പൂച്ചാക്കൽ: അമ്പതോ നൂറോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വികസനപദ്ധതികളാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം എന്നതിലുപരി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പെരുമ്പളം പാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. ദലീമ ജോജോ എംഎല്‍എ സ്വാഗതം പറഞ്ഞു. കെആര്‍എഫ്ബി പ്രൊജക്റ്റ് ഡയറക്ടര്‍ എം. അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രി പി. പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എ.എം. ആരിഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.
വേന്പനാട് കായലിന്റെ മനോഹര കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന. ടൂറിസം മേഖലയില്‍ വലിയ സാധ്യതകളുള്ള പെരുമ്പളത്തിന് പാലം പുതിയ വാതായനങ്ങള്‍ തുറന്നുനല്‍കും.
ആശംസ അറിയിച്ച് മമ്മൂട്ടി
പൂച്ചാക്കൽ: രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളവും ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ. സമയത്ത് ജോലിക്കെത്താൻ കഴിയാത്തതിന്റെ വേവലാതി. ഒരു കല്യാണ ആലോചന വന്നാൽ പോലും അക്കരെ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ. ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു, അരൂക്കുറ്റിയും വടുതലയും പെരുമ്പളവും ഒക്കെ. ഇപ്പോൾ അവയെല്ലാം ഒരു നാടായി.സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്നതാണ് യഥാർഥ വികസം എന്ന് ഞാൻ വിശ്വസിക്കുന്നു.ആ പാലത്തിന്റെ ആർച്ചുകളുടെ നിറങ്ങൾ പോലെ പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും. പുതിയ വേഗത്തിൽ പുത്തൻ നിറങ്ങളോടെ. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.