിറ്റോൾ ഹിൽസ്. പക്ഷേ, മിക്കവരും അറിയുന്നില്ല രണ്ടിനും മധ്യേ, മില്യൺ ഡോളർ ചരിത്രമൂല്യമുള്ള പടവുകളിലാണ് തങ്ങൾ നിൽക്കുന്നതെന്ന്. ഇവിടെവച്ചാണ് വിശ്വവിഖ്യാത പ്രസംഗം "ഐ ഹാവ് എ ഡ്രീം' മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ നടത്തിയത്. യഥാർഥത്തിൽ അദ്ദേഹം എഴുതിക്കൊണ്ടു വന്നു പ്രസംഗിച്ചത് അതായിരുന്നില്ല. പെട്ടെന്ന് ഒരു കറുത്ത പാട്ടുകാരി ഇടപെടുകയായിരുന്നു. അതേ കൽപ്പടവുകളിൽനിന്നാണ് ഈ യാത്രാക്കുറിപ്പ്.
ഒക്ടോബറാണ്. നോർത്ത് കരൊളൈനയിൽനിന്നു വാഷിംഗ്ടൺ ഡിസിയിലേക്കുള്ള യാത്രയിൽ കാണാം, ശരത്കാലത്തെ വരവേൽക്കാൻ മുന്നിലിറങ്ങിയ മേപ്പിൾ മരങ്ങൾ ചുവന്നുതുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ തലസ്ഥാനത്തെ ലിങ്കൺ സ്മാരകത്തിലെത്തിയപ്പോൾ മൂന്നുമണി. 19 അടി ഉയരമുണ്ട് മഹാനായ പ്രസിഡന്റിന്റെ മാർബിൾ ശിൽപ്പത്തിന്.
അവിടെനിന്നു നോക്കിയാൽ 555 അടി ഉയരമുള്ള വാഷിംഗ്ടൺ സ്മാരകഗോപുരവും അതിനുമപ്പുറത്ത് പാർലമെന്റായ കാപിറ്റോൾ ഹിൽസും കാണാം. ആളുകൾ അവയുടെ ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. പക്ഷേ, മിക്കവരും അറിയുന്നില്ല രണ്ടിനും മധ്യേ, മില്യൺ ഡോളർ ചരിത്രമൂല്യമുള്ള പടവുകളിലാണ് തങ്ങൾ നിൽക്കുന്നതെന്ന്. ലിങ്കൺ സ്മാരകത്തിൽനിന്നു താഴേക്കുള്ള 18-ാമത്തെ പടിയിൽ തൊട്ടാൽ കേൾക്കാം, ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ പ്രസംഗങ്ങളിലൊന്നിന്റെ പ്രകന്പനം.
“ഐ ഹാവ് എ ഡ്രീം!” ഈ പടിയിൽ നിന്നാണ് 1963 ഓഗസ്റ്റ് 28ന് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ പ്രസംഗിച്ചത്. വർണവെറിയുടെ വെള്ളയടിച്ച ലോകത്തെ, അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിംഗ് അഹിംസയുടെ വാക്കുകൾകൊണ്ട് വിചാരണ ചെയ്ത പടവുകൾ. വെളുത്ത അമേരിക്ക വിളറിപ്പോയി. തൊട്ടടുത്ത വർഷം അതായത് 1964ൽ പൗരാവകാശ നിയമവും 1965ൽ വോട്ടവകാശ നിയമവും പാസാക്കാൻ ഭരണകൂടം നിർബന്ധിതമായി. പൊതുസ്ഥലങ്ങളിലെ വർണവിവേചനം നിയമം മൂലം നിരോധിച്ചു. പക്ഷേ, അഞ്ചു വർഷം; 1968 ഏപ്രിൽ നാലിന്, ഒരൊറ്റ പ്രസംഗത്താൽ നഗ്നരാക്കപ്പെട്ട വർണവെറിയന്മാരിലൊരാൾ ടെന്നസിയിൽവച്ച് മാർട്ടിനെ വെടിവച്ചു കൊന്നു.
