പദ്ധതിയാരംഭിച്ച് ഫാത്തിമ തഹ്ലിയ എംഎൽഎ
പേരാമ്പ്ര: അഞ്ച് വർഷം കഴിഞ്ഞ് പേരാമ്പ്ര നിയോജക മണ്ഡലം എന്തായിരിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഫാത്തിമ തഹ്ലിയ എംഎൽഎ.
ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂർ, മേപ്പയൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ എന്നീ 10 പഞ്ചായത്തുകളിൽ പെട്ട ത്രിതല ജന പ്രതിനിധികളുടെ യോഗം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ നടത്തി. ഗൃഹ പാഠം നടത്തി അവതരിപ്പിക്കാനായി അഞ്ച് ചോദ്യങ്ങൾ എംഎൽഎ ഓരോ പഞ്ചായത്തിനും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തും സാധ്യമാക്കേണ്ടതായ വികസന പ്രവർത്തന റിപ്പോർട്ട് അതാത് പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിലവതരിപ്പിച്ചു.
പേരാമ്പ്ര ടൗണിന്റെ ശാപമായ മാലിന്യ പ്രശ്നം, മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട്, താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും വിപുലപ്പെടുത്തൽ, പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡിനായി നിർദ്ദേശിച്ച പുതിയ വഴി സംബന്ധിച്ച അന്വേഷണവും ഡിപിആർ തയാറാക്കലും, പേരാമ്പ്ര താലൂക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ, നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂൾ മോഡൽ വിദ്യാലയമാക്കൽ, കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ റീജണൽ സെന്ററിന്റെ സ്ഥാപനം, വെളിയന്നൂർ, ആവള പാണ്ടി കൃഷി യോഗ്യമാക്കൽ തുടങ്ങിയവയാണിത്. ഓരോ മാസവും പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റുമാരേയും മറ്റു ജന പ്രതികളേയും ഉൾപ്പെടുത്തി യോഗം ചേരും.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് സാരഥികളായ ഉമ്മർ തണ്ടോറ കൂത്താളി, നസീമ വാഴയിൽ ചങ്ങരോത്ത്, ലതിക വിനോദ് പേരാമ്പ്ര, മോളി തോമസ് ചക്കിട്ടപാറ, നളിനി നെല്ലൂർ ചെറുവണൂർ, ഷിജി കൊട്ടാരത്തിൽ നൊച്ചാട്, ടി. നിബിത മേപ്പയൂർ, അസീഫ പടന്നയിൽ തുറയൂർ, പി.പി.രമണി അരിക്കുളം, പി.കെ.ബാബു കീഴരിയൂർ എന്നിവരും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ദാമോദരൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുഷ സുഭാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മുനീർ എരവത്ത്, കെ.കെ.ഹനീഫ, ലത കെ.പൊറ്റയിൽ, ഷീബ, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് എന്നിവർ റിപ്പോർട്ടവതരണത്തിൽ പങ്കെടുത്തു. കില ട്രെയിനർ കെ. ഷാജി ക്ലാസെടുത്തു.