ലണ്ടൻ: സ്കിൻ കാൻസർ (മെലനോമ) ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിനു വഴിയൊരുക്കി ലോകത്തിലെ ആദ്യത്തെ വ്യക്തിഗത അർബുദ വാക്സിൻ പരീക്ഷണം വിജയം.
ശസ്ത്രക്രിയയ്ക്കുശേഷം അർബുദം വീണ്ടും വരാനുള്ള സാധ്യത അല്ലെങ്കിൽ രോഗികൾ മരിക്കാനുള്ള സാധ്യത 42 ശതമാനം വരെ കുറയ്ക്കാൻ ഈ വാക്സിനു സാധിച്ചതായി ക്ലിനിക്കൽ ട്രയലിന്റെ ഫലങ്ങൾ വ്യക്തമാക്കുന്നു.
ലോകപ്രശസ്ത മരുന്നുനിർമാണ കമ്പനികളായ എംഎസ്ഡിയും മോഡേണയും ചേർന്നാണ് ‘ഇന്റിസ്മെറാൻ’ എന്ന ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.
പരമ്പരാഗത ഇമ്യൂണോതെറാപ്പി മരുന്നായ ‘കെട്രൂഡ’യോടൊപ്പം ഈ വാക്സിൻകൂടി നൽകിയപ്പോൾ രണ്ടു വർഷത്തിനുള്ളിൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് അർബുദം പടരാനുള്ള സാധ്യത 38 ശതമാനം കുറഞ്ഞു. കോവിഡ് വാക്സിനുകളിൽ ഉപയോഗിച്ച അതേ എംആർഎൻഎ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇതു തയാറാക്കിയിരിക്കുന്നത്.
ഓരോ രോഗിയുടെയും ട്യൂമറിന്റെ ജനിതക ഘടന പരിശോധിച്ച് അവർക്കായി പ്രത്യേകം തയാറാക്കുന്നതാണ് ഈ വാക്സിൻ. ഇതു രോഗപ്രതിരോധ വ്യവസ്ഥയെ അർബുദ കോശങ്ങളെ തിരിച്ചറിഞ്ഞു നശിപ്പിക്കാൻ പരിശീലിപ്പിക്കുന്നു.
1,137 മെലനോമ രോഗികളിലാണു പരീക്ഷണം നടത്തിയത്. മെലനോമയ്ക്കു പുറമെ വൃക്ക, മൂത്രാശയം, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കുന്ന അർബുദങ്ങൾക്കെതിരേയും ഈ വാക്സിൻ പരീക്ഷിച്ചുവരികയാണ്. ക്ലിനിക്കൽ ട്രയലുകളുടെ അടുത്തഘട്ടം പൂർത്തിയാക്കി അടുത്ത വർഷത്തോടെ നിയന്ത്രണ ഏജൻസികളുടെ അംഗീകാരത്തിനായി അപേക്ഷിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.
യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജിയുടെ മാഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പരീക്ഷണത്തിന്റെ പൂർണവിവരങ്ങൾ അവതരിപ്പിക്കും. അടുത്ത തലമുറ കാൻസർ ചികിത്സയിലെ ഏറ്റവും വലിയ മുന്നേറ്റമായാണു വൈദ്യശാസ്ത്ര ലോകം ഈ നേട്ടത്തെ കാണുന്നത്.