ചിന്താവിഷയം
1980കളിൽ പശ്ചിമ ആഫ്രിക്കയിലെ ബുർക്കിന ഫാസോ എന്ന രാജ്യത്തെ കഠിനമായ വരൾച്ച ബാധിച്ചു. കൃഷിയിടങ്ങൾ ഉണങ്ങി. കിണറുകൾ വറ്റി. മരങ്ങൾ നശിച്ചു. കന്നുകാലികൾക്ക് തീറ്റയും മനുഷ്യർക്ക് ഭക്ഷണവും കിട്ടാതായി. പല കർഷകരും സ്വന്തം ഗ്രാമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് കുടിയേറി. വർഷങ്ങളോളം കൃഷി ചെയ്തിരുന്ന ഭൂമി ക്രമേണ മരുഭൂമിയായി മാറുന്നത് അവർ നിസഹായരായി നോക്കിനിന്നു.
എന്നാൽ, യാക്കൂബ സവാഡോഗോ എന്ന കർഷകൻ തന്റെ കൃഷി ഉപേക്ഷിക്കാൻ തയാറായില്ല. മറ്റുള്ളവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിടത്ത് അദ്ദേഹം ഈ സാധ്യത കണ്ടു. വരണ്ട ഭൂമിയെ വീണ്ടും ഫലഭൂയിഷ്ഠമാക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
1946 ഏപ്രിൽ നാലിന് ബുർക്കിന ഫാസോയിലെ ഒരു കർഷക കുടുംബത്തിലാണ് സവാഡോഗോ ജനിച്ചത്. ചെറുപ്പത്തിൽ വിദ്യാഭ്യാസത്തിനായി അദ്ദേഹത്തെ മറ്റൊരിടത്തേക്ക് അയച്ചിരുന്നു. എന്നാൽ, ഔപചാരിക വിദ്യാഭ്യാസത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് കുടുംബത്തിന്റെ കൃഷിയിടത്തിലേക്ക് മടങ്ങിയ അദ്ദേഹം കൃഷി ഉപജീവനമാർഗമായി സ്വീകരിച്ചു.
സഹേൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ മേഖലയിലാണ് ബുർക്കിന ഫാസോ സ്ഥിതിചെയ്യുന്നത്. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള ഈ പ്രദേശത്ത് മഴ കുറവാണ്. മണ്ണൊലിപ്പും വനനശീകരണവും തുടർച്ചയായ വരൾച്ചയും കൃഷി കൂടുതൽ ദുഷ്കരമാക്കിയിരുന്നു. ഭൂമിയുടെ ഉപരിതലത്തിലുള്ള ഫലഭൂയിഷ്ഠമായ മണ്ണ് നഷ്ടപ്പെട്ടതോടെ മഴ പെയ്താലും വെള്ളം ഭൂമിയിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി.
ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സവാഡോഗോ പഴയൊരു ആഫ്രിക്കൻ കൃഷിരീതി വീണ്ടും പരീക്ഷിച്ചു. സായ് എന്നറിയപ്പെടുന്ന രീതിയായിരുന്നു അത്. മഴക്കാലത്തിനു മുന്പുതന്നെ അദ്ദേഹം വരണ്ട നിലത്ത് ചെറിയ കുഴികൾ കുഴിച്ചു. അവയിൽ ചാണകവും ജൈവവസ്തുക്കളും നിറച്ചു. മഴ പെയ്യുന്പോൾ വെള്ളം കുഴികളിൽ ശേഖരിക്കപ്പെടുകയും മണ്ണിലേക്ക് സാവധാനം ഇറങ്ങുകയും ചെയ്തു.
ജൈവവസ്തുക്കൾ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിച്ചു. അവയിലേക്ക് ആകർഷിക്കപ്പെട്ട ചിതലുകൾ മണ്ണിൽ ചെറിയ തുരങ്കങ്ങൾ ഉണ്ടാക്കിയതും വെള്ളം ഉള്ളിലേക്ക് കടക്കാൻ സഹായിച്ചു. പരന്പരാഗതമായി ഉപയോഗിച്ചിരുന്ന സായ് രീതി സവാഡോഗോ കൂടുതൽ വിപുലീകരിച്ചു. കുഴികളുടെ വലുപ്പത്തിലും ആഴത്തിലും മാറ്റങ്ങൾ വരുത്തി. സാധാരണയായി കർഷകർ മഴക്കാലത്താണ് കൃഷിപ്പണികൾ ആരംഭിച്ചിരുന്നത്. എന്നാൽ അദ്ദേഹം വരണ്ട കാലത്തുതന്നെ നിലമൊരുക്കി. മഴ എത്തുന്പോഴേക്കും ഭൂമി അതു സ്വീകരിക്കാൻ തയാറായിരുന്നു.