അമേരിക്കയുടെ ഏറ്റവും പൂജ്യമായ ഇടമാണ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ലിങ്കൺ സ്മാരകം. ഇതിനും കാപിറ്റോൾ ഹിൽസിനും ഇടയിലുള്ള പാർക്കാണ് നാഷണൽ മാൾ. അമേരിക്കയുടെ മുറ്റം എന്നറിയപ്പെടുന്ന ഇവിടെയാണ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ, ദേശീയ പൊതുയോഗങ്ങൾ, വൻ പ്രതിഷേധങ്ങൾ, സാംസ്കാരികോത്സവങ്ങൾ തുടങ്ങിയവ നടക്കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് രണ്ടു കിലോമീറ്ററേയുള്ളു. നഗരത്തിൽ ഡേ ടൂർ നടത്തുന്ന ബസുകൾ ലിങ്കൺ സ്മാരകത്തിൽ സഞ്ചാരികളെ ഇറക്കിയും കയറ്റിയും വന്നുപോകുന്നു.
പ്രസംഗിക്കുന്ന ചുവരുകൾ
അമേരിക്കയുടെ 16-ാമതു പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണുമായി ചേർത്തല്ലാതെ മാർട്ടിൻ ലൂഥർ കിംഗിനെയോ "എനിക്കൊരു സ്വപ്നമുണ്ട്' എന്ന അദ്ദേഹത്തിന്റെ പ്രസംഗത്തെയോ തൊടാനാകില്ല. ഈ സ്മാരകത്തിനുള്ളിൽ 1922ൽ സ്ഥാപിച്ച, എബ്രഹാം ലിങ്കൺ ഒരു കസേരയിൽ ഇരിക്കുന്ന കൂറ്റൻ മാർബിൾ പ്രതിമ ഡാനിയൽ ചെസ്റ്റർ ഫ്രഞ്ച് എന്ന അമേരിക്കൻ ശില്പിയാണ് രൂപകൽപന ചെയ്തത്.
അന്നുണ്ടായിരുന്ന 36 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 36 വലിയ തൂണുകളുണ്ട്. ആ സംസ്ഥാനങ്ങളുടെ പേരുകൾ സ്മാരകത്തിനു പുറത്ത് മുകളിലായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഉൾച്ചുവരുകളിൽ ലിങ്കന്റെ വിഖ്യാതമായ "ഗെറ്റിസ്ബർഗ് പ്രസംഗവും' രണ്ടാമത് അധികാരമേറ്റപ്പോഴുളള പ്രസംഗവും കൊത്തിവച്ചിട്ടുണ്ട്. 1863 നവംബർ 19ന് പെൻസിൽവാനിയയിലെ ഗെറ്റിസ്ബർഗിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ചെറിയ പ്രസംഗത്തിലാണ്, ജനാധിപത്യത്തിന്റെ ഉജ്വലമായ നിർവചനം അദ്ദേഹം നൽകിയത്. ""ജനങ്ങൾക്കുവേണ്ടി, ജനങ്ങൾ നടത്തുന്ന, ജനങ്ങളുടെ ഭരണം.''
അടിമകളുടെ വിമോചനത്തിനായി അദ്ദേഹം തലേവർഷം പ്രഖ്യാപിച്ച വിമോചന പ്രഖ്യാപനം (Emancipation Proclamation) നിലവിൽവന്നതും 1863ലായിരുന്നു. ജനുവരി ഒന്നിന്. ഏബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവച്ചതിന്റെ നൂറാം വാർഷികത്തിലാണ്, ലിങ്കൺ പ്രതിമയ്ക്കു മുന്നിൽ നിന്നുകൊണ്ട്, 100 വർഷങ്ങൾക്കു ശേഷവും കറുത്തവർ സ്വതന്ത്രരല്ല എന്നു പറഞ്ഞുകൊണ്ട്, "നോർമൽസി, നെവർ എഗെയ്ൻ' എന്ന എഴുതി തയാറാക്കിയ പ്രസംഗം തുടങ്ങിയത്. "ഐ ഹാവ് എ ഡ്രീം' എന്നായിരുന്നില്ല ആ പ്രസംഗത്തിന്റെ തലക്കെട്ട്. പിന്നെന്തു സംഭവിച്ചു?
ഇപ്പോൾ സമയം മൂന്നര. നേരിയ ചാറ്റൽ മഴയിലും ലിങ്കൺ സ്മാരകത്തിന്റെ പടവുകളിൽ യാത്രികരുണ്ട്. 63 വർഷം മുന്പ് ഏതാണ്ട് ഇതേ സമയത്താണ്, ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ പൗരാവകാശങ്ങൾക്കും സാമ്പത്തിക നീതിക്കും വേണ്ടി നടത്തിയ വാഷിംഗ്ടൺ മാർച്ചിൽ പങ്കെടുത്ത 2.5 ലക്ഷം മനുഷ്യരെ സാക്ഷിയാക്കി മാർട്ടിൻ ലൂഥർ കിംഗ് പ്രസംഗിച്ചത്. "നോർമൽസി, നെവർ എഗെയ്ൻ' എന്ന പ്രസംഗം അദ്ദേഹം നോക്കി വായിക്കുകയായിരുന്നു.
അതിന്റെ ചുരുക്കം ഇങ്ങനെ: ""സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു നൂറു വർഷങ്ങൾക്ക് ശേഷവും, ഭൗതിക സമൃദ്ധിയുടെ മഹാസമുദ്രത്തിനിടയിൽ ദാരിദ്ര്യത്തിന്റെ ഏകാന്തമായ ഒരു ദ്വീപിലാണ് നീഗ്രോ (വംശീയമെന്നതിനാൽ അടിമചരിത്രത്തെ ഓർമിപ്പിക്കുന്ന നീഗ്രോ എന്ന പദം 2016ൽ അമേരിക്കയിൽ നിരോധിച്ചു) ജീവിക്കുന്നത്. നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്പികൾ ഭരണഘടനയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും മഹത്തായ വാക്കുകൾ എഴുതിയപ്പോൾ, അവർ എല്ലാ അമേരിക്കക്കാരും അവകാശികളാകേണ്ട ഒരു പ്രോമിസറി നോട്ടിൽ ഒപ്പിടുകയായിരുന്നു.
പക്ഷേ, ഈ പവിത്രമായ കടമ നിറവേറ്റുന്നതിനുപകരം, അമേരിക്ക നീഗ്രോ ജനതയ്ക്ക് ഒരു മോശം ചെക്ക് നൽകി, ഫണ്ടിന്റെ അഭാവത്താൽ തിരിച്ചെത്തിയ ഒരു ചെക്ക്. ഈ രാജ്യത്തിന്റെ അവസരങ്ങളുടെ വലിയ ഖജനാവുകളിൽ ആവശ്യത്തിന് ഫണ്ടില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾ വിസമ്മതിക്കുന്നു. അതിനാൽ ഈ ചെക്ക് പണമാക്കി മാറ്റാൻ ഞങ്ങൾ എത്തിയിരിക്കുന്നു. നീഗ്രോയുടെ അസംതൃപ്തിയുടെ ഈ ചുട്ടുപൊള്ളുന്ന ഗ്രീഷ്മം സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ഊർജസ്വലമായ ഒരു ശരത്കാലം വരുന്നതുവരെ കടന്നുപോകില്ല. പക്ഷേ, കയ്പിന്റെയും വെറുപ്പിന്റെയും പാനപാത്രത്തിൽനിന്ന് കുടിച്ച്, സ്വാതന്ത്ര്യത്തിനായുള്ള നമ്മുടെ ദാഹം ശമിപ്പിക്കാൻ ശ്രമിക്കരുത്.
