തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ തുക വർധിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു.
പെൻഷൻ തുക കൂട്ടുകയാണെങ്കിൽ പ്രതിമാസം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നാണ് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ കെഎസ്ആർടിസി വലിയ വരുമാന നഷ്ടം നേരിടുകയാണെന്നും ദൈനംദിന ചെലവുകൾക്കു പോലും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
പെൻഷൻ പരിഷ്കരണം നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാടുമായി സർക്കാർ ഉത്തരവ് പുറത്തിറക്കിയതോടെ 15 വര്‍ഷമായി പെന്ഷന് പരിഷ്കരണം കാത്തിരിക്കുന്ന 43,000-ത്തോളം പെന്‍ഷന്‍കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പലരും 1,340 രൂപയും 4,500 രൂപയും മാത്രം പെന്ഷന് വാങ്ങുന്നവരാണ്.
ഇനി പെൻഷൻകാരെ സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. എന്നാല്‍, സാമ്പത്തിക പ്രശ്നം കൊണ്ടാണ് കെഎസ്ആടിസിയിലെ പെന്ഷന് പരിഷ്കരിക്കാത്തതെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.