ആദ്യകാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പലരും പരിഹസിച്ചു. മഴയില്ലാത്തപ്പോൾ കൃഷിയിടത്തിൽ കുഴികൾ കുഴിക്കുന്നതിന്റെ പ്രയോജനം എന്താണെന്ന് അവർ ചോദിച്ചു. ചിലർ അദ്ദേഹത്തിന്റെ രീതിയെ വിചിത്രമായ ഒരു പരീക്ഷണമായി കണ്ടു. എന്നാൽ അദ്ദേഹം പിന്മാറിയില്ല. അദ്ദേഹം കുഴിച്ച കുഴികളൊക്കെ മഴ വന്നപ്പോൾ നിറഞ്ഞു കവിഞ്ഞൊഴുകി. ജൈവവസ്തുക്കൾ സാവധാനം മണ്ണിനോട് അലിഞ്ഞു ചേർന്നു. തന്മൂലം മുന്പ് വിളവൊന്നും ലഭിക്കാതിരുന്ന സ്ഥലങ്ങളിൽ ധാന്യങ്ങൾ വളരാൻ തുടങ്ങി. മണ്ണിൽ ഈർപ്പം നിലനിന്നു. ചില പ്രദേശങ്ങിൽ മരങ്ങളും കുറ്റിച്ചെടികളും വീണ്ടും വളർന്നു. നശിച്ചുപോയ ഭൂമിക്ക് നവജീവൻ ലഭിക്കുന്നതായി നാട്ടുകാർ കണ്ടു.
സവാഡോഗോ തന്റെ അറിവ് സ്വന്തമായി സൂക്ഷിച്ചില്ല. മറ്റു കർഷകരെ ക്ഷണിച്ച് ഈ രീതി അവരെ പഠിപ്പിച്ചു. മറ്റു കൃഷിയിടങ്ങൾ സന്ദർശിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും അദ്ദേഹം തയാറായി. അങ്ങനെ അദ്ദേഹത്തിന്റെ കൃഷിരീതി മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. നിരവധി കർഷകർ സായ് രീതി സ്വീകരിച്ച് തങ്ങളുടെ കൃഷിഭൂമി വീണ്ടും വിളവ് നൽകുന്നതാക്കി മാറ്റി. സാവധാനം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. 2010ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ലോകത്തിനു പരിചയപ്പെടുത്തി. 2018ൽ പരിസ്ഥിതി സംരക്ഷണ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2023ൽ അദ്ദേഹം അന്തരിച്ചു.
സവാഡോഗോയുടെ ജീവിതത്തിൽ നമ്മെ ഏറ്റവും ആകർഷിക്കുന്നത് അദ്ദേഹത്തിന്റെ കൃഷിരീതിയേക്കാൾ അതിനു പിന്നിലുള്ള മനോഭാവമാണ്. ഉന്നത വിദ്യാഭ്യാസമോ വലിയ സാന്പത്തിക സൗകര്യങ്ങളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാൽ മറ്റുള്ളവർ പരാജയം മാത്രം കണ്ടിടത്ത് അദ്ദേഹം വിജയസാധ്യത കണ്ടെത്തി. പഴയ അറിവിനെ അദ്ദേഹം അന്ധമായി പിന്തുടർന്നില്ല. പകരം പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് അത് മെച്ചപ്പെടുത്തുകയാണ് ചെയ്തത്.
നാം പലപ്പോഴും അറിവിനെ വിലയിരുത്തുന്നത് അതു നേടിയ സ്ഥാനങ്ങളുടെയും ബിരുദങ്ങളുടെയും അടിസ്ഥാനത്തിലാണ്. തീർച്ചയായും ഔപചാരിക വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും വലിയ പ്രാധാന്യമുണ്ട്. എന്നാൽ, അനുഭവത്തിലൂടെ നേടുന്ന അറിവിനെ നാം വില കുറച്ചു കാണരുത്. ഒരു കർഷകന്റെ നിരീക്ഷണവും തൊഴിലാളിയുടെ പ്രായോഗിക ബുദ്ധിയും സാധാരണക്കാരന്റെ അനുഭവസന്പത്തും സമൂഹത്തിനു വിലപ്പെട്ട സംഭാവനകൾ നൽകാം. അറിവിന്റെ മഹത്വം അതിന്റെ ഉറവിടത്തേക്കാൾ അതു മനുഷ്യജീവിതത്തിൽ വരുത്തുന്ന നന്മയിലാണ്.
