കണ്ണീർ വാതകത്തിന് എന്ത് രുചിയാണെന്ന് അറിയാൻ ഒട്ടുമിക്ക ആളുകൾക്കും ആഗ്രഹമുണ്ടാകാറുണ്ട്. ആ കൗതുകം കാരണം പൊട്ടിത്തെറിച്ച കണ്ണീർ വാതക ഷെല്ലിന് തൊട്ടടുത്തേക്ക് ഓടിച്ചെന്ന് അതിന്റെ 'രുചി' അനുഭവിച്ചറിഞ്ഞ ഒരു പ്രതിഷേധക്കാരന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
ബീഹാറിലെ പട്നയിൽ നടന്ന പ്രക്ഷോഭത്തിനിടയിലാണ് ഇന്റർനെറ്റിനെ ഒന്നാകെ ചിരിപ്പിച്ച ഈ വിചിത്ര സംഭവം അരങ്ങേറിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു.
എന്നാൽ ഭയന്നോടുന്നതിന് പകരം, പോലീസെറിഞ്ഞ പുകയിലേക്ക് കൗതുകത്തോടെ ഓടിച്ചെന്ന യുവാവ് പിന്നീട് ക്യാമറയ്ക്ക് മുന്നിൽ നൽകിയ റിവ്യൂ ആണ് ആളുകളെ ചിരിപ്പിച്ചത്.
നല്ല കടുപ്പമേറിയ സാധനമാണെന്നും, കണ്ണിൽ നിന്ന് മാത്രമല്ല മൂക്കിൽ നിന്നും വെള്ളം വരുന്നതിനൊപ്പം ചർമ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നും ഇയാൾ തമാശയായി വിവരിക്കുന്നു.
എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഗൗരവമേറിയ ഒരു പ്രതിഷേധത്തിനിടയിലും കാര്യങ്ങളെ വളരെ ലളിതമായും തമാശയായും നേരിട്ട ബീഹാറി യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചും കളിയാക്കിയും നിരവധി രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.