വാഷിംഗ്ടൺ ഡിസി: പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകൾ 500 എണ്ണം യുക്രെയ്നു വിൽക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം അനുമതി നല്കി.
റഷ്യൻ വ്യോമാക്രമണം നേരിടുന്ന യുക്രെയ്ന് ആശ്വാസം പകരുന്ന കാര്യമാണിതെങ്കിലും ഇന്റർസെപ്റ്റർ മിസൈലുകൾ ഉടനടി ലഭ്യമാകില്ല എന്നാണു റിപ്പോർട്ട്.
റഷ്യൻ മിസൈലുകളെ വെടിവച്ചിടാൻ യുക്രെയ്ന്റെ പക്കലുള്ള ഏക ആയുധമാണ് അമേരിക്കൻ നിർമിത പേട്രിയറ്റ്. ഇതിലുപയോഗിക്കുന്ന മിസൈലുകൾ തീർന്നതിനാൽ യുക്രെയ്ൻ കടുത്ത പ്രതിസന്ധി നേരിടുന്നു. അടുത്തകാലത്ത് റഷ്യൻ മിസൈൽ ആക്രമണത്തിൽ ആൾനാശവും മറ്റു നഷ്ടങ്ങളും വൻതോതിൽ വർധിച്ചിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയോടുള്ള അനിഷ്ടം പ്രകടിപ്പിച്ചിരിക്കേയുണ്ടായ തീരുമാനം അപ്രതീക്ഷിതമായി. 210 കോടി ഡോളറിനാണ് ഇത്രയും പേട്രിയറ്റ് മിസൈലുകൾ യുക്രെയ്നു നല്കുന്നതെന്ന് യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
കാനഡ, ജർമനി, നോർവേ തുടങ്ങിയ മിത്രരാജ്യങ്ങളാണ് യുക്രെയ്നുവേണ്ടി പണം മുടക്കുക. അമേരിക്കൻ ധനസഹായം ഇതിനില്ല.
അമേരിക്കൻ തീരുമാനത്തെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സ്വാഗതം ചെയ്തു. എന്നാൽ, മിസൈലുകൾ ലഭിക്കാൻ വർഷങ്ങൾ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷം 600 പേട്രിയറ്റ് മിസൈലുകളാണ് അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കന്പനി ഉത്പാദിപ്പിക്കുന്നത്. ഇറാൻ യുദ്ധത്തിലും ഈ മിസൈൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.