മട്ടന്നൂർ: കാര പേരാവൂർ തെളുപ്പിൽ പഴശി കനാൽ തകർന്നു വെള്ളം കയറിയ വീടുകളിൽ നിന്നു വെള്ളമിറങ്ങിയിട്ടും ദുരിതമൊഴിയാതെ വീട്ടുകാർ. രണ്ടുദിവസത്തിനു ശേഷമാണു വീടിനുള്ളിൽ കയറിയ വെള്ളമൊഴിഞ്ഞത്.
വെള്ളിയാഴ്ച അർധരാത്രിയാണു പഴശി പ്രധാന കനാൽ തകർന്നു നിരവധി വീടുകളിൽ വെള്ളം കയറിയത്. നാലുവീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. കനാലിന്റെ ഇരുവശങ്ങളും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു പൊളിച്ചു നീക്കിയാണു വെള്ളം തോട്ടിലേക്ക് ഒഴുക്കിവിട്ടത്. രണ്ടു ദിവസത്തെ തീവ്രശ്രമത്തിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെയാണു വെള്ളം വീടുകളിൽ നിന്ന് ഒഴിഞ്ഞത്.
ശനിയാഴ്ച രാത്രി വൈകിയും വെള്ളമൊഴുക്കി കളയാനുള്ള ശ്രമം തുടർന്നിരുന്നു. വെള്ളം കുത്തിയൊഴുകിയാൽ താഴെഭാഗത്ത് വീണ്ടും നാശമുണ്ടാകുന്നതിനാൽ ചെറിയ തോതിൽ മാത്രമാണു വെള്ളം ഒഴുക്കിവിട്ടത്. ഏറെ ദിവസങ്ങൾക്കുശേഷം മഴയുടെ ശക്തി കുറഞ്ഞതും പ്രവൃത്തിക്ക് സഹായകമായി.
സി. ഉത്തമൻ, സി. മധുസൂദനൻ, ചേലേരി പ്രശാന്തൻ, സി. കാഞ്ചന എന്നിവരുടെ വീടുകളാണു മുങ്ങിയത്. കനാലിന്റെ മറുഭാഗത്തെ കെ. അബ്ദുൾഖാദറിന്റെ വീട്ടുമതിൽ വെള്ളം കുത്തിയൊഴുകി തകർന്നു. വൻതോതിൽ മണ്ണും ചെളിയും വീട്ടിൽ അടിഞ്ഞുകൂടി. ഷംസുദ്ദീൻ, താഹിറ, അബ്ദുറഹ്മാൻ എന്നിവരുടെ വീടുകളിലും നാശനശഷ്ടമുണ്ടായി.
കീഴല്ലൂർ പഞ്ചായത്ത് ദുരന്തനിവാരണ സേന, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ, ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിലാണു വീടുകളുടെ ശുചീകരണം നടത്തിയത്. അപകടം നടന്ന വെള്ളിയാഴ്ച രാത്രി മുതൽ നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഉൾപ്പടെ പങ്കാളികളായത്.
ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാസേന, റവന്യു-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.