ഞങ്ങൾ തൃപ്തരല്ല, നീതി വെള്ളം പോലെയും ശക്തമായ അരുവി പോലെയും ഒഴുകുന്നതുവരെ ഞങ്ങൾ തൃപ്തരാകില്ല. മിസിസിപ്പിയിലേക്ക് മടങ്ങുക, അലബാമയിലേക്ക് മടങ്ങുക, സൗത്ത് കരൊളൈനയിലേക്ക് മടങ്ങുക, ജോർജിയയിലേക്ക് മടങ്ങുക, ലുയിസിയാനയിലേക്ക് മടങ്ങുക, നമ്മുടെ വടക്കൻ നഗരങ്ങളിലെ ചേരികളിലേക്കു മടങ്ങുക, എങ്ങനെയെങ്കിലും ഈ സാഹചര്യം മാറ്റാൻ കഴിയുമെന്നും മാറ്റപ്പെടുമെന്നും അറിഞ്ഞുകൊണ്ട്. നിരാശയുടെ താഴ്വരയിൽ നാം തളരരുത്...''
സ്വപ്നം പിറക്കുന്നു
പ്രസംഗം അവസാനിക്കുകയായിരുന്നു. പക്ഷേ, ഒരു വശത്ത് അൽപം പിന്നിലായി ഒരു ശബ്ദമുയർന്നു. ""മാർട്ടിൻ, അവർക്ക് ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊടുക്കൂ!''പ്രശസ്ത സുവിശേഷ ഗായിക മഹാലിയ ജാക്സൺ ആവേശത്തോടെ വിളിച്ചുപറഞ്ഞു. ജനം ഇളകി. പെട്ടെന്ന് മാർട്ടിൻ, എഴുതിക്കൊണ്ടുവന്ന പ്രസംഗത്തിന്റെ കടലാസുകൾ മാറ്റിവച്ചു.
""ഐ ഹാവ് എ ഡ്രീം..''
അന്നോളം അമേരിക്ക കണ്ട ഏറ്റവും വലിയ ശ്രോതാക്കളുടെ കൂട്ടത്തെ സാക്ഷിയാക്കി ലോകത്തെ ഇന്നും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന ആ പ്രസംഗം പിറന്നു. മുന്പ് ചിലയിടങ്ങളിൽ തനിക്കൊരു സ്വപ്നമുണ്ടെന്നു മാർട്ടിൻ പ്രസംഗിക്കുന്നത് മഹാലിയ കേട്ടിട്ടുണ്ട്. അതിന്റെ ശക്തി അവർ തിരിച്ചറിഞ്ഞിരുന്നു. അതിനിതാ മാർട്ടിൻ പുതിയൊരു രൂപവും ഭാവവും കൊടുക്കുന്നു.
"" നിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽമാത്രം മനുഷ്യർ വിലയിരുത്തപ്പെടുന്ന രാജ്യത്ത് എന്റെ നാലു മക്കളും ജീവിക്കുന്ന ദിനത്തെക്കുറിച്ച് എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരുനാൾ ജോർജിയയിലെ ചുവന്ന മലകൾക്കു മുകളിൽ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യഭാവത്തോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴമുണ്ണുന്ന ആ ദിനത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട്. ന്യൂ ഹാംഷെയറിലെ സമുന്നതമായ കുന്നിൻപുറങ്ങളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ.
ന്യൂയോർക്കിലെ കരുത്തുറ്റ പർവതങ്ങളിൽനിന്ന്, പെൻസിൽവാനിയയുടെ പ്രാന്തങ്ങളിൽനിന്ന്, കൊളറാഡോയിലെ മഞ്ഞുതൊപ്പിയണിഞ്ഞ റോക്കി പർവതനിരകളിൽനിന്ന്, കലിഫോർണിയയിലെ കുന്നിൻചെരിവുകളിൽനിന്ന്, ജോർജിയയിലെ കൂറ്റൻ പാറക്കെട്ടുകളിൽനിന്ന്, ടെന്നസിയിലെ എല്ലാവരും തേടുന്ന മലമുകളിൽനിന്ന്, മിസിസിപ്പിയിലെ ചെറുതും വലുതുമായ മലകളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ മണി മുഴങ്ങട്ടെ. അന്ന്, ദൈവമക്കളായ കറുത്തവർക്കും വെളുത്തവർക്കും, ജൂതർക്കും ഇതരമതസ്ഥർക്കും കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകൾക്കും കൈകോർത്തുനിന്ന് ആ പഴയ നീഗ്രോഗാനത്തിന്റെ ആത്മീയ ഭാവം ഉൾക്കൊണ്ട് പാടാൻ കഴിയും. ‘Free at last, free at last,Thank God Almighty, we are free at last.’ -ഒടുവിൽ ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു. സർവശക്തനായ ദൈവമേ നന്ദി! ഒടുവിൽ ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു എന്ന്.''
പ്രസംഗം അമേരിക്കൻ ഭരണകൂടത്തെ പുതിയ തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പച്ചു. രണ്ടു വർഷത്തിനകം പൗരാവകാശ നിയമവും വോട്ടവകാശ നിയമവും പാസാക്കി. പക്ഷേ, പൂർണസ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും മണി മുഴങ്ങിയില്ല. പകരം, 1968 ഏപ്രിൽ 4, ടെന്നസിയിലെ മലനിരകളിൽനിന്ന് ഒരു തോക്കിന്റെ മരണമണി ലോകമാകെ മുഴങ്ങി.
അതിന് 20 വർഷം മുന്പ് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയെ ഹിന്ദുത്വവർഗീയവാദിയായ നഥുറാം ഗോഡ്സെ വെടിവച്ചുകൊന്നതിന്റെ ഓർമയുണർത്തുന്ന വെടിയൊച്ച. ഒരു തൊഴിലാളി സമരത്തിനു പിന്തുണ നൽകാനെത്തിയ അദ്ദേഹത്തെ, മെംഫിസിലുള്ള ലോറൈൻ മൊട്ടേലിന്റെ ബാൽക്കണിയിൽ നിൽക്കവേ എതിർവശത്തെ കെട്ടിടത്തിൽനിന്ന് വെടിവയ്ക്കുകയായിരുന്നു. ടെന്നസിയിലെ ഗോഡ്സെയുടെ പേര് ജയിംസ് ഏൾ റേ. വർണവെറിയനും വംശീയവാദിയുമായിരുന്നു.
വാഷിംഗ്ടണു മുകളിൽ മഴ കനത്തു. 18-ാം പടിയെയും നനച്ച് ജലം ഒരു സ്വപ്നം ബാക്കിയുണ്ടെന്ന വ്യഥയിൽ കണ്ണീർ തെളിമയോടെ ലിങ്കൺ സ്മാരകം പ്രതിഫലിക്കുന്ന കുളത്തിലേക്ക് ഒഴുകി. പോട്ടോമാക് നദിക്കു കുറുകെയുള്ള പാലത്തിലൂടെ നീങ്ങിയ കാറിനു മുന്നിൽ വൈറ്റ് ഹൗസ് പ്രത്യക്ഷപ്പെട്ടു. ഫോർഡ് തീയറ്ററും സമീപത്താണ്. വർഷം 1865 ഏപ്രിൽ 15. ഫോർഡിലെ സ്ഥിരം നടനും അടിമത്തം നിരോധിച്ചതിൽ ദുഃഖിതനുമായിരുന്ന ജോൺ വിൽക്സ് ബൂത്ത്, നാടകം കണ്ടുകൊണ്ടിരുന്ന ലിങ്കണെ വെടിവയ്ക്കുകയായിരുന്നു.
501 ഓബൺ സ്ട്രീറ്റ്
വാഷിംഗ്ടണിൽനിന്ന് ദിവസങ്ങൾക്കുശേഷമാണ് അറ്റലാന്റയിലെത്തിയത്. അവിടെ സ്വീറ്റ് 501 ഓബണിലെ ഇരുനില വീട്ടിലാണ് 1929 ജനുവരി 15ന് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജനിച്ചത്. രണ്ടു മണിക്കൂർ കാത്തിരിക്കേണ്ടിവന്നു പാസെടുത്ത് വീട്ടിനുള്ളിൽ കയറാൻ. ലളിതവും ചരിത്രമുറങ്ങുന്നതുമായ ആ വീട്ടിൽനിന്നു വിളിപ്പാടകലെയാണ് കിംഗും അദ്ദേഹത്തിന്റെ പിതാവ് മാർട്ടിൻ ലൂഥർ കിംഗ് സീനിയറും പാസ്റ്റർമാരായി സേവനമനുഷ്ഠിച്ച എബനേസർ ബാപ്റ്റിസ്റ്റ് പള്ളി.
അവിടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഓബൺ തെരുവിലെ പല വീടുകളും വെള്ളക്കാരുടേതായിരുന്നു. 1900കളുടെ തുടക്കത്തിൽ വർണവിവേചന നിയമങ്ങൾ കർശനമാകുകയും സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ വെള്ളക്കാർ പ്രദേശം വിട്ടുപോവുകയും, കറുത്തവർഗക്കാരായ മധ്യവർഗ്ഗ കുടുംബങ്ങൾ വാങ്ങുകയും ചെയ്തു. അങ്ങനെയാണ് കിംഗിന്റെ വല്യപ്പൻ റവ. എ.ഡി. വില്യംസ് 1909ൽ ഇവിടെ വീട് വാങ്ങിയത്.
അതിന്റെ എതിർവശത്തായി ഏതാനും ഇരുനില വീടുകൾ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. ആഫ്രോ-അമേരിക്കൻ തൊഴിലാളികൾക്ക് കുറഞ്ഞ വാടകയ്ക്ക് താമസിക്കുന്നതിനായി 1920കളിൽ പണികഴിപ്പിച്ചതാണ്. ഇതെല്ലാം ഇന്ന് ‘മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ നാഷണൽ ഹിസ്റ്റോറിക്കൽ പാർക്ക്' എന്ന പേരിൽ സംരക്ഷിക്കുന്നു. മ്യൂസിയത്തിൽ അകത്ത് 1964ൽ അദ്ദേഹത്തിനു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമുണ്ട്. പുറത്ത് ഗാന്ധിജിയുടെ പ്രതിമയും.
മ്യൂസിയത്തിനടുത്ത് കിംഗ് സെന്ററിലാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിനെ സംസ്കരിച്ചിരിക്കുന്നത്. കല്ലറയിൽ ആ പഴയ നീഗ്രോ പാട്ടിന്റെ, എനിക്കൊരു സ്വപ്നമുണ്ട് പ്രസംഗത്തിന്റെ അവസാനവരികൾ. "Free at last, Free at last, Thank God Almighty I'm free at last’(ഒടുവിൽ ഞാൻ സ്വതന്ത്രനായി...)
അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിട്ട് 163 വർഷം. എന്നിട്ടും കറുത്തവരുടെ ജീവിതവും പ്രാധാന്യമുള്ളതാണ് (black lives matter) എന്ന് ഒന്നാം നന്പർ രാജ്യത്തെയും ലോകത്തെ ആകെയും ഓർമിപ്പിക്കേണ്ടി വരുന്നു. കറുത്തവർക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അവർക്ക് ഒളിസേവ ചെയ്യുന്നവരും ലോകത്തൊരിടത്തും ആലോചനായോഗങ്ങൾ അവസാനിപ്പിച്ചിട്ടില്ല. 63 വർഷം കഴിഞ്ഞിട്ടും ഏബ്രഹാം ലിങ്കണിന്റെ പ്രതിമയ്ക്കു താഴെ പുണ്യ പതിനെട്ടാം പടിയിൽനിന്ന് മാർട്ടിൻ ലൂഥർ കിംഗ് പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു: ""എനിക്ക് ഒരു സ്വപ്നമുണ്ട്... അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യഭാവത്തോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴമുണ്ണുന്ന ആ ദിനത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട്.''
അറ്റ്ലാന്റയിൽനിന്നുള്ള മടക്കയാത്രയിൽ പൊള്ളുകയായിരുന്നു. എബനേസർ പള്ളിയുടെ പ്രധാന കവാടത്തിനടുത്തുള്ള തറയിൽ ദരിദ്രനായ ഒരു കറുത്ത വർഗക്കാരൻ കിടന്നുറങ്ങുന്നു. അയാളിപ്പോഴും സ്വപ്നം കാണുകയാവാം.
Tags : Sunday Deepika Eighteenth Step dream equality