വിശുദ്ധ പൗലോസ് എഴുതുന്നു: ""വിജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു'' (1 കോറിന്തോസ് 1:27). മനുഷ്യൻ നിസാരമായി കാണുന്നവരിലൂടെയും വലിയ കാര്യങ്ങൾ സംഭവിക്കാമെന്ന് ഈ വചനം നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ട് ഒരാളുടെ വിദ്യാഭ്യാസമോ സാമൂഹികസ്ഥാനമോ നോക്കി അയാളുടെ കഴിവുകൾ നാം മുൻകൂട്ടി വിധിക്കരുത്. ജീവിതത്തിലെ പരാജയങ്ങളെ നാം എങ്ങനെ കാണുന്നു എന്നതും വളരെ പ്രധാനമാണ്.
ഒരു ശ്രമം പരാജയപ്പെട്ടാൽ അതോടെ എല്ലാ സാധ്യതകളും അവസാനിച്ചു എന്നു നാം കരുതിയേക്കാം. എന്നാൽ, പരാജയം ചിലപ്പോൾ പുതിയ അറിവിലേക്കുള്ള വഴി തുറന്നുതരാം. എന്തുകൊണ്ടാണ് ഒരു കാര്യം വിജയിക്കാത്തതെന്ന് അന്വേഷിക്കുന്നവർക്ക് അതിൽ നിന്നുതന്നെ പുതിയ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. സവാഡോഗോയുടെ മുന്നിലുണ്ടായിരുന്നത് വർഷങ്ങളായി വിളവ് നൽകാത്ത ഭൂമിയായിരുന്നു. ആ മണ്ണ് ഉപയോഗശൂന്യമെന്ന് എഴുതിത്തള്ളുന്നതിനു പകരം അതിന്റെ സ്വഭാവം മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചു.
ജീവിതത്തിൽ നാം നേരിടുന്ന തിരിച്ചടികളും ഇത്തരത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. നഷ്ടപ്പെട്ടതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിനു പകരം അവശേഷിക്കുന്ന സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുന്പോൾ പുതിയ വഴികൾ നമുക്ക് തുറന്നുകിട്ടുകതന്നെ ചെയ്യും. എല്ലാവരും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. എന്നാൽ, പ്രശ്നങ്ങളെ പുതിയ രീതിയിൽ കാണാൻ കഴിയുന്നവരാണ് പലപ്പോഴും യഥാർഥ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്.
സാവഡോഗോയുടെ ജീവിതം ഈ ചിന്തയെ അനുസ്മരിപ്പിക്കുന്നു. മറ്റുള്ളവർ വരൾച്ചയെ മാത്രം കുറ്റപ്പെടുത്തിയപ്പോൾ അദ്ദേഹം മണ്ണിന്റെ അവസ്ഥയും വെള്ളം ഒഴുകിപ്പോകുന്ന രീതിയും നിരീക്ഷിച്ചു. മഴയുടെ അളവ് വർധിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എന്നാൽ, ലഭിക്കുന്ന മഴ ഭൂമി എങ്ങനെ സ്വീകരിക്കുമെന്നു ഭാവന ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. നമ്മുടെ ജീവിതത്തിലും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകും. എന്നാൽ, അവയോടുള്ള സമീപനവും പ്രതികരണവും മാറ്റാൻ നമുക്ക് കഴിയും.
മരുഭൂമിയിൽ കുഴികൾ കുഴിച്ച ഒരു സാധാരണ കർഷകനെ ലോകം അദരിച്ചത് അദ്ദേഹത്തിന്റെ ബിരുദങ്ങൾ കണ്ടിട്ടല്ല; വരണ്ട ഭൂമിയിൽ വീണ്ടും ജീവൻ മുളപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതുകൊണ്ടാണ്. മനുഷ്യന്റെ യഥാർഥ മഹത്വം അയാൾ എത്രമാത്രം അറിവ് സന്പാദിച്ചു എന്നതില്ല, ആ അറിവുകൊണ്ട് എത്രമാത്രം നന്മ ചെയ്യാൻ കഴിഞ്ഞു എന്നതിലാണ്. അത് നമുക്ക് മറക്കാതിരിക്കാം.
Tags : SUNDAY DEEPIKA Hope Desert