നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടക്കാൻ ബൈക്കുകൾ നടപ്പാതയിലേക്ക് കയറ്റിപ്പായുന്ന പ്രവണതയ്ക്കെതിരെ വേറിട്ട രീതിയിൽ പ്രതിഷേധിച്ച് കൈയടി നേടുകയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള മൂന്ന് ചെറുപ്പക്കാർ. ടോങ്ക് ഫട്ടക് പുലിയയ്ക്ക് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
പ്രധാന റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ പല ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരുടെ വഴിയിലൂടെ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഈ സമയം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവാക്കൾ ഇവർക്ക് വഴിമാറിക്കൊടുക്കാൻ തയാറായില്ല.
ബൈക്ക് യാത്രക്കാർ വിടാതെ പിന്നിൽ നിന്ന് തുടർച്ചയായി ഹോൺ അടിച്ചുകൊണ്ടിരുന്നെങ്കിലും, യുവാക്കൾ അത് പൂർണമായും അവഗണിച്ച് ശാന്തരായി മുന്നോട്ട് നടക്കുകയായിരുന്നു.
തർക്കങ്ങൾക്കോ വഴക്കുകൾക്കോ മുതിരാതെ സ്വന്തം അവകാശം നിശബ്ദമായി സ്ഥാപിച്ചെടുത്ത ഇവർക്ക് മുന്നിൽ ഒടുവിൽ ബൈക്കുകൾക്ക് വേഗത കുറച്ച് പതുക്കെ നീങ്ങേണ്ടി വന്നു.
സമീപത്തെ കാറിൽ യാത്ര ചെയ്തിരുന്ന വ്യക്തിയാണ് ഈ അപൂർവ നിമിഷം മൊബൈലിൽ പകർത്തിയത്. നടപ്പാത കാൽനടയാത്രക്കാർക്ക് മാത്രമുള്ളതാണെന്നും യുവാക്കൾ ചെയ്തതാണ് ശരിയെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നതും കേൾക്കാം.
ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായി മാറിയിട്ടുണ്ട്. തിരക്കുള്ള റോഡുകളിൽ നിന്ന് മാറി കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷിതമായി നടക്കാൻ നിർമ്മിച്ച വഴികൾ വാഹനങ്ങൾ കൈയേറുന്നത് വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
അനാവശ്യമായ തർക്കങ്ങളില്ലാതെ കൃത്യമായ സന്ദേശം നൽകിയ യുവാക്കളുടെ നടപടിയെ വൻ പിന്തുണയോടെയാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.