തിരുവനന്തപുരം: മുറിവുണക്കുന്ന ഔഷധഗുണമുള്ള മുറികൂട്ടി ഇലകൾക്ക് വയലറ്റ് നിറമാണ്. ഇവ അരച്ചാണ് പെട്രിയ പൂക്കൾക്കു നിറം നൽകിയിരിക്കുന്നത്. മൾബറിയുടെ ഇലകൾ അരച്ച് പെട്രിയ ചെടിയുടെ ഇലകൾ തീർത്തിരിക്കുന്നു. രക്തചന്ദനം ചാലിച്ച് പൂക്കൾക്കു നടുവിലെ കേസരാഗ്രം തീർത്തതോടെ ഉദ്യാനത്തിൽ പെട്രിയ പൂക്കൾ വിടർന്നു നിൽക്കുന്ന അതേ സൗന്ദര്യം! ഇലകളുടെ നേർത്ത ഞരമ്പുകൾ തീർത്തിരിക്കുന്നതു കരിക്കട്ട കൊണ്ടാണ് എന്നു കൂടി അറിയുക. ഇത് പ്രശസ്ത ചിത്രകാരനും കലാവിദ്ധഗ്ധനുമായ ജോർജ് ഫെർണാണ്ടസ് സൃഷ്ടിച്ച പ്രകൃതി സൗഹൃദ പെയിന്റിംഗുകൾ. മ്യൂസിയം ഓഡിറ്റോറിയത്തിൽ ഇന്നലെ ആരംഭിച്ച ജോർജ് ഫെർണാണ്ടസിന്റെ "ബാക്ക് ടു ദി റൂട്സ്' എന്ന ചിത്രകലാപ്രദർശനം അക്ഷരാർഥത്തിൽ നമ്മുടെ വേരുകളിലേക്കുള്ള മടക്കമാണ്.
ഫ്ലോറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ആണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിനു ഹാനികരമായ രാസവസ്തുക്കൾ ചേരാത്ത, വിഷരഹിതമായ നിറങ്ങളും പേപ്പറുകളും കൊണ്ടാണ് ഈ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർടേഷനിൽ
(സി ഐ എംആർ) നിന്നും വാങ്ങുന്ന കുളവാഴയും പൂക്കളും മറ്റും കൊണ്ടുണ്ടാക്കിയ പേപ്പറുകളിലാണ് ഈ പ്രകൃതിദത്തമായ പെയിന്റിംഗുകൾ. പേപ്പറിൽ ചാണകം കലക്കി തേച്ച് അവ ഉണങ്ങിയ ശേഷം അതിന്മേൽ വേപ്പ് കറ പുരട്ടിയാണ് പൂക്കളുടെയും പക്ഷികളുടെയും പെയിന്റിംഗ് ജോർജ് ഫെർണാണ്ടസ് ഒരുക്കിയിരിക്കുന്നത്.
വയലറ്റ്, ഇളം ചുവപ്പ് എന്നീ നിറത്തിലെ മനോഹരമായ പൂക്കൾ നിർമിച്ചത് ചുവന്ന കാബേജ്, ലവലോലിക്ക, കരിക്കട്ട എന്നിവ കൊണ്ടാണ് എന്ന് വിശ്വസിക്കാൻ പ്രയാസം.കടുക്, സവാളയുടെ തൊലി, ഉണങ്ങിയ പ്ലാവില, നെല്ലിക്കയുടെ ഇല, മഞ്ഞൾ, നീല അമരി, മൈലാഞ്ചി ഇലകൾ അങ്ങനെ നീളുന്നു പ്രകൃതിയിൽ നിന്നും കണ്ടെടുക്കുന്ന ചിത്രരചന കൂട്ടുകൾ.
2007 മുതൽ പ്രകൃതി സൗഹൃദ പെയിന്റിംഗുകളിൽ താല്പര്യമുള്ള ജോർജ് ഫെർണാണ്ടസ് ഇത്തരത്തിലെ മൂന്നു പ്രദർശനങ്ങൾ ഇതിനു മുൻപ് സംഘടിപ്പിച്ചിട്ടുണ്ട്. നാലാമത്തെ പ്രദർശനമാണ് ഇപ്പോൾ നടന്നുവരുന്നത്. കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇക്കോ ഫ്രണ്ട്ലി പെയിന്റിംഗു കളുടെ ഗവേഷണത്തിലാണ് ചിത്രകാരൻ. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മാത്യു ദാനിന്റെ നേതൃത്വത്തിലാണ് സ്വതന്ത്രമായ ഗവേഷണം. ഡോ. എം.ജി. ശശിഭൂഷൻ, ഡോ. പീതാംബരൻ, ഡോ. മുരുകൻ എന്നിവരുടെ പിന്തുണയും ഉണ്ട്. പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന പെയിന്റിംഗുകളുടെ നിലനിൽപ്പും ഗവേഷണത്തിന്റെ ഭാഗമാണ്.
ജോർജ് ഫെർണാണ്ടസിന്റെ 60 പെയിന്റിംഗുകൾ പ്രദർശനത്തിനുണ്ട്. ഇതുകൂടാതെ ശിഷ്യരുടെ 22 ചിത്രങ്ങളും കാണാം. പ്രശസ്ത ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം.ജി. ശശിഭൂഷൻ ഇന്നലെ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. മാത്യു ദാൻ, ഷിബുരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു.
കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഫ്ലോറ, പ്രകൃതിയെ തഴുകി ഒരു വർണപ്രപഞ്ചം എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. പ്രദർശനം ചൊവ്വാഴ്ച വരെ നീളും. ദിവസവും രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രദർശന സമയം.