കൊല്ലം: ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ ചികിത്സയിലായിരുന്ന രോഗി ആക്രമിച്ചു. കുരിപ്പുഴ സ്വദേശി സുരേഷ് ലാലിനാണ് പരിക്കേറ്റത്.
ചവറ സ്വദേശി സെബാസ്റ്റ്യനാണ് അക്രമം നടത്തിയത്. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു സംഭവം.
മദ്യപാനം നിർത്തിയതിലുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു നാലു ദിവസം മുമ്പാണ് സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിചരിക്കുകയായിരുന്ന സുരേഷിനെ ചികിത്സാമുറിയിൽ ഉണ്ടായിരുന്ന സ്റ്റാൻഡ് ഉപയോഗിച്ച് പിന്നിലൂടെ അടിയ്ക്കുകയായിരുന്നു.
സുരേഷിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. അക്രമിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എൻഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുരേഷിന്റെ മൊഴിയെടുത്തശേഷം മറ്റു നിയമനടപടികളിലേക്കു കടക്കുമെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു.